❝ഞാന്‍ നേരത്തെ ഔട്ടായത് നന്നായി❞ സ്വയം ട്രോളി ആരോണ്‍ ഫിഞ്ച്

ലോകകപ്പ് ഫൈനലില്‍ താന്‍ വേഗം ഔട്ടായത് നിര്‍ണായകമായി എന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ന്യൂസിലന്‍റിനെതിരെയുള്ള മത്സരത്തില്‍ 5 റണ്‍ നേടി മൂന്നാം ഓവറിലാണ് ആരോണ്‍ ഫിഞ്ച് പുറത്തായത്. മത്സരത്തിനു ശേഷമുള്ള പത്ര സമ്മേളനത്തിലാണ് ഫിഞ്ച് സ്വയം ട്രോളിയത്.

ഫിഞ്ച് പുറത്തായതിനു ശേഷം ക്രീസില്‍ എത്തിയ മിച്ചല്‍ മാര്‍ഷും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 92 റണ്‍സാണ് കൂട്ടി ചേര്‍ത്തത്.

“യഥാര്‍ഥത്തില്‍ ഞാന്‍ ഔട്ടായതാണ് കളിയുടെ വഴിത്തിരിവിന് കാരണമായത്. ഞാന്‍ ഔട്ടായതുകൊണ്ടാണ് മിച്ചല്‍ മാര്‍ഷിന് ക്രീസിലെത്താനും ഡേവിക്കൊപ്പം മനോഹരമായ ഇന്നിങ്‌സ് കളിക്കാനും സാധിച്ചത്. മാര്‍ഷിന്റെ ഇന്നിങ്‌സ് എല്ലാ അര്‍ത്ഥത്തിലും ഗംഭീരം തന്നെ ആയിരുന്നു. ന്യൂസിലന്‍ഡിനെ സമ്മര്‍ദത്തിലാക്കിയ രീതി ആ സമയത്തിന്റെ ആവശ്യം കൂടിയായിരുന്നു ” മത്സരശേഷം ആരോണ്‍ ഫിഞ്ച് പറഞ്ഞു.

ഇതാദ്യാമായാണ് ഓസ്ട്രേലിയ ടി20 ലോകകപ്പ് നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ ഏഴ് പന്ത് ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു.