സഞ്ജു എന്തുകൊണ്ട് കെസിഎല്ലിൽ കളിക്കുന്നില്ല? പന്തും കിഷനും ജൂറലും ലീഗുകളിൽ കളിക്കുന്നു. വിമർശനം ശക്തം.

ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ അണിയിച്ചൊരുക്കുന്ന ട്വന്റി20 ടൂർണമെന്റാണ് കെസിഎൽ ട്വന്റി20. ടൂർണമെന്റിന്റെ ആദ്യ സീസണായുള്ള താരലേലം പൂർത്തിയായിട്ടുണ്ട്. കേരളത്തിലുള്ള മുഴുവൻ ക്രിക്കറ്റ് താരങ്ങൾക്കും അവസരം ലഭിക്കുന്ന രീതിയിലാണ് കെസിഎൽ അണിയിച്ചൊരുക്കിയിട്ടുള്ളത്. എന്നാൽ മലയാളികളുടെ അഭിമാനമായ സഞ്ജു സാംസൺ കെസിഎല്ലിൽ കളിക്കാനില്ല എന്നതാണ് ആരാധകർക്ക് ഏറ്റവും വലിയ നിരാശ നൽകുന്നത്.

ബിസിസിഐയുടെ കരാറിലുള്ള കേരളത്തിലെ ഏക ക്രിക്കറ്ററാണ് സഞ്ജു സാംസൺ. അതിനാൽ തന്നെ സഞ്ജു കെസിഎല്ലിൽ കളിക്കണം എന്നത് മലയാളികളുടെ വലിയൊരു ആഗ്രഹമായിരുന്നു. പക്ഷേ വിവിധ കാരണങ്ങൾ കൊണ്ട് സഞ്ജു സാംസൺ കെസിഎല്ലിൽ നിന്ന് മാറിനിൽക്കുകയാണ് ഉണ്ടായത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ ടീമിന്റെ നായകനാണ് സഞ്ജു സാംസൺ. അതിനാൽ രാജസ്ഥാൻ ടീം അനുവദിക്കാത്തതിനാലാണ് സഞ്ജു ടൂർണമെന്റിൽ കളിക്കാത്തത് എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പക്ഷേ സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ എതിരാളികളായ ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ധ്രുവ് ജൂറൽ എന്നിവർ ഇത്തരത്തിലുള്ള പ്രാദേശിക ലീഗുകൾ അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കുകയാണ്. വരാനിരിക്കുന്ന ഡൽഹി പ്രീമിയർ ലീഗിൽ റിഷഭ് പന്ത് കളിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

അതേപോലെ തന്നെയാണ് ഇഷാൻ കിഷന്റെയും കാര്യം. കിഷൻ ജാർഖണ്ഡ് പ്രീമിയർ ലീഗിൽ കളിക്കും. ധ്രുവ് ജൂറൽ ഉത്തർപ്രദേശ് പ്രീമിയർ ലീഗിൽ കളിക്കും എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ സഞ്ജു കേരള ക്രിക്കറ്റ് ലീഗിൽ കളിക്കാത്തത് വിമർശനത്തിന് ഇടവച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിലേക്ക് തിരികെ വരാനുള്ള വലിയൊരു അവസരമാണ് സഞ്ജു സാംസൺ നഷ്ടമാക്കിയത് എന്ന് മുൻ ഇന്ത്യൻ താരങ്ങൾ അടക്കം ഇതിനോടകം പറഞ്ഞു കഴിഞ്ഞു. എന്തുകൊണ്ടാണ് കെസിഎല്ലിൽ കളിക്കാൻ സഞ്ജു മുതിരാത്തത് എന്ന ചോദ്യമാണ് ആരാധകർ താരത്തോട് ചോദിക്കുന്നത്. മാത്രമല്ല കെസിഎല്ലിൽ സഞ്ജു സാംസൺ കളിച്ചിരുന്നെങ്കിൽ ടൂർണമെന്റിന് കൂടുതൽ പ്രശസ്തി ലഭിക്കുമായിരുന്നു എന്ന അഭിപ്രായവും ചിലർ പങ്കുവയ്ക്കുകയുണ്ടായി.

Read Also -  KCL 2024 : രണ്ടാം വിജയവുമായി കൊല്ലം. 8 വിക്കറ്റുകള്‍ക്ക് തൃശൂരിനെ തോല്‍പ്പിച്ചു.

സഞ്ജു കെസിഎല്ലിൽ കളിക്കുകയാണെങ്കിൽ അത് സഞ്ജുവിന്റെ മറ്റു സംസ്ഥാനങ്ങളിലെ ആരാധകർക്കും വലിയ ആവേശം നൽകിയേനെ. അങ്ങനെയെങ്കിൽ കെസിഎല്ലിന് കൂടുതൽ പ്രചാരം ലഭിക്കുമായിരുന്നു. പക്ഷേ താൻ കെസിഎല്ലിൽ കളിക്കാൻ തയ്യാറല്ല എന്ന് സഞ്ജു ഇതിനോടകം തന്നെ അറിയിക്കുകയുണ്ടായി. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ അവസരം ലഭിച്ചിട്ടും അത് വേണ്ട വിധത്തിൽ മുതലാക്കാൻ സഞ്ജു സാംസണ് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തണമെങ്കിൽ സഞ്ജുവിന് വലിയ പ്രകടനങ്ങൾ തന്നെ ആവശ്യമാണ്. ഈ സമയത്താണ് സഞ്ജു ഇത്ര മികച്ച അവസരം നഷ്ടപ്പെടുത്തിയത്.

Scroll to Top