“132 സ്പീഡിൽ എറിയാനാണെങ്കിൽ ഷാമിയെക്കാൾ മികച്ചത് ഭുവനേശ്വർ കുമാർ “- ആകാശ് ചോപ്ര.

ഇന്ത്യയുടെ പേസറായ മുഹമ്മദ് ഷാമിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ പരിക്കിൽ നിന്ന് തിരികെയെത്തിയ ഷാമിയ്ക്ക് വമ്പൻ പ്രകടനങ്ങൾ കാഴ്ചവെയ്ക്കാൻ സാധിച്ചിരുന്നില്ല. മാത്രമല്ല ഷാമിയുടെ ബോളിങ്ങിലെ വേഗതയും അല്പം കുറഞ്ഞിട്ടുണ്ട്. ഇതിനെതിരെയാണ് ഇപ്പോൾ ആകാശ് ചോപ്ര രംഗത്ത് എത്തിയിരിക്കുന്നത്. മുഹമ്മദ് ഷാമി ഈ സ്പീഡിൽ പന്തറിഞ്ഞത് കൊണ്ട് യാതൊരു കാര്യവുമില്ല എന്ന് ആകാശ് ചോപ്ര തുറന്നു പറഞ്ഞിരിക്കുന്നു. ഈ സ്പീഡിൽ പന്തെറിയുന്ന ബോളറെയാണ് ആവശ്യമെങ്കിൽ ഭുവനേശ്വർ കുമാറാണ് ഇന്ത്യയെ സംബന്ധിച്ച് മികച്ച ഓപ്ഷൻ എന്നും ചോപ്ര പറഞ്ഞു.

“ഷാമിയുടെ സ്പീഡിൽ അല്പം കുറവുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ 132 കിലോമീറ്റർ സ്പീഡിൽ പന്തറിയുന്ന താരമാണെങ്കിൽ ഭുവനേശ്വർ കുമാറാണ് ഇന്ത്യയ്ക്ക് മികച്ച ഓപ്ഷൻ. ഇത്തരമൊരു സ്പീഡിൽ കൃത്യമായ രീതിയിൽ പന്തറിയാൻ ഭുവനേശ്വർ കുമാറിന് സാധിക്കും. ഷാമി പന്ത് എറിയേണ്ടത് 137- 138 സ്പീഡിലാണ്. അതിന് ഷാമിയ്ക്ക് സാധിക്കും. സാധാരണയായി അങ്ങനെയാണ് ഷാമി മികവ് പുലർത്താറുള്ളതും.”- ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറയുകയുണ്ടായി.

“ഇപ്പോൾ മികച്ച ബോളിംഗ് പ്രകടനമാണ് മുഹമ്മദ് ഷാമി പുറത്തെടുക്കുന്നത് എന്ന് എനിക്ക് തോന്നുന്നില്ല. അവസാന മത്സരത്തിൽ ആദിൽ റഷീദ് ഷാമിക്കെതിരെ തുടർച്ചയായ 3 പന്തുകളിൽ ബൗണ്ടറികൾ സ്വന്തമാക്കുകയുണ്ടായി. അത് സൂചിപ്പിക്കുന്നത് ഷാമിയുടെ മോശം ബോളിങ്ങിനെ തന്നെയാണ്. കഴിഞ്ഞ മത്സരങ്ങളിൽ ഷാമി ഒരുപാട് റൺസ് വിട്ടു നൽകുന്നുണ്ട്. മാത്രമല്ല മത്സരങ്ങളിൽ ഷാമിയെ 10 ഓവറുകൾ ചെയ്യിപ്പിക്കാൻ നായകൻ തയ്യാറാവുന്നുമില്ല. തന്റെ മികച്ച ബോളിംഗ് പ്രകടനത്തിലേക്ക് ഷാമി ഇനി എന്നാണ് ഉയർന്നുവരുന്നത്?”- ആകാശ് ചോപ്ര ചോദിക്കുന്നു.

“നിലവിലെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യയുടെ പേസ് നിരയിൽ എത്രത്തോളം വിശ്വാസമുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ബുമ്രയുടെ അസാന്നിധ്യം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയുടെ പേസ് ബോളിങ് നിര അല്പം ദുർബലം തന്നെയാണ്. പരിക്കിൽ നിന്ന് തിരികെ എത്തിയെങ്കിലും തന്റെ പ്രതാപകാല ഫോമിലേക്ക് ഉയരാൻ മുഹമ്മദ് ഷാമിയ്ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. ഷാമി പഴയ മികവിലേക്ക് എത്തുമെന്നാണ് എന്റെ പ്രതീക്ഷ.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

Previous articleചാംപ്യന്‍സ് ട്രോഫി സ്ക്വാഡില്‍ നിന്നും ജസ്പ്രീത് ബുംറ പുറത്ത്. പകരക്കാരനെ പ്രഖ്യാപിച്ചു.
Next articleസൽമാൻ നിസാറിന്റെ ചിറകിലേറി കേരളം രഞ്ജി ട്രോഫി സെമിയിൽ. ചരിത്രത്തിൽ ഇത് രണ്ടാം തവണ.