2024 ട്വന്റി20 ലോകകപ്പ് ജൂണിലാണ് ആരംഭിക്കുന്നത്. അമേരിക്കയിലും വെസ്റ്റിൻഡീസിനുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഏതൊക്കെ താരങ്ങൾ ഉൾപ്പെടും എന്ന ആകാംക്ഷയിലാണ് ആരാധകർ. നാളെയാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കുന്നത്.
ഈ സമയത്ത് മലയാളി താരം സഞ്ജു സാംസന് പിന്തുണയേറുകയാണ്. 2024 ഐപിഎല്ലിൽ ഇതിനോടകം തട്ടുപൊളിപ്പൻ പ്രകടനമാണ് മലയാളി താരം പുറത്തെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ സഞ്ജുവിനെ ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന.
മാത്രമല്ല സഞ്ജു സാംസൺ ഇന്ത്യയുടെ ഭാവി നായകനാണ് എന്ന് റെയ്‌ന ഉറപ്പിച്ചു പറയുകയും ചെയ്യുന്നുണ്ട്. രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യയുടെ ട്വന്റി20 നായകനായി മാറാനുള്ള മുഴുവൻ കഴിവും സഞ്ജു സാംസനുണ്ട് എന്ന് റെയ്ന ചൂണ്ടിക്കാട്ടുന്നു. “ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി ഞാൻ ആദ്യ പരിഗണന നൽകുന്നത് സഞ്ജുവിന് തന്നെയാണ്.
ഒരുപാട് വ്യത്യസ്തമായ ഷോട്ടുകളും മറ്റും സഞ്ജുവിന്റെ പക്കലുണ്ട്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ തുറുപ്പുചീട്ടായി മാറാനും സഞ്ജുവിന് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല ഒരു നായക റോളിലേക്ക് അനുയോജ്യമായ താരമാണ് സഞ്ജു സാംസൺ. രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യയെ നയിക്കാൻ സഞ്ജുവിന് സാധിക്കും.”- റെയ്ന പറയുന്നു.
സഞ്ജുവിനെ ഇന്ത്യയുടെ നായക സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്ന രണ്ടാമത്തെ താരമാണ് സുരേഷ് റെയ്ന. മുൻപ് ഇന്ത്യയുടെ സ്പിന്നർ ഹർഭജൻ സിംഗും സമാനമായ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഇത്തവണത്തെ ഐപിഎല്ലിലെ മിന്നുന്ന പ്രകടനമാണ് മുൻ താരങ്ങളെ ഇത്തരം ചിന്തയിലേക്ക് നയിച്ചത്.
രാജസ്ഥാൻ റോയൽസിനെ മികച്ച രീതിയിൽ നയിക്കാൻ ഇതുവരെ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. നിലവിൽ 9 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ 8 വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. അങ്ങനെയുള്ള സമയത്ത് സഞ്ജുവിന്റെ നായകത്വ മികവും എല്ലാ താരങ്ങളും എടുത്തു പറയുകയുണ്ടായി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റർ എന്ന നിലയിലും ഇതുവരെ വമ്പൻ പ്രകടനം സഞ്ജു പുറത്തെടുത്തു കഴിഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയുടെ വിക്കറ്റ് കീപ്പറും സഞ്ജു സാംസൺ തന്നെയാണ്. ഇതുവരെ 9 മത്സരങ്ങൾ കളിച്ച സഞ്ജു 385 റൺസ് നേടി കഴിഞ്ഞു.
77 എന്ന ഉയർന്ന ശരാശരിയിലാണ് സഞ്ജു സാംസന്റെ ഈ നേട്ടം. 161 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. 4 തവണ ഇതിനോടകം തന്നെ സഞ്ജു അർദ്ധ സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായി എത്താൻ എല്ലാ സാധ്യതയുള്ള താരം തന്നെയാണ് സഞ്ജു സാംസൺ .