ഇവർ പരമ്പരയിൽ ഇന്ത്യയുടെ വിജയശില്പികളാകും : വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

ഫെബ്രുവരി അഞ്ചാം തീയതി ചെന്നൈയിലെ എം .എ ചിദംബരം സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തോടെ തുടക്കമാകുന്ന ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്  വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള  രണ്ട്‌  താരങ്ങളെ കുറിച്ച് ഇപ്പോൾ  പ്രവചനം നടത്തിയിരിക്കുകയാണ്  മുന്‍ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ  ആകാഷ് ചോപ്ര.

ചേതേശ്വര്‍ പുജാരയും ഓഫ്‌ സ്പിന്നർ  ആര്‍ അശ്വിനുമായിരിക്കും ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ തിളങ്ങുന്ന ഇന്ത്യൻ  താരങ്ങളെന്ന്  ചോപ്ര  അഭിപ്രായപ്പെട്ടു .തന്റെ പ്രവചനത്തിനുള്ള  കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു.

ശക്തമായ  ബാറ്റിംഗ് ബൗളിംഗ് മികവുള്ള ടീമുമായിട്ടാണ്  ഇന്ത്യ ഇംഗ്ലണ്ട് എതിരെ കളിക്കുവാൻ ഇറങ്ങുന്നത് . പരിക്കേറ്റ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ടെസ്റ്റിലെ സ്ഥിരം താരങ്ങളെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ട്. . തന്റെ  യൂട്യൂബ് ചാനലിലെ  വീഡിയോയില്‍ ആരാധകരുടെ ചോദ്യങ്ങൾക്ക്  മറുപടിയായാണ് ഇന്ത്യയുടെ പരമ്പരയിലെ  പ്രധാന  താരങ്ങള്‍ ചേതേശ്വർ  പുജാരയും അശ്വിനുമായിരിക്കുമെന്ന് ചോപ്ര വ്യക്തമാക്കിയത്.

ഏതൊരു ടെസ്റ്റ് മത്സരങ്ങളെയും  സംബന്ധിച്ചിടത്തോളം കളി ജയിക്കാന്‍  എതിർ ടീമിന്റെ വിക്കറ്റുകള്‍ വീഴ്‌ത്തേണ്ടതുണ്ട് .ഇതിനായി ഇന്ത്യൻ ടീം നായകൻ പലപ്പോഴും അശ്വിനെ തന്നെ നോക്കും.  ഇന്ത്യൻ മണ്ണിൽ അശ്വിന്റെ നേട്ടങ്ങൾ അത്ര വലുതാണ് .ഇത്തവണ  തന്റെ സ്പിൻ പങ്കാളി രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം വര്‍ധിക്കും. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നന്നായി  തിളങ്ങണമെങ്കിൽ  നിര്‍ണായക താരമാവേണ്ടത് അശ്വിനാണെന്നും ചോപ്ര പറഞ്ഞു.

നായകൻ കോലിയെയും ഉപനായകൻ  രോഹിത്തിനെയും പിന്തള്ളി പുജാര പരമ്പരയിലെ  റണ്‍വേട്ടക്കാരനാവാന്‍ നല്ല സാധ്യതയുണ്ട്. പതിവ് പോലെ  ഏറ്റവുമധികം ബോളുകള്‍ നേരിടുക പുജാരയായിരിക്കും, ഒപ്പം കൂടുതല്‍ റണ്‍സെടുക്കുന്ന താരമാവാനും അദ്ദേഹത്തിനാവും. നടക്കുവാൻ പോകുന്ന  ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയില്‍ പുജാരയില്‍ എനിക്കു വലിയ പ്രതീക്ഷകളുണ്ട്, ഒപ്പം ബൗളിങില്‍ അശ്വിനില്‍ നിന്നും ഏറെ താൻ  പ്രതീക്ഷിക്കുന്നതായി ചോപ്ര കൂട്ടിച്ചേര്‍ത്തു.