സഞ്ജു ശ്രേയസ് അയ്യരെ കണ്ട് പഠിക്കണം. ഷോർട്ട് ബോളിൽ അവൻ നന്നായി കളിച്ചു. മുൻ ഇംഗ്ലണ്ട് താരത്തിന്റെ അഭിപ്രായം.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ബാറ്റിംഗ് പരാജയത്തിന് ശേഷം മലയാളി താരം സഞ്ജു സാംസണ് കർശന നിർദേശവുമായി ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. ഷോർട്ട് പിച്ച് പന്തിൽ ഏത് തരത്തിൽ കളിക്കണമെന്ന് ശ്രേയസ് അയ്യരെ കണ്ട് സഞ്ജു പഠിക്കണം എന്നാണ് പീറ്റേഴ്സൺ പറയുന്നത്. മുൻപ് ഷോർട്ട് പിച്ച് പന്തിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിട്ട ബാറ്ററായിരുന്നു അയ്യർ. എന്നാൽ നിലവിൽ ഈ ബലഹീനതയെ മറികടക്കാൻ അയ്യർക്ക് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഷോർട്ട് പിച്ച് പന്തുകളിൽ സഞ്ജു സാംസൺ പുറത്തായിരുന്നു. ശേഷമാണ് ഇപ്പോൾ സഞ്ജുവിനെ ഉപദേശിച്ചുകൊണ്ട് പീറ്റേഴ്സൺ രംഗത്തെത്തിയത്.

മുൻകാലങ്ങളിൽ ശ്രേയസ് അയ്യർ ഷോർട്ട് പിച്ച് പന്തുകളിൽ വളരെ ബുദ്ധിമുട്ടിയിരുന്നു എന്ന് കെവിൻ പീറ്റേഴ്സൺ പറയുന്നു. പക്ഷേ അതിനെ ബുദ്ധിപരമായി നേരിട്ട് മികച്ച രീതിയിൽ തിരിച്ചുവരാൻ അയ്യർക്ക് സാധിച്ചു എന്ന് പീറ്റേഴ്സൺ കൂട്ടിച്ചേർത്തു. ഈ മാതൃകയാണ് സഞ്ജുവും മനസ്സിലാക്കേണ്ടത് എന്ന് പീറ്റേഴ്സൺ പറയുകയുണ്ടായി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്ലിയ്ക്ക് പരിക്കുപറ്റിയ സാഹചര്യത്തിലായിരുന്നു ശ്രേയസ് അയ്യര്‍ ടീമിലേക്ക് എത്തിയത്. എന്നാൽ പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ടീമിന്റെ നട്ടെല്ലാവാൻ അയ്യർക്ക് സാധിച്ചിരുന്നു.

“ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അവൻ ആദ്യ മത്സരത്തിൽ കളിക്കാൻ സാധ്യത ഇല്ലായിരുന്നു. പക്ഷേ അവൻ ആദ്യ മത്സരത്തിൽ കളിക്കുകയും നന്നായി തന്നെ ബാറ്റ് ചെയ്യുകയും, അത് തുറന്നു പറയുകയും ചെയ്തു. മത്സരത്തിൽ ഷോർട്ട് പിച്ച് പന്തുകൾ അവനെ ബാധിച്ചതേ ഇല്ല. വളരെ മനോഹരമായി തന്നെ ഇത്തരം പന്തുകളെ അയ്യർ നേരിട്ടൂ. ഈ രീതിയിലുള്ള പന്തുകൾ വരുമെന്ന മുൻധാരണയോടെയാണ് ശ്രേയസ് അയ്യർ ക്രീസിൽ തുടർന്നത്. എല്ലായിപ്പോഴും ക്രീസിന്റെ പുറകിലായാണ് അയ്യർ കാണപ്പെട്ടത്. അതാണ് മത്സരത്തിൽ അവനെ സഹായിച്ചത് ഇത് പന്തിനെ നേരിടാൻ അവന് ഒരു സെക്കൻഡ് അധികമായി നൽകി. ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസൺ ചെയ്തതിന്റെ നേരെ വിപരീതമായാണ് ഇവിടെ ശ്രേയസ് അയ്യർ ചെയ്തത്.”- പീറ്റേഴ്സൺ പറഞ്ഞു.

“ഷോർട്ട് ബോളുകൾ എത്തുമ്പോൾ ലെഗ് സ്റ്റമ്പിൽ തന്നെ ബാക്ക് ഫുട്ടിൽ കളിക്കുന്നതാണ് സഞ്ജുവിന് പ്രശ്നമാകുന്നത്. ഇങ്ങനെ കളിക്കുന്ന സാഹചര്യത്തിൽ ഓഫ് സൈഡ് മാത്രം ലക്ഷ്യം വെച്ച് കളിക്കേണ്ട ആവശ്യം സഞ്ജുവിന് ഉണ്ടാകുന്നു. പിന്നീട് അവന് പന്ത് വരുന്ന രീതിയിൽ വീശുക എന്നത് മാത്രമേ ചെയ്യാൻ സാധിക്കൂ. അതാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ പലതവണ ഇത്തരം ഷോട്ടുകൾ കളിച്ച് സഞ്ജു പുറത്താകാൻ കാരണമായത്. അതുകൊണ്ടാണ് സഞ്ജുവിന് തന്റെ പുൾ ഷോട്ടിൽ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കാത്തത്.”- പീറ്റേഴ്സൺ പറയുകയുണ്ടായി.

Previous article“ഇന്ത്യയ്ക്ക് വിജയിക്കാൻ ഒരു വഴിയുണ്ട്. ടോസ് നേടിയാൽ ആ തന്ത്രം പാലിക്കണം”- ആകാശ് ചോപ്ര പറയുന്നു.