അബുദാബിക്ക് വീണ്ടും ഹരമായി ടി10 ക്രിക്കറ്റ് ടൂർണമെന്റ് : കിരീടത്തിനായി പോരാടുന്നത് 8 ടീമുകൾ

2 മാസ കാലം  അബുദാബിയെ ആവേശം കൊള്ളിച്ച ടി:20 ആരവത്തിന് ശേഷം ഇപ്പോൾ  കുട്ടിക്രിക്കറ്റിന്റെ മറ്റൊരു രൂപത്തിന്റെ ഹരത്തിലാണ് സയ്യദ് ക്രിക്കറ്റ് സ്റ്റേഡിയം. പത്തോവർ ഫോർമാറ്റിൽ നടക്കുന്ന ടി:10 ലീഗിനായി   ആകെ  8 ടീമുകൾ പരസ്പരം  മാറ്റുരയ്ക്കുയാണ്.  ബിസിസിഐ കൊറോണ മഹാമാരി കാലത്തിലും ഏറെ ഭംഗിയായി സംഘടിപ്പിച്ച ഐ.പി.എല്ലിന് ശേഷം ഗൾഫ് നാട്ടിൽ നടക്കുന്ന കുട്ടിക്രിക്കറ്റ് ടൂർണമെന്റ്  ഇന്നലെ ആരംഭിച്ചു.

ഫെബ്രുവരി  ആറിനാണ്  ടി:10 ലീഗിലെ വിജയിയെ കണ്ടെത്തുവാനുള്ള  കലാശപോരാട്ടം. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രമുഖ  താരങ്ങളായ ക്രിസ് ഗെയിൽ, ഡെയിൻ ബ്രാവോ, ഷാഹിദ് അഫ്രിദി അടക്കം നിരവധി പേർ അബുദാബിയിൽ  വ്യത്യസ്ത  ടീമുകൾക്കായി  പോരാടുവാൻ ഇറങ്ങുന്നത് .

ടി:10 ലീഗിൽ ആദ്യം  മത്സരങ്ങൾ നടക്കുന്നത്  ഗ്രൂപ്പ് ഘട്ടം  അനുസരിച്ചാണ്. അത് കഴിഞ്ഞ് സൂപ്പർ ലീഗ് പോരാട്ടം നടക്കും. 12 മത്സരങ്ങൾക്ക് ശേഷമാണ് സൂപ്പർ ലീഗ് പോരാട്ടം ആരംഭിക്കുക . പ്ലേ ഓഫ്  മത്സരങ്ങൾ ഫെബ്രുവരി മാസം  അഞ്ചിനും ഫൈനൽ ആറിനും നടക്കും. ഒരു ദിവസം മൂന്ന് മത്സരങ്ങൾ
വീതമാണ്  ലീഗിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.

മറാത്താ അറേബ്യൻസാണ് നിലവിലെ ടൂർണമെന്റ്  ചാമ്പ്യന്മാർ. ലീഗിൽ ഇത്തവണ  ഇവരെക്കൂടാതെ നോർത്തേൺ വാരിയേഴ്‌സ്, ബംഗ്ലാ ടൈഗേഴ്‌സ്, ഡെൽഹി ബുൾസ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ ഡെക്കാൺ ഗ്ലാഡിയേറ്റേഴ്‌സ്, ക്വാലഡേഴ്‌സ്, പൂനെ ഡെവിൾസ്, ടീം അബുദാബി എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്.