ധീരമായ ഡിക്ലറേഷനുമായി സഞ്ചു സാംസണ്‍. ജാര്‍ഘണ്ടിനെ പരാജയപ്പെടുത്തി കേരളം

sanju and kerala cricket team

രഞ്ജി ട്രോഫി പോരാട്ടത്തില്‍ ജാര്‍ഘണ്ടിനെതിരെ വിജയവുമായി കേരളം. കേരളം ഉയര്‍ത്തിയ 323 റണ്‍സ് വിജയം പിന്തുടര്‍ന്ന ജാര്‍ഘണ്ട് 237 റണ്‍സില്‍ പുറത്തായി. 85 റണ്‍സിന്‍റെ വിജയമാണ് കേരളം നേടിയത്.

വിജയം നേടാനായി എത്തിയ ജാര്‍ഘണ്ടിനായി ഓപ്പണ്‍ ചെയ്തത് ഇഷാന്‍ കിഷനാണ്. 17 പന്തില്‍ 22 റണ്‍സുമായി താരം മികച്ച തുടക്കം നല്‍കിയെങ്കിലും വൈശാഖ് കേരളത്തിനായി ബ്രേക്ക് ത്രൂ നല്‍കി.

ലഞ്ചിനു ശേഷം 2 വിക്കറ്റ് കൂടി വൈശാഖ് വീഴ്ത്തി ജാര്‍ഘണ്ടിനെ 42 ന് 3 എന്ന നിലയിലാക്കി. വിരാട് സിങ്ങും – സൗരഭ് തിവാരിയും ചേര്‍ന്ന് ജാര്‍ഘണ്ടിനെ കരകയറ്റിയെങ്കിലും വീണ്ടും വൈശാഖിലൂടെ കേരളം വിക്കറ്റെടുത്തു. 37 റണ്‍സെടുത്ത സൗരഭ് തിവാരിയേയും ഉത്കര്‍ഷ് സിങ്ങിനെയും (0) ആ ഓവറില്‍ തന്നെ മടക്കി. പിന്നാലെ ജലജ് സക്സേന 2 വിക്കറ്റ് കൂടി വീഴ്ത്തി.

92 റണ്‍സുമായി കുമാറും 23 റണ്‍സുമായി മനീഷിയും പൊരുതിയെങ്കിലും ഇരുവരെയും പുറത്താക്കി ജലജ് സ്ക്സേന കേരളത്തിനു ബ്രേക്ക്ത്രൂ നല്‍കി. പിന്നീട് ബാക്കി വിക്കറ്റുകള്‍ കൂടി വീഴ്ത്തി കേരളത്തിനു ആവേശ വിജയം ലഭിച്ചു.

Read Also -  ഏഷ്യകപ്പിൽ പാകിസ്ഥാനെ തുരത്തി ഇന്ത്യൻ വനിതകൾ. മന്ദന - ഷഫാലി ഷോയിൽ 7 വിക്കറ്റ് വിജയം.

രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളം 7  വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിനായി രോഹന്‍ പ്രേം അര്‍ധ സെഞ്ച്വറി നേടി. 86 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 74 റണ്‍സാണ് എടുത്തത്. മറ്റാര്‍ക്കും കാര്യമായ പ്രകടനം കാഴ്ച്ചവെക്കാനായില്ല.

ഷോണ്‍ റോജര്‍ (29), സഞ്ജു സാംസണ്‍ (15), സച്ചിന്‍ ബേബി (13), അക്ഷയ് ചന്ദ്രന്‍ (15), ജലജ് സക്‌സേന (23) എന്നിവര്‍ രണ്ടക്കം കടന്നു

323 റണ്‍സാണ് ജാര്‍ഘണ്ടിനു മുന്നില്‍ കേരളം വിജയലക്ഷ്യം കുറിച്ചത്. 3 വിക്കറ്റുകള്‍ കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും മത്സരത്തില്‍ വിജയം നേടാനായി സഞ്ചു സാംസണ്‍ ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ കേരളത്തിന് മത്സരം സമനിലയായാലും മൂന്ന് പോയന്‍റ് ലഭിക്കുമെങ്കിലും വിജയം മാത്രം ലക്ഷ്യമിട്ടാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ധീരമായ ഡിക്ലറേഷന്‍ നടത്തിയത്.

Scroll to Top