സഞ്ജുവിനെ സമ്മർദ്ദത്തിലാക്കി “തുഴച്ചിൽ”. സഞ്ജുവിന്റെ പുറത്താവലിന് കാരണം കാഡ്മോർ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകളുടെ പരാജയമാണ് രാജസ്ഥാൻ നേരിട്ടത്. മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു സാംസനും കാഴ്ചവച്ചത്.

ഇന്നിംഗ്സിന്റെ തുടക്കത്തിൽ ക്രീസിലെത്തിയ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വലിയൊരു അവസരം തന്നെ ലഭിക്കുകയുണ്ടായി. പക്ഷേ മത്സരത്തിൽ 15 പന്തുകൾ നേരിട്ട സഞ്ജു 18 റൺസ് മാത്രം സ്വന്തമാക്കി മടങ്ങുകയായിരുന്നു. 3 ബൗണ്ടറികളാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. രാഹുൽ ചാഹറിന് ക്യാച്ച് നൽകിയായിരുന്നു സഞ്ജു മടങ്ങിയത്.

മത്സരത്തിൽ ക്രീസിലെത്തിയ സഞ്ജു സാംസൺ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആയിരുന്നില്ല കളിച്ചത്. പിച്ചിന്റെ സ്ലോനസ് മുതലാക്കി പതിയെ കളിച്ചു തുടങ്ങാനാണ് സഞ്ജു ശ്രമിച്ചത്. എന്നാൽ മറുവശത്ത് ബട്ലർക്ക് പകരം ക്രീസിലെത്തിയ ടോം കോഹ്ലർ കാഡ്മോർ വമ്പൻ വെടിക്കെട്ട് തീർക്കുമെന്ന് സഞ്ജു കരുതി. അതിനാൽ ഒരു വശത്ത് പതിയെ കളിച്ച് സഞ്ജു ആരംഭിച്ചു. പക്ഷേ കാഡ്മോറിന്റെ ഭാഗത്തുനിന്ന് മികച്ച പ്രകടനം ഉണ്ടായില്ല. പലപ്പോഴും ബോളുകളെ നേരിടാൻ കാഡ്മോർ വിഷമിക്കുന്നതാണ് കണ്ടത്. പവർപ്ലെയിൽ ഉടനീളം താരം സഞ്ജു സാംസനെ നിരാശപ്പെടുത്തുകയുണ്ടായി. ശേഷമാണ് സഞ്ജു തന്റേതായ രീതിയിൽ ബൗണ്ടറികൾ സ്വന്തമാക്കാൻ ശ്രമിച്ചത്.

മത്സരത്തിൽ ബൗണ്ടറി അടിച്ച് ആരംഭിച്ച കാഡ്മോർ രണ്ടാം ഓവറിൽ കേവലം ഒരു റൺ ആയിരുന്നു നേടിയത്. മൂന്നാം ഓവറിൽ ഒരു സിക്സർ പായിച്ചെങ്കിലും പിന്നീടുള്ള ബോളുകളിൽ ഒന്നും തന്നെ താരത്തിന് റൺസ് കണ്ടെത്താൻ സാധിച്ചില്ല. ഇങ്ങനെ ഇന്നിംഗ്സിന്റെ ആദ്യഭാഗത്ത് തന്നെ സഞ്ജുവിലേക്ക് പൂർണ്ണമായ സമ്മർദ്ദം കാഡ്മോർ എത്തിക്കുകയുണ്ടായി. പവർപ്ലേ അവസാനിക്കുന്ന സമയത്ത് 20 പന്തുകൾ നേരിട്ട കാഡ്മോർ ആകെ നേടിയത് 17 റൺസ് മാത്രമായിരുന്നു. ഇതോടെ എതിർക്രീസിൽ നിന്ന സഞ്ജുവിലേക്ക് പൂർണമായും സമ്മർദ്ദമെത്തി.

അങ്ങനെ പവർപ്ലേയ്ക്ക് ശേഷം സ്കോറിങ്‌ റേറ്റ് ഉയർത്താൻ സഞ്ജു സാംസൺ ശ്രമിക്കുകയായിരുന്നു. മത്സരത്തിന്റെ ഏഴാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു സാംസൺ മടങ്ങിയത്. ഇത് മത്സരത്തിൽ രാജസ്ഥാന് വലിയ തിരിച്ചടിയായി. സഞ്ജു പുറത്തായ ശേഷം വലിയ വെടിക്കെട്ട് തീർക്കാൻ രാജസ്ഥാന് സാധിച്ചില്ല.

നിശ്ചിത 20 ഓവറുകളിൽ 144 റൺസ് മാത്രമായിരുന്നു രാജസ്ഥാൻ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ പഞ്ചാബ്, നായകൻ സാം കറന്റെ നേതൃത്വത്തിൽ പതിയെ മുൻപിലേക്ക് പോയി. കരന്റെ വെടിക്കെട്ട് അർത്ഥ സെഞ്ചറിയുടെ ബലത്തിൽ പഞ്ചാബ് 5 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയും ചെയ്തു.