“സ്റ്റാർക്ക് ഞങ്ങളിൽ നിന്ന് മത്സരം തട്ടിയെടുത്തു. മുഴുവൻ ക്രെഡിറ്റും നൽകുന്നു” – സഞ്ജു സാംസൺ പറയുന്നു.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരു അവിചാരിത പരാജയമാണ് രാജസ്ഥാൻ റോയൽസിന് നേരിടേണ്ടിവന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറുകളിൽ 188 റൺസായിരുന്നു സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാനും മികച്ച തുടക്കമാണ് ജയസ്വാളും സഞ്ജുവും നൽകിയത്.

ഒപ്പം നിതീഷ് റാണയും മികച്ച പ്രകടനം കാഴ്ചവച്ചതോടെ രാജസ്ഥാൻ വിജയത്തിൽ എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ അവസാന ഓവറുകളിൽ മിച്ചൽ സ്റ്റാർക്ക് മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ചതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. പിന്നീട് നടന്ന സൂപ്പർ ഓവറിൽ അനായാസ വിജയം ഡൽഹി സ്വന്തമാക്കി. മത്സരത്തിലെ പരാജയത്തെ പറ്റി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.

മത്സരത്തിനിടെ സഞ്ജു സാംസണ് പരിക്കേൽക്കുകയും റിട്ടയേർഡ് ഹർട്ടായി മൈതാനം വിടേണ്ടി വരികയും ചെയ്തിരുന്നു. ഇത് സംബന്ധിച്ചാണ് സഞ്ജു സാംസൺ ആദ്യം സംസാരിച്ചത്. “ഇപ്പോൾ പരിക്ക് ഭേദമായി തന്നെയാണ് എനിക്ക് തോന്നുന്നത്. തിരികെ മൈതാനത്ത് എത്തി ബാറ്റ് ചെയ്യാനായി എനിക്ക് ആ സമയത്ത് സാധിച്ചിരുന്നില്ല. അതേ സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഞങ്ങൾ നാളെ നിരീക്ഷിക്കുകയും അതിനനുസരിച്ച് മുന്നോട്ട് പോവുകയും ചെയ്യും. മത്സരത്തിലേക്ക് കടന്നു വന്നാൽ ഞങ്ങൾ നല്ല രീതിയിൽ പന്തറിഞ്ഞതായാണ് എനിക്ക് തോന്നുന്നത്. ഡൽഹി ഞങ്ങൾക്കെതിരെ ആക്രമണം അഴിച്ചു വിടുകയുണ്ടായി. എന്നാൽ എല്ലാവിധ ക്രെഡിറ്റും ഞാൻ ബോളർമാർക്കും ഫീൽഡർമാർക്കും നൽകുകയാണ്. മൈതാനത്ത് ഒരുപാട് എനർജി പുറത്തെടുക്കാൻ അവർക്ക് സാധിച്ചു.”- സഞ്ജു പറഞ്ഞു.

“188 എന്ന സ്കോർ ചെയ്സ് ചെയ്യാൻ സാധിക്കുന്നതാണ് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. കാരണം അത്ര മികച്ച ബാറ്റിംഗ് ലൈനപ്പ് ഞങ്ങൾക്കുണ്ടായിരുന്നു. മാത്രമല്ല പവർപ്ലേ ഓവറുകളിൽ മികച്ച ഒരു തുടക്കവും ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. ഈ സമയത്ത് ഇത്തരമൊരു സ്കോർ മറികടക്കാൻ സാധിക്കുമെന്ന് ഞാൻ കരുതി. എന്നാൽ പിന്നീട് അവിശ്വസനീയമായ ബോളിംഗ് പ്രകടനമാണ് സ്റ്റാർക്ക് കാഴ്ചവച്ചത്. നിലവിൽ ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് സ്റ്റാർക്ക്. ഈ വിജയത്തിന്റെ പൂർണമായ ക്രെഡിറ്റ് ഞാൻ സ്റ്റാർക്കിന് നൽകുകയാണ്.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.

“ഇരുപതാം ഓവറിൽ സ്റ്റാർക്ക് മത്സരത്തിൽ വിജയം സ്വന്തമാക്കിയതായാണ് ഞാൻ കരുതുന്നത്. ആ സമയത്ത് ഏറ്റവും നല്ല രീതിയിൽ വെടിക്കെട്ട് തീർക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഞങ്ങൾക്കായി സന്ദീപ് ശർമയാണ് സൂപ്പർ ഓവർ എറിഞ്ഞത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഞങ്ങൾക്കായി ഇത്തരത്തിൽ പ്രയാസകരമായ ഓവറുകൾ സന്ദീപ് എറിയാറുണ്ട്. പക്ഷേ സ്റ്റാർക്ക് ഞങ്ങളിൽ നിന്നും മത്സരം തട്ടിയെടുക്കുകയായിരുന്നു. ഒരുപക്ഷേ ഇന്നത്തെ മത്സരത്തിൽ വിജയം സ്വന്തമാക്കിയിരുന്നെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽ കൂടുതൽ പോസിറ്റീവായ മനോഭാവങ്ങൾ ഉണ്ടാക്കിയേനെ.”- സഞ്ജു പറഞ്ഞു വയ്ക്കുന്നു..