അവൻ വൈകാതെ ഇന്ത്യൻ ടീമിൽ എത്തും – ഐപിഎല്ലിലെ യുവ ഓപ്പണറെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

ഇന്നലെ നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് :കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയത് കൊൽക്കത്ത ഓപ്പണർ നിതീഷ് റാണയായിരുന്നു .തുടക്കത്തിൽ മിന്നും ബാറ്റിംഗ് കാഴ്ചവെച്ച താരം കൊൽക്കത്ത ടീമിന് 188 റൺസെന്ന വലിയ ടോട്ടൽ സമ്മാനിച്ചു ..റാണ 56 പന്തിൽ 9 ഫോറും 4 സിക്സറും പായിച്ചാണ് 80 റൺസ് അടിച്ചെടുത്തത് .
142.86 പ്രഹരശേഷിയിൽ റൺസ് കണ്ടെത്തിയ താരം സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തം പേരിലാക്കും എന്ന് കരുതിയെങ്കിലും നബിയുടെ പന്തിൽ വിജയ് ശങ്കർ പിടിച്ച് പുറത്തായി .

കഴിഞ്ഞ ഐപിൽ സീസണിലും സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത നിതീഷ് റാണയെ വാനോളം പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര .വൈകാതെ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലും നിതീഷ് റാണ ഇടം കണ്ടെത്തുമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം .

മുൻ ഇന്ത്യൻ താരം പറയുന്നത് ഇപ്രകാരമാണ് “കെകെആറിന് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ എല്ലാം അതിഗംഭീരം ബാറ്റിങ്ങാണ് റാണ ടീമിനായി  കാഴ്ചവെച്ചത്. ഇതേപോലെ തന്നെ അവന്‍ ഇനിയും ഈ സീസണിൽ  കളിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വിദൂരമല്ല. അതിന് സാധ്യതകളുണ്ട്. ഇത്തരത്തിലൊരു പിച്ചില്‍ ന്യൂബോളില്‍ ആധിപത്യം സ്ഥാപിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ശുഭ്മാന്‍ ഗില്ലിനെക്കാളും ആധിപത്യത്തോടെ കളിക്കാന്‍ അവന് സാധിക്കുന്നു. അവന്റെ കളി ശൈലിയും ബാറ്റിംഗ് ടെക്‌നിക്കും വളരെയേറെ  മികച്ചതാണ് ” ആകാശ് ചോപ്ര തന്റെ അഭിപ്രായം വിശദമാക്കി  .ഇന്നലെ ഹൈദരാബാദിനെതിരായ മത്സരത്തിലെ  പ്രകടനത്തിലൂടെ ഐപിഎല്ലില്‍ 1500 റണ്‍സും താരം പൂര്‍ത്തിയാക്കി.