ഓസ്ട്രേലിയക്കെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിലും ഒരു ആവേശകരമായ വിജയം സ്വന്തമാക്കി ഇന്ത്യ. അവസാന ബോൾ വരെ ആവേശം അണപൊട്ടിയ മത്സരത്തിൽ അർഷദീപ് സിംഗിന്റെ ഒരു കിടിലൻ ഡെത്ത് ഓവറാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അവസാന ഓവറിൽ ഓസ്ട്രേലിയക്ക് 10 റൺസ് വിജയിക്കാൻ വേണമെന്നിരിക്കെ, അവിശ്വസനീയ ബോളിംഗ് പ്രകടനമാണ് അർഷദീപ് കാഴ്ചവച്ചത്.
ഇത് ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യരാണ് മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത്. ബോളിംഗിൽ മുകേഷ് കുമാർ, അർഷദീപ്, രവി ബിഷനോയി എന്നിവർ മികവ് പുലർത്തുകയായിരുന്നു. മത്സരത്തിൽ 6 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അത്ര അനുകൂലമല്ലാതിരുന്ന പിച്ചിൽ തരക്കേടില്ലാത്ത തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണർമാർ നൽകിയത്. എന്നാൽ പവർപ്ലേ ഓവറുകളിൽ തന്നെ ഓപ്പണർമാരായ ജെയിസ്വാളിനെയും(21) ഋതുരാജിനെയും(10) പുറത്താക്കാൻ ഓസ്ട്രേലിയയുടെ ബോളർമാർക്ക് സാധിച്ചു.
ശേഷം മൂന്നാമനായി എത്തിയ ശ്രേയസ് അയ്യരായിരുന്നു ഇന്ത്യക്കായി ക്രീസിലുറച്ചത്. ഒരു വശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായപ്പോഴും മറുവശത്ത് ശ്രേയസ് അയ്യർ പക്വതയാർന്ന ഇന്നീങ്‌സാണ് കാഴ്ചവെച്ചത്. ആദ്യം ജിതേഷ് ശർമയുമൊപ്പം(24) ചേർന്നാണ് ശ്രേയസ് അയ്യര്‍ ഒരു മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്തത്.
പിന്നീട് അവസാന ഓവറുകളിൽ അക്ഷർ പട്ടേലിനൊപ്പം(31) ചേർന്ന് ഇന്ത്യക്കായി പൊരുതാൻ അയ്യർക്ക് സാധിച്ചു. മത്സരത്തിൽ 37 പന്തുകളിൽ 5 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 53 റൺസ് ആയിരുന്നു അയ്യർ നേടിയത്. അയ്യരുടെ ഈ മികവാർന്ന ബാറ്റിംഗിന്റെ ബലത്തിലായിരുന്നു ഇന്ത്യ 160 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്.
മറുപടി ബാറ്റിംഗിനീറങ്ങിയ ഓസ്ട്രേലിയക്ക് ഓപ്പണർ ഹെഡ് മികച്ച തുടക്കം തന്നെയാണ് നൽകിയത്. ജോഷ് ഫിലിപ്പിയെ(4) തുടക്കത്തിൽ തന്നെ നഷ്ടമായിട്ടും പവർപ്ലേ ഓവറുകളിൽ ഹെഡ്(28) പവർപ്ലേ ഓവറുകളിൽ ഇന്ത്യൻ ബോളർമാരെ ആക്രമിക്കുകയുണ്ടായി. മാത്രമല്ല മൂന്നാമതായി ക്രീസിലെത്തിയ മക്ദര്‍മൗത്ത് ഹെഡിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
മക്ദര്‍മൗത്ത് മത്സരത്തിൽ 36 പന്തുകളിൽ 54 റൺസാണ് നേടിയത്. എന്നാൽ ഇരുവർക്കും ശേഷം ഓസ്ട്രേലിയക്ക് തുടർച്ചയായി വിക്കറ്റ്കൾ നഷ്ടമായി. ഇത് ഓസ്ട്രേലിയയെ പല സമയത്തും സമ്മർദ്ദത്തിലാക്കുകയും ചെയ്തു. മധ്യനിര ബാറ്റർമാർ ചെറിയ ഇടവേളയിൽ കൂടാരം കയറിയെങ്കിലും മാത്യു വെയ്ഡ് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിയ്ക്കുകയായിരുന്നു.
അവസാന ഓവറുകളിൽ ഇന്ത്യൻ ബോളർമാരെ പഞ്ഞിക്കിടാൻ മാത്യു വെയ്ഡിന് സാധിച്ചു. മത്സരത്തിൽ മാത്യു വെയ്ഡ് 15 പന്തുകളിൽ 22 റൺസാണ് നേടിയത്. അവസാന ഓവറിൽ ഓസ്ട്രേലിയക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 10 റൺസായിരുന്നു. ഓവറിലെ ആദ്യ രണ്ടു പന്തുകളും അവിശ്വസനീയമായ രീതിയിലാണ് അർഷദ്വീപ് ഡോട് ബോളുകളാക്കിയത്. ശേഷം ഓവറിലെ മൂന്നാം പന്തിൽ അപകടകാരിയായ മാത്യു വെയ്ഡിന്റെ വിക്കറ്റ് നേടാനും അർഷദീപിന് സാധിച്ചു. ഇതോടെ ഇന്ത്യ വിജയത്തിൽ എത്തുകയായിരുന്നു.