2025 ഐപിഎല്ലിലെ ഹൈദരാബാദും ലക്നൗവും തമ്മിൽ നടന്ന മത്സരത്തിനിടെ നാടകീയ മുഹൂർത്തങ്ങൾ. മത്സരത്തിൽ ഹൈദരാബാദ് താരം അഭിഷേക് ശർമയെ പുറത്താക്കിയ ശേഷം ലക്നൗവിന്റെ സ്പിന്നറായ ഡിഗ്വേഷ് റാത്തി പ്രകോപനപരമായ രീതിയിൽ ആഘോഷം നടത്തുകയുണ്ടായി.
ഇത് അഭിഷേക് ശർമയെ ചോടിപ്പിക്കുകയും പിന്നീട് മൈതാനത്ത് ഇരുവരും വാക്പോരിൽ ഏർപ്പെടുകയുമാണ് ചെയ്തത്. ശേഷം അമ്പയർമാരും ഇരു ടീമിലെയും കളിക്കാരും ചേർന്നാണ് ഇരു താരങ്ങളെയും സമാധാനിപ്പിച്ചത്. മുൻപും റാത്തി ഇത്തരത്തിൽ മൈതാനത്ത് പ്രകോപനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു ഹൈദരാബാദിന്റെ ഓപ്പണറായ അഭിഷേക് ശർമ കാഴ്ചവച്ചത്. 20 പന്തുകളിൽ 59 റൺസ് നേടാൻ അഭിഷേക് ശർമയ്ക്ക് സാധിച്ചു. 4 ബൗണ്ടറികളും 6 സിക്സറുകളുമായിരുന്നു താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഇതിന് ശേഷമാണ് റാത്തിയുടെ പന്തിൽ താക്കൂറിന് ക്യാച്ച് നൽകി അഭിഷേക് മടങ്ങിയത്.
ഇതിന് ശേഷം ഡിഗ്വേഷ് റാത്തി നടത്തിയ ആഘോഷമാണ് വിവാദങ്ങൾ സൃഷ്ടിച്ചത്. 82 റൺസിന്റെ കൂട്ടുകെട്ട് തകർത്ത ശേഷമാണ് അഭിഷേക് ശർമയെ റാത്തി കൂടാരം കയറ്റിയത്. ഇതിന് പിന്നാലെ തന്റെ ട്രേഡ്മാർക്ക് ആഘോഷമായ നോട്ടുബുക്ക് സെലിബ്രേഷൻ നടത്താനും ഡിഗ്വേഷ് മറന്നില്ല.
ഇതുകണ്ട് ദേഷ്യത്തിലായ അഭിഷേക് ശർമ താൻ നടന്നുപോയ വഴിയിൽ നിന്ന് തിരികെ വരുകയായിരുന്നു. ശേഷം ബോളറുടെ അടുത്തേക്ക് ദേഷ്യത്തോടെ അഭിഷേക് നടന്നെടുത്തു. ഇരുവരും തമ്മിൽ പരസ്പരം സംസാരിക്കാനും തുടങ്ങി. ഉടൻതന്നെ ഓൺഫീൽഡ് അമ്പയർ ഇക്കാര്യത്തിൽ കൃത്യമായി ഇടപെടുകയും കാര്യങ്ങൾ കൂടുതൽ വഷളാവാതെ ഇരുവരെയും പിടിച്ചു മാറ്റുകയുമാണ് ചെയ്തത്. പുതിയ ബാറ്ററായ ക്ലാസൻ ക്രീസിൽ എത്തുന്നതിന് മുൻപ് റാത്തിയോട് കുറച്ചധികം സമയം അമ്പയർമാർ സംസാരിച്ചിരുന്നു.
എന്നാൽ മത്സരത്തിന് ശേഷം അഭിഷേക് ശർമയും റാത്തിയും പരസ്പരം ഹസ്തദാനം നൽകിയാണ് പിരിഞ്ഞത്. “മത്സരത്തിന് ശേഷം ഞാൻ അവനുമായി സംസാരിച്ചിരുന്നു. ഇപ്പോൾ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ല.”- അഭിഷേക് ശർമ പറയുകയുണ്ടായി. മത്സരത്തിൽ തകർപ്പൻ പ്രകടനം തന്നെയായിരുന്നു ഹൈദരാബാദ് കാഴ്ചവച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 205 റൺസാണ് നിശ്ചിത 20 ഓവറുകളിൽ നേടിയത്. മറുപടി ബാറ്റിംഗിൽ അഭിഷേക് ശർമയുടെയും ക്ലാസന്റെയും മികവിൽ ഈ സ്കോർ മറികടന്ന് വിജയം സ്വന്തമാക്കാൻ ഹൈദരാബാദിന് സാധിച്ചു. ഇതോടെ ലക്നൗ ടൂർണമെന്റിൽ നിന്ന് പുറത്തായിട്ടുണ്ട്.