ഹർദിക് വന്നാൽ ശ്രേയസിനെ ഒഴിവാക്കൂ. പക്ഷേ ബോളിങ്ങിൽ മാറ്റം വരുത്തേണ്ട. അക്തറിന്റെ നിർദ്ദേശം.

2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ നിർണായക താരമായി മാറുമെന്ന് കരുതപ്പെട്ട ക്രിക്കറ്ററാണ് ഹർദിക് പാണ്ഡ്യ. എന്നാൽ ലോകകപ്പിന്റെ തുടക്കത്തിൽ ഹർദിക് പാണ്ഡ്യക്ക് പരിക്കേൽക്കുകയും മത്സരങ്ങളിൽ നിന്നും മാറി നിൽക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് ഇന്ത്യ മുഹമ്മദ് ഷാമിയെ തങ്ങളുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. എന്നാൽ അത് കൂടുതൽ ആശയക്കുഴപ്പങ്ങൾക്ക് കാരണമായിട്ടുണ്ട്. ഹർദിക് പാണ്ഡ്യ ടീമിലേക്ക് തിരികെ വരുമ്പോൾ മുഹമ്മദ് ഷാമിയെ ഇന്ത്യ നിലനിർത്തുമോ എന്നതാണ് ടീം മാനേജ്മെന്റിന് മുൻപിലുള്ള ചോദ്യം. ഇത്തരം കാര്യങ്ങൾക്ക് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്റെ മുൻ താരം ശുഐബ് അക്തർ.

ഇന്ത്യയുടെ ലോകകപ്പിലെ സമീപ പ്രകടനങ്ങളെ അങ്ങേയറ്റം പുകഴ്ത്തിയാണ് അക്തർ സംസാരിച്ചത്. ഒപ്പം ഇന്ത്യ പ്ലെയിങ് ഇലവനിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയും അക്തർ ചർച്ച ചെയ്യുന്നു. “ഇന്ത്യ ബാറ്റിംഗിൽ മികവ് പുലർത്തി മാത്രമാണ് മത്സരങ്ങളിൽ വിജയിക്കുന്നത് എന്ന് ആളുകൾ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലേക്ക് വന്നാൽ അവരുടെ ബോളിംഗാണ് ഏറ്റവും മികച്ചതായി കാണപ്പെട്ടത്. മത്സരത്തിൽ അവർക്ക് 229 എന്ന ചെറിയ സ്കോർ പ്രതിരോധിക്കേണ്ടത് ഉണ്ടായിരുന്നു. മത്സരത്തിൽ 100 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അതൊരു വലിയ കാര്യം തന്നെയാണ്. ഇന്ത്യൻ ബോളിങ്ങിനെ ഞാൻ പ്രശംസിക്കുകയാണ്. പ്രത്യേകിച്ച് ബുമ്രയെ. അയാൾ ഒരു വളരെ സ്മാർട്ട് ബോളറാണ്.”- അക്തർ പറയുന്നു.

“ഇത്തവണത്തെ ലോകകപ്പ് കിരീടം ചൂടാൻ ഇനി ഇന്ത്യയ്ക്ക് ആവശ്യമായുള്ളത് 5 നല്ല ദിവസങ്ങൾ മാത്രമാണ്. മറ്റൊരു ടീമിനോടും പരാജിതരാവാതെ അവർ ഫൈനലിലെത്തി കിരീടം ചൂടിയാൽ അത് ഒരു ലോക റെക്കോർഡ് ആയിരിക്കും. ലോകകപ്പിലെ ഒരു മത്സരത്തിൽ പോലും പരാജയമറിയാതെ കിരീടം ചൂടിയ ഒരു ടീമിനെ ഞാൻ കണ്ടിട്ടില്ല. സെമി ഫൈനലിലും ഫൈനലിലും ഇന്ത്യയെ നിർഭാഗ്യം ചതിക്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.”- അക്തർ കൂട്ടിച്ചേർത്തു.

“ഹർദിക് പാണ്ഡ്യയുടെ ഫിറ്റ്നസിനെ സംബന്ധിച്ചാണ് വലിയ ചർച്ചകൾ നിൽക്കുന്നത്. ഹർദിക് പാണ്ഡ്യക്ക് പൂർണമായ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിൽ ടീമിൽ ഉൾപ്പെടുത്താതിരിക്കുന്നതാണ് ഉത്തമം. കാരണം ഹർദിക്കിനെ ടീമിൽ ഉൾപ്പെടുത്തുമ്പോൾ നമ്മൾ ഒരു ബോളറെ ഒഴിവാക്കേണ്ടിവരും. ബാറ്റിംഗിൽ നമുക്ക് ശ്രേയസ് അയ്യരെ ഒഴിവാക്കാംm എന്നാൽ ഹർദിക് പാണ്ട്യ ടീമിലേക്ക് തിരിച്ചുവരുമ്പോൾ ബോളിംഗ് യൂണിറ്റിൽ നിന്ന് ഒരാളെ ഒഴിവാക്കാൻ ഇന്ത്യ തയ്യാറാകരുത്.”- അക്തർ കൂട്ടിച്ചേർക്കുന്നു. നാളെ ശ്രീലങ്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത ലോകകപ്പ് മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയം നേടാനായാൽ ഇന്ത്യയ്ക്ക് സെമിഫൈനൽ സ്പോട്ട് ഉറപ്പിക്കാൻ സാധിക്കും. വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.