സഞ്ജു പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. രാജാസ്ഥന്റെ പരാജയം ഇക്കാരണങ്ങൾ കൊണ്ട്.

കഴിഞ്ഞ കുറിച്ചധികം മത്സരങ്ങളായി ഒരുപാട് പ്രശ്നങ്ങൾ നേരിടുകയാണ് രാജസ്ഥാൻ റോയൽസ് ടീം. ബാറ്റിങ്ങിലും ബോളിങ്ങിലും വമ്പന്മാർ അണിനിരന്നിട്ടും വിജയങ്ങൾ രാജസ്ഥാന്റെ കൈപ്പിടിയിൽ നിന്ന് അകന്നുപോകുന്നു. പരാജയമറിഞ്ഞ മൂന്ന് മത്സരങ്ങളും രാജസ്ഥാന് അനായാസം വിജയിക്കാൻ സാധിക്കുന്നവയായിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ രാജസ്ഥാൻ കളിക്കാർ തിളങ്ങാതെ വരുന്നത് അവരെ ബാധിക്കുന്നുണ്ട്. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ പരാജയത്തിന് ഒരു പ്രധാന കാരണം സഞ്ജു സാംസണിന്റെ ഫോമാണ് എന്നാണ് ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ സഞ്ജുവിന്റെ മോശം പ്രകടനത്തിനുശേഷം സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര. “രാജസ്ഥാൻ വലിയ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഓപ്പണർ ജോസ് ബട്ലർ അവർക്കുവേണ്ടി മികച്ച രീതിയിൽ കളിക്കുന്നില്ല. സാധാരണ അയാൾ വെടിക്കെട്ട് തീർക്കാറുണ്ട്. എന്നാൽ ഈ വർഷം അത് സാധിക്കുന്നില്ല. അയാൾക്ക് ലഭിച്ച തുടക്കം മികച്ചതായിരുന്നു. പക്ഷേ ഇപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി. ഒപ്പം സഞ്ജു സാംസനും ടീമിനായി ഒരുതരത്തിലും സ്കോറിംഗ് ചെയ്യാൻ സാധിക്കുന്നില്ല.”- ചോപ്ര പറയുന്നു.

image

“രാജസ്ഥാന്റെ ടീം എല്ലായിപ്പോഴും നല്ലതുതന്നെയാണ്. അവരുടെ ടീമിൽ ഹെറ്റ്മെയ്ർ, ധ്രുവ് ജൂറൽ, ദേവദത്ത് പടിക്കൽ എല്ലാവരുമുണ്ട്. അതിനാൽ തന്നെ ടീം നല്ലതാണ് എന്ന് പറയാൻ സാധിക്കും. പക്ഷേ പ്രധാനപ്പെട്ട രണ്ട് കളിക്കാർ അവർക്കായി സ്കോർ ചെയ്യുന്നില്ല. അത് രാജസ്ഥാനെ സംബന്ധിച്ച് വലിയ പ്രശ്നം തന്നെയാണ്. മാത്രമല്ല മുംബൈയിൽ ടോസ് നേടിയ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുത്തത് എന്നെ അത്ഭുതപ്പെടുത്തി. മുംബൈ പിച്ചിൽ അങ്ങനെ നമ്മൾ ചെയ്യാൻ പാടില്ല. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ മഞ്ഞുതുള്ളികൾ വരുന്നതിനാൽ തന്നെ എല്ലാ ടീമുകളും മുംബൈയിൽ ചെയ്സ് ചെയ്യാറാണ് ഉള്ളത്.”- ചോപ്ര കൂട്ടിച്ചേർത്തു.

മുംബൈയ്ക്കെതിരായ മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. 213 എന്ന വമ്പൻ സ്കോർ രാജസ്ഥാന്‍ നേടിയ മത്സരത്തില്‍ 10 പന്തുകളിൽ 14 റൺസ് മാത്രമാണ് സഞ്ജു നേടിയത്. മാത്രമല്ല രാജസ്ഥാൻ ഇന്നിങ്സിന്റെ നിർണായകസമയത്ത് ആയിരുന്നു സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായത്. ഇത് രാജസ്ഥാൻ സ്കോറിങ്ങിന്റെ ഒഴുക്ക് ഇല്ലാതെയാക്കാൻ കാരണമായി മാറി. എന്തായാലും വരും മത്സരങ്ങളിൽ സഞ്ജു മികച്ച പ്രകടനങ്ങളോടെ തിരിച്ചുവരും എന്നാണ് പ്രതീക്ഷ.