“ശിവം ദുബെ ലോകകപ്പിൽ കളിക്കണം, അല്ലെങ്കിൽ ഇന്ത്യ നടത്തുന്ന വലിയ അബദ്ധമാവും “- അമ്പട്ടി റായുഡുവിന്റെ നിർദ്ദേശം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെത്തിയത് മുതൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് യുവതാരം ശിവം ദുബെ. മുൻപ് പല ഐപിഎൽ ടീമുകളിൽ കളിച്ചിട്ടുണ്ടെങ്കിലും ദുബെയ്ക്ക് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.

എന്നാൽ ചെന്നൈ ടീമിലെത്തിയതോടെ ദുബെ കൂടുതൽ ആക്രമണകാരിയായി മാറുകയും സ്പിന്നർമാർക്ക് എതിരെ പൂർണ്ണമായി ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നുണ്ട്. അതിനാൽ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ശിവം ദുബയെ ഉൾപ്പെടുത്തണമെന്ന് മുൻ താരങ്ങൾ അടക്കം പറയുകയുണ്ടായി. ചെന്നൈയുടെ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലും വളരെ മികച്ച പ്രകടനമായിരുന്നു ദുബെ കാഴ്ചവച്ചത്. 3 സിക്സറുകളും ഒരു ബൗണ്ടറിയുമടക്കം 28 റൺസാണ് കൊൽക്കത്തക്കെതിരെ ദുബെ നേടിയത്.

ഇതിനുശേഷം ഇന്ത്യൻ ടീം സെലക്ടർമാർക്ക് വലിയ മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പട്ടി റായുഡു. വരാനിരിക്കുന്ന 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ തീർച്ചയായും ദുബെയെ ടീമിലെടുക്കണം എന്നാണ് റായുഡു പറയുന്നത്. അല്ലാത്തപക്ഷം വലിയ പ്രത്യാഘാതങ്ങൾ ഇന്ത്യ നേരിടേണ്ടി വരുമെന്നും റായിഡു പറഞ്ഞു.

ഇതുവരെ ദുബെയ്ക്ക് തന്റെ പ്രതിഭയ്ക്കൊത്ത രീതിയിൽ സ്ഥിരതയാർന്ന അവസരങ്ങൾ ഇന്ത്യൻ ടീമിൽ ലഭിച്ചിരുന്നില്ല. എന്നാൽ അത് പിന്നീട് ഇന്ത്യൻ സെലക്ടർമാർ മനസ്സിലാക്കുകയും ട്വന്റി20 ടീമിൽ ദുബെയ്ക്ക് അവസരം നൽകുകയും ചെയ്തു. ശേഷമാണ് റായിഡു ഈ പരാമർശം നടത്തിയത്.

“2024 ട്വന്റി20 ലോകകപ്പിൽ ശിവം ദുബെയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ അത് വലിയൊരു തെറ്റ് തന്നെയായിരിക്കും. ഒറ്റക്കൈയിൽ മത്സരങ്ങൾ വിജയിപ്പിക്കാൻ സാധിക്കുന്ന താരമാണ് ദുബെ. ഇന്ത്യയെ സംബന്ധിച്ച് 5ആം നമ്പറിൽ വിശ്വസ്തനായി ദുബെയെ കളിപ്പിക്കാൻ സാധിക്കും. എതിർ ടീമിന്റെ മൊമെന്റം നഷ്ടപ്പെടുന്ന രീതിയിൽ വമ്പൻ ഷോട്ടുകൾ കളിക്കാൻ ദുബെയ്ക്ക് കഴിവുണ്ട്. എന്നെ സംബന്ധിച്ച് ഇതിനോടകം തന്നെ ദുബെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം കണ്ടെത്തി കഴിഞ്ഞു.”- സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ അമ്പട്ടി റായുഡു പറഞ്ഞു.

കൊൽക്കത്തക്കെതിരായ മത്സരത്തിലും തകർപ്പൻ പ്രകടനം തന്നെയായിരുന്നു ദുബെ കാഴ്ചവച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ കേവലം 135 റൺസിൽ ഒതുക്കാൻ ചെന്നൈ ബോളർമാർക്ക് സാധിച്ചിരുന്നു. ജഡേജയും ദേശ്പാണ്ടെയുമാണ് ബോളിംഗിൽ ചെന്നൈക്കായി തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ ഋതുരാജ് മികച്ച അർത്ഥ സെഞ്ച്വറിയുമായി കളം നിറഞ്ഞതോടെ ചെന്നൈ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ദുബെയുടെ നിർണായ ഇന്നിങ്‌സും ചെന്നൈക്ക് ഗുണം ചെയ്തു. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ചെന്നൈ നേടിയത്.