9 റൺസ് വഴങ്ങി 4 വിക്കറ്റ്. അക്ഷയ് ചന്ദ്രന് മുമ്പിൽ മുട്ടുമടക്കി ട്രിവാൻഡ്രം. ആലപ്പിയ്ക്ക് വമ്പൻ വിജയം.

GXRslteXUAAicMC e1726146533213

കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രത്തിനെതിരായ മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ആലപ്പി ടീം. 52 റൺസിന്റെ വമ്പൻ വിജയമാണ് ആലപ്പി മത്സരത്തിൽ സ്വന്തമാക്കിയത്. അക്ഷയ് ചന്ദ്രന്റെ വെടിക്കെട്ട് ബോളിംഗ് പ്രകടനമാണ് മത്സരത്തിൽ ആലപ്പിയ്ക്ക് ഇത്ര മികച്ച വിജയം സമ്മാനിച്ചത്.

മത്സരത്തിൽ 4 വിക്കറ്റുകൾ സ്വന്തമാക്കാൻ അക്ഷയ് ചന്ദ്രന് സാധിച്ചിരുന്നു. ബാറ്റിംഗിൽ നായകൻ അസറുദ്ദീൻ അടക്കമുള്ളവർ ആലപ്പിയ്ക്ക് ആവശ്യമായ സംഭാവനകളും നൽകി. പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലായിരുന്ന ആലപ്പിയെ സംബന്ധിച്ച് ഒരു ആശ്വാസവിജയം തന്നെയാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.

ടോസ് നേടിയ ട്രിവാൻഡ്രം റോയൽസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആലപ്പി ടീമിനായി മികച്ച തുടക്കമാണ് നായകൻ അസറുദ്ദീനും കൃഷ്ണപ്രസാദും നൽകിയത്. ആദ്യ വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. നായകൻ അസറുദ്ദീൻ 23 പന്തുകളിൽ 3 ബൗണ്ടറികളും ഒരു സിക്സറുമടക്കം 34 റൺസ് നേടുകയുണ്ടായി.

കൃഷ്ണ പ്രസാദ് 37 റൺസാണ് മത്സരത്തിൽ നേടിയത്. എന്നാൽ ശേഷമെത്തിയ ബാറ്റർമാർ മികവ് പുലർത്താതിരുന്നത് ആലപ്പി ടീമിനെ ബാധിക്കുകയായിരുന്നു. അവസാന ഓവറുകളിൽ അതുൽ മാത്രമാണ് അല്പമെങ്കിലും പൊരുതാൻ ശ്രമിച്ചത്.

Read Also -  അടിച്ചു തൂക്കിക്കൊള്ളാൻ ഗംഭീറും സൂര്യയും പറഞ്ഞു, ഞാനത് ചെയ്തു. മത്സര സാഹചര്യത്തെ പറ്റി റിങ്കു സിംഗ്.

15 പന്തുകളിൽ ഒരു ബൗണ്ടറിയും 2 സിക്സറുകളുമടക്കം 22 റൺസ് അതുൽ നേടുകയുണ്ടായി. ഇതോടെ 20 ഓവറുകളിൽ 125 എന്ന ഭേദപ്പെട്ട സ്കോറിൽ ആലപ്പി എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ട്രിവാൻഡ്രം റോയൽസിന് ഒരു ബാറ്റിംഗ് ദുരന്തം തന്നെയാണ് ഉണ്ടായത്. തുടക്കം മുതൽ നിരന്തരമായി ട്രിവാൻഡ്രത്തിന് തങ്ങളുടെ വിക്കറ്റ് നഷ്ടമായി. ക്രീസിലുറയ്ക്കാൻ ശ്രമിച്ച എല്ലാ ബാറ്റർമാരും നിലയുറപ്പിക്കാൻ ആവാതെ മടങ്ങുന്നതാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനമായിരുന്നു ആലപ്പിയുടെ ബോളർമാർ കാഴ്ചവച്ചത്.

മത്സരത്തിൽ കേവലം 73 റൺസ് മാത്രമാണ് ട്രിവാൻഡ്രം ടീമിന് നേടാൻ സാധിച്ചത്. ആലപ്പിക്കായി അക്ഷയ് ചന്ദ്രനാണ് ബോളിങ്ങിൽ മികവ് പുലർത്തിയത്. 4 ഓവറുകളിൽ 9 റൺസ് മാത്രം വിട്ടുനൽകിയ അക്ഷയ് ചന്ദ്രൻ 4 വിക്കറ്റുകളും സ്വന്തമാക്കി. ഫനൂസും റിഷാബും 2 വിക്കറ്റുകൾ വീതം മത്സരത്തിൽ നേടി. ഇങ്ങനെ 52 റൺസിന്റെ കൂറ്റൻ വിജയം ആലപ്പി മത്സരത്തിൽ സ്വന്തമാക്കുകയായിരുന്നു. ടൂർണമെന്റിലെ ആലപ്പിയുടെ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്.

Scroll to Top