2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുകയുണ്ടായി. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള മികച്ച പല താരങ്ങൾക്കും ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലും പുറത്തിരിക്കേണ്ട അവസ്ഥയാണ്. ഇതിനെ സംബന്ധിച്ച് ഇന്ത്യൻ താരം ഇർഫാൻ പത്താൻ പ്രതികരിക്കുകയുണ്ടായി.
ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ ഇന്ത്യ സഞ്ജു സാംസണെ ഉൾപ്പെടുത്തണമായിരുന്നു എന്നാണ് ഇർഫാൻ പത്താൻ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചത്. സഞ്ജുവിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ തീർത്തും നിരാശനായി മാറിയേനെ എന്ന് പത്താൻ പ്രതികരിച്ചു. മാത്രമല്ല ചാമ്പ്യൻസ് ട്രോഫി പോലെയുള്ള വലിയൊരു ടൂർണമെന്റിൽ കളിക്കാനായി തയ്യാറാവുമ്പോൾ ഇന്ത്യ ഒരു പേസ് ബോളറെ കൂടി ഉൾപ്പെടുത്തണമായിരുന്നു എന്നും പത്താൻ കൂട്ടിച്ചേർത്തു.
സമീപകാലത്ത് ഇന്ത്യയുടെ പേസർമാർ ഒരുപാട് മത്സരങ്ങളിൽ പരിക്കേൽക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ ഇന്ത്യ ഒരു പേസറെ കൂടി ടീമിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ, അത് ടൂർണമെന്റിൽ ഗുണം ചെയ്തേനെ എന്നാണ് പത്താൻ കരുതുന്നത്. മാത്രമല്ല ഇന്ത്യ തങ്ങളുടെ സൂപ്പർ പേസറായ മുഹമ്മദ് സിറാജിനെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് ഒരിക്കലും സിറാജിനെ തഴഞ്ഞതാവാൻ സാധ്യതയില്ല എന്നാണ് പത്താൻ കരുതുന്നത്. പ്രധാനമായും കഴിഞ്ഞ സമയങ്ങളിൽ ഒരുപാട് ജോലിഭാരം നേരിടേണ്ടിവന്ന താരമാണ് സിറാജ്. ഈ സാഹചര്യത്തിൽ സിറാജിന്റെ ജോലിഭാരം ലഘൂകരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ വിശ്രമം അനുവദിച്ചത് എന്ന് പത്താൻ കരുതുന്നു.
മലയാളി താരം സഞ്ജു സാംസനെ പോലെ തന്നെ ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടമായ മറ്റൊരു കളിക്കാരനാണ് ഓൾറൗണ്ടർ നിതീഷ് റെഡ്ഡി എന്നും പത്താൻ പറയുകയുണ്ടായി. മാത്രമല്ല നിലവിൽ ഇന്ത്യയുടെ ഉപനായക സ്ഥാനത്തേക്ക് ശുഭമാൻ ഗില്ലിനെ കൊണ്ടുവരാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനം വളരെ മികച്ചതാണ് എന്നും പത്താൻ പറഞ്ഞു. ഏകദിന ക്രിക്കറ്റിലെ സമീപകാലത്തെ ഗില്ലിന്റെ പ്രകടനങ്ങൾ അവിശ്വസനീയമാണ് എന്നാണ് പത്താൻ കരുതുന്നത്. എന്നിരുന്നാലും സഞ്ജുവിന്റെ അഭാവം ഇന്ത്യൻ ടീമിനെ ബാധിക്കാനും സാധ്യതയുണ്ട് എന്നാണ് പത്താൻ വിശ്വസിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള 15 അംഗങ്ങൾ അടങ്ങുന്ന ടീമിനെ സെലക്ടർമാർ നിശ്ചയിച്ചത്. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരായി കളിക്കുന്നത് കെഎൽ രാഹുലും പന്തുമാണ്. പേസർമാരായി ഇന്ത്യൻ ടീമിലുള്ളത് ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷാമിയും അർഷദീപ് സിങ്ങുമാണ്. ദുബായിലാണ് ഇത്തവണത്തെ ടൂർണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.