2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ അതിവൈകാരികമായ ഒരു വിജയമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിൽ പഞ്ചാബിനെ 6 റൺസിന് പരാജയപ്പെടുത്തിയാണ് ബാംഗ്ലൂർ കിരീടം നേടിയത്. വിരാട് കോഹ്ലിയെ സംബന്ധിച്ച് ഈ കിരീടം വളരെ നിർണായകമായിരുന്നു. ഐപിഎല്ലിന്റെ തുടക്കം മുതൽ ബാംഗ്ലൂർ ടീമിന്റെ നട്ടെല്ലായി കളിച്ച താരമാണ് വിരാട് കോഹ്ലി.
എന്നാൽ കിരീടം സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നില്ല. വീണ്ടും കോഹ്ലി ടീമിൽ തന്നെ തുടരുകയും, ഇപ്പോൾ കിരീടം സ്വന്തമാക്കുകയും ചെയ്തു. ഈ നിമിഷത്തെപ്പറ്റി വിരാട് കോഹ്ലി മത്സരശേഷം സംസാരിക്കുകയുണ്ടായി.
ഇതുവരെയുള്ള യാത്രയിൽ പല സമയത്തും ബാംഗ്ലൂർ ടീംവിട്ട് മറ്റൊരു ടീമിലേക്ക് പോകുന്നതിനുള്ള സാധ്യതകൾ ഉണ്ടായിരുന്നു എന്ന് കോഹ്ലി പറയുന്നു. എന്നാൽ തന്റെ സ്വന്തം ഫ്രാഞ്ചൈസിയിൽ ഉറച്ചുനിൽക്കാനാണ് താൻ ശ്രമിച്ചത് എന്ന് കോഹ്ലി കൂട്ടിച്ചേർത്തു. “കഴിഞ്ഞ 18 വർഷങ്ങളിലായി എനിക്ക് ബാംഗ്ലൂർ ടീമിനായി ചെയ്യാൻ സാധിക്കുന്നതൊക്കെയും ഞാൻ ചെയ്തു കഴിഞ്ഞു. ടീമിനോട് അങ്ങേയറ്റം സത്യസന്ധത പുലർത്തിയാണ് ഞാൻ നിന്നിട്ടുള്ളത്. മറ്റൊരു ടീമിലേക്ക് പോവണം എന്ന ചിന്തകൾ വന്ന നിമിഷങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ ഞാൻ ഈ ടീമിനോടൊപ്പം സഞ്ചരിക്കാൻ തീരുമാനിക്കുകയായിരുന്നു. അവരെല്ലാം ഇപ്പോഴും എന്റെ പിന്നിൽ അണിനിരക്കാനും തയ്യാറായി.”- കോഹ്ലി പറയുന്നു.
“ഈ ടീമിനൊപ്പം നിന്ന് കിരീടം സ്വന്തമാക്കണമെന്ന സ്വപ്നം മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഈ നിമിഷം എന്നെ സംബന്ധിച്ചും വളരെ സ്പെഷ്യലാണ്. കാരണം എന്റെ ഹൃദയത്തിൽ ആയിരുന്നു ബാംഗ്ലൂരിന്റെ സ്ഥാനം. ഞാൻ ഈ ടീമിനെ ചേർത്തു പിടിച്ചിരുന്നു. ഐപിഎൽ കളിക്കുന്ന അവസാന സീസൺ വരെ ഈ ടീമിനൊപ്പമാകും ഞാൻ സഞ്ചരിക്കുക എന്ന കാര്യത്തിൽ സംശയമില്ല. ഐപിഎൽ പോലെ വളരെ നിലവാരമുള്ള ഒരു ടൂർണമെന്റിൽ ഇത്തരത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചതിൽ വലിയ സന്തോഷമാണ് എനിക്കുള്ളത്.”- കോഹ്ലി കൂട്ടിച്ചേർത്തു.
“ഒരുപാട് വർഷങ്ങളായി ക്രിക്കറ്റ് എന്ന മത്സരത്തിൽ കളിക്കാനുള്ള അവസരം എനിക്ക് ലഭിക്കുന്നുണ്ട്. എന്നിരുന്നാലും എല്ലാവരുടെയും കരിയറിന് ഒരു അവസാനം ഉണ്ടാകും. അതിനുശേഷം ഞാൻ വീട്ടിലിരുന്ന് ടിവിയിൽ ക്രിക്കറ്റ് കാണുമ്പോൾ ഇങ്ങനെ പറയും. ‘ഞാൻ ഈ ടീമിനായി എല്ലാം തന്നെ സമർപ്പിച്ച വ്യക്തിയാണ്’. അതിനായി ഇനിയും ഒരുപാട് മേഖലകളിൽ പുരോഗതി വരുത്തണം എന്നാണ് ഞാൻ കരുതുന്നത്. ഒരിക്കലും ഒരു ഇമ്പാക്ട് താരമായി കളിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. മത്സരത്തിന്റെ 20 ഓവറുകളും എനിക്ക് മനസ്സിലാക്കണം. ഫീൽഡിൽ എനിക്ക് ഇമ്പാക്ട് സൃഷ്ടിക്കാൻ സാധിക്കണം. അത്തരത്തിലുള്ള താരമാണ് ഞാൻ.”- കോഹ്ലി പറഞ്ഞുവയ്ക്കുന്നു.