സഞ്ജുവിന്റെ പ്രകടനത്തിൽ ഗംഭീറിന് റോൾ ഒന്നുമില്ല. അവൻ എല്ലാ ഫോർമാറ്റിന്റെയും താരം. ഡിവില്ലിയേഴ്സ് ചൂണ്ടികാട്ടുന്നു.

ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കെതിരെയും നടന്ന ട്വന്റി20 മത്സരങ്ങളിൽ തകർപ്പൻ സെഞ്ചുറികൾ സ്വന്തമാക്കാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിരുന്നു. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് ശേഷം ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീറിന് സഞ്ജു ക്രെഡിറ്റ് നൽകുകയും ചെയ്തു.

എന്നാൽ ഇത്തരത്തിൽ സഞ്ജുവിന്റെ പ്രകടനത്തിൽ ഗംഭീർ ക്രെഡിറ്റ് അർഹിക്കുന്നില്ല എന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ് പറയുന്നത്. താൻ ഒരു പരിശീലകനെയും ബഹുമാനമില്ലാതെ കാണുന്നില്ല എന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. പക്ഷേ ഇപ്പോൾ സഞ്ജു കൂടുതൽ പക്വത പുലർത്തുന്നുണ്ടെന്നും, അതാണ് അവന്റെ വിജയ രഹസ്യമെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേർക്കുന്നു.

ഇന്ത്യക്കായി ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായിസെഞ്ച്വറികൾ സ്വന്തമാക്കുന്ന ആദ്യ താരമായി സഞ്ജു സാംസൺ മാറുകയുണ്ടായി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിലാണ് സഞ്ജുവിന്റെ ആദ്യ സെഞ്ച്വറി പിറന്നത്. ഒരു ഓപ്പണറെന്ന നിലയിൽ ഇതുവരെ മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ശേഷമാണ് സഞ്ജുവിന്റെ പ്രകടനത്തെ പറ്റി ഇപ്പോൾ ഡിവില്ലിയേഴ്സ് പറയുന്നത്. സഞ്ജു എല്ലാ ഫോർമാറ്റുകളുടെയും താരമാണ് എന്ന് ഡിവില്ലിയേഴ്സ് കൂട്ടിച്ചേർക്കുന്നു. ഒരു സ്പെഷ്യൽ താരമായതിനാൽ തന്നെ എല്ലാ സാഹചര്യങ്ങളിലും മികവ് പുലർത്താൻ സഞ്ജുവിന് സാധിക്കും എന്നാണ് ഡിവില്ലിയേഴ്സ് കരുതുന്നത്.

“സഞ്ജു തന്റെ ഗിയർ മാറിക്കഴിഞ്ഞു. സെലക്ടർമാർ ഇനി അവനെ എല്ലാ ഫോർമാറ്റിലെയും താരമായി തിരഞ്ഞെടുക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവൻ എല്ലാ ഫോർമാറ്റിലും മികവ് പുലർത്താൻ സാധിക്കുന്ന ഒരു താരം തന്നെയാണ്. ഒരു സ്പെഷ്യൽ കളിക്കാരനാണ് സഞ്ജു സാംസൺ. ലോകത്താകമാനം എല്ലാ സാഹചര്യത്തിലും വിജയം സ്വന്തമാക്കാൻ സഞ്ജുവിന് സാധിക്കുമെന്ന് ഞാൻ കരുതുന്നു. എന്നാൽ അവന്റെ അവിസ്മരണീയമായ ബാറ്റിംഗിൽ കോച്ചിംഗ് സ്റ്റാഫുകൾക്ക് വലിയ റോളുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അക്കാര്യത്തിൽ എനിക്ക് സംശയമുണ്ട്.”- ഡിവില്ലിയേഴ്സ് പറഞ്ഞു.

“ഗൗതം ഗംഭീറിനെയോ വിവിഎസ് ലക്ഷ്മണെയോ മോർക്കലിനെയോ ടെൻ ഡോഷെയെയോ ബഹുമാനക്കുറവോടെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം മറ്റൊന്നായാണ് ഞാൻ കാണുന്നത്. അവൻ കൂടുതൽ പക്വത കൈവരിക്കുകയും അതിനുള്ള പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. ഇപ്പോൾ സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സഞ്ജുവിന് പൂർണ്ണമായ ബോധ്യമുണ്ട്.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ 2024 ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും സഞ്ജുവിന് മൈതാനത്ത് ഇറങ്ങാൻ സാധിച്ചില്ല.