ഹർദിക്കും ശിവം ദുബയും തങ്ങളുടെ അനുഭവ സമ്പത്ത് പുറത്തെടുത്തു. വിജയത്തെപറ്റി സൂര്യകുമാർ യാദവ്.

ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 12 റൺസ് സ്വന്തമാക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. ശേഷം ശിവം ദുബെയും ഹർദിക് പാണ്ട്യയും ഇന്ത്യക്കായി അർത്ഥസെഞ്ച്വറികൾ നേടുകയും ഇന്ത്യ 20 ഓവറുകളിൽ 181 എന്ന സ്കോറിൽ എത്തുകയും ചെയ്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യൻ ബോളർമാരുടെ ശക്തമായ തിരിച്ചുവരവ് അവരെ ബാധിച്ചു. ഇന്ത്യക്കായി രവീ ബിഷണോയും ഹർഷിദ് റാണയും 3 വിക്കറ്റുകൾ വീതം സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ട് 166 റൺസിന് പുറത്താവുകയായിരുന്നു. മത്സരത്തിലെ വിജയത്തെ പറ്റി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.

എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് മത്സരത്തിലെ വിജയത്തിൽ കാരണമായി മാറിയത് എന്നാണ് സൂര്യകുമാർ യാദവ് പറഞ്ഞത്. “എല്ലാവരുടെയും വലിയ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം. ഇവിടെ ഒരു വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. ഞങ്ങൾക്കൊപ്പം നിന്ന് പിന്തുണ നൽകാൻ എല്ലാവർക്കും സാധിച്ചു. 10 റൺസ് സ്വന്തമാക്കുന്നതിനിടെ ഞങ്ങൾക്ക് 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. മാത്രമല്ല ഓരോവറിൽ 3 വിക്കറ്റുകൾ നഷ്ടമാവുക എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ് ഉണ്ടാക്കിയത്. പക്ഷേ അവിടെ നിന്ന് ഹർദിക് പാണ്ട്യയും ശിവം ദുബയും തങ്ങളുടെ പരിചയസമ്പന്നത പുറത്തെടുക്കുകയുണ്ടായി.”- സൂര്യകുമാർ യാദവ് പറഞ്ഞു.

“ഇത്തരം ബാറ്റിംഗിനെ പറ്റിയാണ് ഞാൻ മുൻപും സംസാരിച്ചിട്ടുള്ളത്. നെറ്റ്സിൽ എങ്ങനെയാണോ നമ്മൾ ബാറ്റ് ചെയ്തിട്ടുള്ളത്, അതുതന്നെയാണ് മൈതാനത്ത് കാഴ്ചവയ്ക്കേണ്ടത്. ഇപ്പോൾ ഞങ്ങൾ സഞ്ചരിക്കുന്നത് കൃത്യമായ ദിശയിലാണ് എന്നാണ് ഞാൻ കരുതുന്നത്. പവർപ്ലേ ഓവറുകൾക്ക് ശേഷം ഞങ്ങൾക്ക് മത്സരത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ഉറപ്പായിരുന്നു. ഇംഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോൾ പവർപ്ലേയ്ക്ക് ശേഷം ഞങ്ങൾക്ക് കുറച്ചു വിക്കറ്റുകൾ ലഭിക്കുകയുണ്ടായി. ഡ്രിങ്ക്സ് ബ്രേക്കിന് ശേഷം ഹർഷിദ് റാണ എത്തുകയും തുടർച്ചയായി വിക്കറ്റുകൾ നേടുകയും ചെയ്തു.”- സൂര്യകുമാർ കൂട്ടിച്ചേർക്കുന്നു.

ഈ വിജയത്തോടെ 3-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. പരമ്പരയിലെ അവസാന മത്സരം മുംബൈയിലാണ് നടക്കുന്നത്. ഇതേപ്പറ്റിയുള്ള ചോദ്യത്തിന് സൂര്യകുമാർ യാദവിന്റെ മറുപടി വളരെ വ്യത്യസ്തമായിരുന്നു. ഒരുപാട് വെടിക്കെട്ടുകൾ മുംബൈയിൽ കാണാൻ സാധിക്കും എന്നാണ് സൂര്യകുമാർ യാദവ് പറഞ്ഞത്. എന്നിരുന്നാലും നാലാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ മികവ് പുലർത്താതിരുന്നത് ആരാധകർക്ക് നിരാശ സമ്മാനിച്ചു.