സച്ചിനും സേവാഗുമല്ല, എന്നെ ഭയപ്പെടുത്തിയ ഇന്ത്യൻ ബാറ്റർ മറ്റൊരാൾ. അക്തർ വെളിപ്പെടുത്തുന്നു.

2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഏവരും ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്ന മത്സരം. ഫെബ്രുവരി 23ന് ദുബായിലാണ് ഈ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി വലിയ ആവേശത്തിലാണ് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ക്രിക്കറ്റ് ആരാധകർ.

ഇപ്പോൾ ഇന്ത്യൻ ടീമിൽ, തന്നെ ഏറ്റവും ഭയപ്പെടുത്തിയ താരം ആരാണ് എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പാകിസ്താന്റെ മുൻ ഇതിഹാസ പേസർ ശുഐബ് അക്തർ. സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സേവാഗും അക്തറിനെതിരെ പലപ്പോഴും ആക്രമണം അഴിച്ചു വിട്ടിട്ടുണ്ടെങ്കിലും അക്തർ ഏറ്റവും ഭയപ്പെടുന്നത് മറ്റൊരു താരത്തെയാണ്.

ഒരുകാലത്ത് ഇന്ത്യയുടെ സ്റ്റാർ ബോളർ ആയിരുന്ന ലക്ഷ്മിപതി ബാലാജിയാണ് തന്നെ ഏറ്റവും ഭയപ്പെടുത്തിയത് എന്ന് അക്തർ പറയുന്നു. ഒരു പേസറായിരുന്നിട്ടും ബാറ്റിംഗിൽ അങ്ങേയറ്റം മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കുന്ന താരമായിരുന്നു ബാലാജി എന്ന് അക്തർ പറഞ്ഞു. ഇന്ത്യൻ ബാറ്റിംഗിൽ വാലറ്റ നിരയിലിറങ്ങി അനായാസം സിക്സർ സ്വന്തമാക്കാൻ സാധിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളായിരുന്നു ബാലാജി എന്ന് അക്തർ പറയുന്നു. ഇക്കാരണത്താൽ ബാലാജിക്കെതിരെ പന്തെറിയുക എന്നത് തനിക്ക് പലപ്പോഴും വിഷമകരമായിരുന്നു എന്നും അക്തർ കൂട്ടിച്ചേർക്കുകയുണ്ടായി.

“എന്നെ ഏറ്റവുമധികം ഭയപ്പെടുത്തിയത് സച്ചിൻ ടെണ്ടുൽക്കറോ സൗരവ് ഗാംഗുലിയോ ഒന്നും ആയിരുന്നില്ല. അത് ഇന്ത്യൻ ടീമിലെ ഒരു ബോളറായിരുന്നു. ഇന്ത്യയുടെ വാലറ്റത്ത് ബാറ്റിംഗിനിറങ്ങുന്ന ലക്ഷ്മിപതി ബാലാജിയാണ് എന്നെ ഏറ്റവും അധികം ഭയപ്പെടുത്തിയ ബാറ്റർ. അന്ന് അവൻ ക്രീസിലേത്തുന്ന സമയത്ത് ഞാൻ യഥാർത്ഥത്തിൽ പേടിച്ചിട്ടുണ്ട്. ഞാനൊരു പേസ് ബോളറാണ് എന്നുള്ള യാതൊരു പരിഗണനയും ബാലാജി നൽകിയിരുന്നില്ല. അവൻ എനിക്കെതിരെ അനായാസം സിക്സർ നേടുമായിരുന്നു. എന്റെ പന്തുകൾ അവൻ കാണുന്നുണ്ടോ എന്നതിൽ പോലും എനിക്ക് വ്യക്തത ഉണ്ടായിരുന്നില്ല. പക്ഷേ എനിക്കെതിരെ യാതൊരു ഭയവും ഇല്ലാതെയാണ് അവൻ മൈതാനത്ത് തുടർന്നത്.”- അക്തർ പറയുന്നു.

2004ൽ നടന്ന ഇന്ത്യ- പാകിസ്ഥാൻ പരമ്പരയിലായിരുന്നു ഇത്തരത്തിൽ അക്തറിനെ അനായാസം ബാലാജി സിക്സറുകൾക്ക് പായിച്ചത്. ശേഷം ഇന്ത്യൻ ടീമിലെ ഒരു പ്രധാന ഘടകം തന്നെയായിരുന്നു ലക്ഷ്മിപതി ബാലാജി. അക്തറും തന്റെ പ്രതാപകാലത്ത് ഇന്ത്യയുടെ എല്ലാ ബാറ്റർമാരെയും ഞെട്ടിച്ച പേസറാണ്. ശേഷം വളരെകാലം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായി തുടരാനും അക്തറിന് സാധിച്ചിരുന്നു.