31 വയസായി, ഇത് വരെയും സഞ്ജുവിന് സ്ഥിരതയില്ല. വിമർശനവുമായി മുൻ ക്രിക്കറ്റ്‌ താരം.

തന്റെ അസ്ഥിരതയാർന്ന പ്രകടനങ്ങൾ മൂലമാണ് മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിര സാന്നിധ്യമായി മാറാൻ സാധിക്കാത്തത് എന്ന് തുറന്നു പറഞ്ഞു മുന്‍ ഇന്ത്യൻ താരം ദേവങ്ക് ഗാന്ധി. സമീപകാലത്ത് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ഷോർട്ട് ബോളുകൾക്കെതിരെ സഞ്ജു സാംസൺ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു എന്ന് ഗാന്ധി പറയുകയുണ്ടായി. നിലവിൽ 15 അംഗങ്ങളടങ്ങിയ ഇന്ത്യയുടെ ഏഷ്യാകപ്പ് സ്‌ക്വാഡിൽ സ്ഥാനം പിടിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാൽ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ ഇടം ലഭിക്കുമോ എന്ന കാര്യം സംശയത്തിലാണ്.

ഈ അവസരത്തിലാണ് വ്യത്യസ്തമായ പ്രസ്താവനയുമായി ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. ഒരിക്കലും സഞ്ജു സാംസണിനെ പോലെ ഒരു താരത്തിന്റെ കഴിവിനെ നമുക്ക് അവഗണിക്കാൻ സാധിക്കില്ല എന്നാണ് ഗാന്ധി പറഞ്ഞത്. എന്നിരുന്നാലും നിലവിൽ 31കാരനായ സഞ്ജുവിന് ടീമിൽ സ്ഥാനമുറപ്പിക്കാൻ സാധിക്കാതെ വരുന്നത് അസ്ഥിരതയാർന്ന പ്രകടനങ്ങളും നിർഭാഗ്യവും കൊണ്ടാണ് എന്ന് ഗാന്ധി സമ്മതിക്കുന്നു. എന്നാൽ ഇപ്പോഴെങ്കിലും സഞ്ജു തന്റെ പൂർണമായ കഴിവ് പുറത്തെടുക്കേണ്ടതുണ്ട് എന്ന് ഗാന്ധി കൂട്ടിച്ചേർത്തു.

“സഞ്ജു സാംസണിന്റെ കഴിവിനെ ഒരിക്കലും നമുക്ക് അവഗണിക്കാൻ സാധിക്കില്ല. എന്നിരുന്നാലും ഇപ്പോൾ അവൻ 31കാരനാണ്. ഇതുവരെയും ടീമിൽ തന്റെ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. ഇതിനുള്ള പ്രധാന കാരണം അവന്റെ അസ്ഥിരതയാർന്ന പ്രകടനങ്ങളാണ്. ഐപിഎല്ലിൽ പോലും അവന് സ്ഥിരത പുലർത്താൻ സാധിക്കാറില്ല. ഷോർട്ട് ബോളുകൾ കളിക്കുമ്പോൾ സഞ്ജു ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജു ഇത്തരത്തിൽ ഷോർട്ട് ബോളുകളിൽ പരാജയപ്പെടുകയുണ്ടായി. എന്നിരുന്നാലും വരുന്ന മത്സരങ്ങളിൽ മികവ് പുലർത്തിയാൽ സഞ്ജുവിന് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ കഴിയും.”- ഗാന്ധി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ കേവലം 51 റൺസ് മാത്രമായിരുന്നു സഞ്ജു സാംസണിന് നേടാൻ സാധിച്ചത്. മാത്രമല്ല പരമ്പരയിലെ 5 മത്സരങ്ങളിലും ക്യാച്ച് നൽകിയായിരുന്നു സഞ്ജു പുറത്തായത്. നിരന്തരമായി സഞ്ജു ഷോർട്ട് ബോളുകളിൽ പുറത്താകുന്നതും മത്സരത്തിൽ കണ്ടു. ഇത്തരമൊരു സാഹചര്യത്തിലാണ് സഞ്ജുവിനെതിരെ വിമർശനവുമായി മുൻതാരം രംഗത്തെത്തിയത്. എന്നിരുന്നാലും ഏഷ്യാകപ്പിൽ ഈ തെറ്റുകൾ തിരുത്തി സഞ്ജു തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.