ഇത് പുതിയ ശ്രീലങ്ക. രണ്ടാം ടെസിലും കിവികളെ തുരത്തി. പരമ്പര നേട്ടം.

388142

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും അത്യുഗ്രൻ വിജയം സ്വന്തമാക്കി ശ്രീലങ്ക. മത്സരത്തിൽ ഒരു ഇന്നിംഗ്സിന്റെയും 154 റൺസിന്റെയും കൂറ്റൻ വിജയമാണ് ശ്രീലങ്കൻ ടീം സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കാൻ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു.

ഇതോടെ 2-0 എന്ന നിലയിൽ പരമ്പര ശ്രീലങ്ക സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ പുതിയ കോച്ചായ ജയസൂര്യയുടെ കീഴിൽ വമ്പൻ പ്രകടനങ്ങളാണ് ശ്രീലങ്ക എല്ലാ ഫോർമാറ്റിലും കാഴ്ച വച്ചിരിക്കുന്നത്. ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കുള്ള ശ്രീലങ്കയുടെ വാതിൽ തുറന്നിരിക്കുകയാണ്.

മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്കൻ ടീം കാഴ്ചവച്ചത്. ശ്രീലങ്കയ്ക്കായി ആദ്യ ഇന്നിങ്സിൽ 3 താരങ്ങൾ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. 250 പന്തുകളിൽ 182 റൺസാണ് കമിന്ദു മെൻഡിസ് നേടിയത്. 16 ബൗണ്ടറികളും 4 സിക്സറുകളും മെൻഡിസിന്റെ ഇന്നീങ്‌സിൽ ഉൾപ്പെട്ടു ചന്തിമൽ 208 പന്തുകളിൽ 116 റൺസ് നേടി.

16 ബൗണ്ടറികളാണ് ചന്തിമലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ശേഷം കുശാൽ മെൻഡിസും തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയതോടെ ശ്രീലങ്ക ഒരു റെക്കോർഡ് സ്കോറിൽ എത്തുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 602 റൺസാണ് ശ്രീലങ്ക നേടിയത്.

മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലാൻഡിന് തുടക്കം തന്നെ പിഴച്ചു. എല്ലാ ബാറ്റർമാരും തുടരെ കൂടാരം കയറിയതോടെ ന്യൂസിലാൻഡ് തകർന്നുവീണു. ഇടംകയ്യൻ സ്പിന്നറായ പ്രഭാത് ജയസൂര്യയാണ് ശ്രീലങ്കൻ നിരയിൽ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ചത്. ഇന്നിംഗ്സിൽ 6 വിക്കറ്റുകൾ സ്വന്തമാക്കാൻ ജയസൂര്യയ്ക്ക് സാധിച്ചു. പീരിസ് 3 വിക്കറ്റുകളും നേടിയതോടെ ന്യൂസിലാൻഡ് അടിയറവ് പറയുകയായിരുന്നു. ന്യൂസിലാൻഡ് നിരയിൽ 29 റൺസ് നേടിയ സാന്റ്നർ മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ കിവികളുടെ ഇന്നിംഗ്സ് കേവലം 88 റൺസിൽ അവസാനിച്ചു. പിന്നീട് ശ്രീലങ്ക ഫോളോഓൺ ആവശ്യപ്പെടുകയായിരുന്നു.

Read Also -  അടിച്ചു തൂക്കിക്കൊള്ളാൻ ഗംഭീറും സൂര്യയും പറഞ്ഞു, ഞാനത് ചെയ്തു. മത്സര സാഹചര്യത്തെ പറ്റി റിങ്കു സിംഗ്.

തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ കരുതലോടെ കളിക്കാൻ ന്യൂസിലാൻഡ് ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വീണ്ടും വിക്കറ്റ് നഷ്ടമായി. മികച്ച തുടക്കം ലഭിച്ച ന്യൂസിലാൻഡ് ബാറ്റർമാർക്ക് പോലും മത്സരത്തിൽ വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല. കോൺവെ രണ്ടാം ഇന്നിങ്സിൽ 61 റൺസ് നേടിയപ്പോൾ, വിക്കറ്റ് കീപ്പർ ബ്ലെൻഡൽ 60 റൺസാണ് നേടിയത്. ശേഷം മധ്യനിര ബാറ്റർമാരൊക്കെയും പോരാട്ടം നയിച്ചു.

ഫിലിപ്സ് 78 റൺസും സാന്റ്നർ 67 റൺസും നേടി. എന്നാൽ ന്യൂസിലാൻഡിന് ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോർ മറികടക്കാൻ ഇതൊന്നും പോരായിരുന്നു. ന്യൂസിലാൻഡിന്റെ രണ്ടാം ഇന്നിങ്സ് 360 റൺസിൽ അവസാനിക്കുകയും, മത്സരത്തിൽ ഒരു ഇന്നിംഗ്സിന്റെയും 154 റൺസിന്റെയും കൂറ്റൻ വിജയം ശ്രീലങ്കയ്ക്ക് സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു.

Scroll to Top