ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 99 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ ശ്രേയസ് അയ്യരും ശുഭമാൻ ഗില്ലും സൂര്യകുമാർ യാദവുമാണ് തിളങ്ങിയത്. ബോളിങ്ങിൽ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, പേസർ പ്രസീദ് കൃഷ്ണ എന്നിവർ മികവ് പുലർത്തി.
ഈ വിജയത്തോടെ 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പര 2-0ന് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പിന് മുൻപ് ഇന്ത്യൻ ടീമിന് വലിയ ആത്മവിശ്വാസം നൽകുന്ന വിജയങ്ങളാണ് പരമ്പരയിൽ ഉണ്ടായിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ ഓപ്പണർ ഋതുരാജിനെ(8) തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ഓസ്ട്രേലിയയിലേക്ക് സാധിച്ചു. എന്നാൽ രണ്ടാം വിക്കറ്റിൽ 200 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് ശുഭമാൻ ഗില്ലും ശ്രേയസ് അയ്യരും ചേർന്ന് കെട്ടിപ്പടുത്തത്. ശ്രേയസ് അയ്യർ മത്സരത്തിൽ 97 പന്തുകളിൽ 6 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 107 റൺസാണ് നേടിയത്. ശ്രേയസ് അയ്യർ 90 പന്തുകളിൽ 11 ബൗണ്ടറികളും മൂന്ന് സിക്സറുകളും അടക്കം 105 റൺസ് നേടുകയുണ്ടായി. നായകൻ രാഹുൽ 52 റൺസും, ഇഷാൻ കിസാൻ 31 റൺസും നേടി ടീമിന്റെ മധ്യ ഓവറുകളിൽ കാവലായി.
ശേഷമാണ് വെടിക്കെട്ടുമായി സൂര്യകുമാർ യാദവ് എത്തിയത്. ഇന്നിംഗ്സിന്റെ അവസാന സമയത്ത് സൂര്യകുമാർ യാദവിന്റെ ഒരു സംഹാരമാണ് കണ്ടത്. മത്സരത്തിൽ 37 പന്തുകൾ നേരിട്ട സൂര്യകുമാർ 6 ബൗണ്ടറികളും 6 സിക്ക്സറുകളുമടക്കം 72 റൺസ് നേടുകയുണ്ടായി. സൂര്യയുടെ ഈ മികവിലാണ് ഇന്ത്യ മത്സരത്തിൽ നിശ്ചിത 50 ഓവറിൽ 399 എന്ന വമ്പൻ സ്കോറിൽ എത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ആദ്യം തന്നെ താളം പിഴച്ചു. ഓപ്പണർ മാത്യു ഷോർട്ടിനെയും(9) നായകൻ സ്റ്റീവ് സ്മിത്തിനെയും(0) തുടർച്ചയായ പന്തുകളിൽ പ്രസീദ് കൃഷ്ണ കൂടാരം കയറ്റി.
പിന്നാലെയെത്തിയ ലബുഷൈൻ(27) ഡേവിഡ് വാർണറെ(53) കൂട്ടുപിടിച്ച് സ്കോറിങ് ഉയർത്തുകയായിരുന്നു. എന്നാൽ ഇതിനിടെ കളിക്ക് തടസ്സമായി മഴയെത്തി. ഇതോടെ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 33 ഓവറുകളിൽ 317 റൺസാക്കി ചുരുക്കുകയായിരുന്നു. മഴ അവസാനിച്ച ശേഷം കളി പുനരാരംഭിച്ചപ്പോഴും ഇന്ത്യ ആധിപത്യം തുടർന്നു.
ഇന്ത്യയുടെ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ഓരോ ഓസ്ട്രേലിയൻ വിക്കറ്റുകളായി പിഴുതെറിയുന്നതാണ് മത്സരത്തിൽ കണ്ടത്. അവസാന നിമിഷം വരെ ഷോൺ അബോട്ട്(54) ഓസ്ട്രേലിയക്കായി പൊരുതുകയുണ്ടായി. എന്നാൽ വിജയ ലക്ഷത്തിന് ഒരുപാട് അകലെ അബോട്ട് വീണു. രവിചന്ദ്രൻ അശ്വിനും ജഡേജയും മത്സരത്തിൽ ഇന്ത്യയ്ക്കായി 3 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ പ്രസീദ് കൃഷ്ണ 2 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇങ്ങനെ മത്സരത്തിൽ ഇന്ത്യ 99 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.