വീണ്ടും ചെന്നൈയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി പഞ്ചാബ്.. 7 വിക്കറ്റുകളുടെ അനായാസ വിജയം..

59053879 ca8f 4187 8316 050976c7a027

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. മത്സരത്തിൽ ബോളിങ്ങിലും ബാറ്റിങ്ങിലും കൃത്യമായ ആധിപത്യം സ്ഥാപിച്ചാണ് പഞ്ചാബ് 7 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയത്. പഞ്ചാബിനായി സ്പിന്നർമാരായ ഹർപ്രിറ്റ് ബ്രാറും രാഹുൽ ചാഹറും ബോളിംഗിൽ തിളങ്ങുകയുണ്ടായി. ബാറ്റിംഗിൽ റൂസോയും ബെയർസ്റ്റോയും അടിച്ചു തകർത്തപ്പോൾ ചെന്നൈ കോട്ടകൾ തകരുകയായിരുന്നു. ഈ ഇന്ത്യൻ പ്രീമിയർ ലീഗിലെ പഞ്ചാബിന്റെ നാലാം വിജയമാണ് മത്സരത്തിൽ പിറന്നത്.

മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയുടെ ഓപ്പണർമാർ പവർപ്ലേയിൽ റൺസ് കണ്ടെത്തിയെങ്കിലും സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ 24 പന്തുകൾ നേരിട്ട രഹാനെ 29 റൺസ് മാത്രമാണ് ആദ്യം നേടിയത്. ശേഷമെത്തിയ ശിവം ദുബെ(0) രവീന്ദ്ര ജഡേജ(2) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ ചെന്നൈ തകരുകയായിരുന്നു. ഒരുവശത്ത് നായകൻ ഋതുരാജ് ക്രീസിലുറച്ചെങ്കിലും വേണ്ടരീതിയിൽ സ്കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ല. മറ്റൊരു വശത്ത് വെടിക്കെട്ടിന് പേര് കേട്ട റിസ്വിയെയും ഒതുക്കാൻ പഞ്ചാബ് ബോളർമാർക്ക്(21) സാധിച്ചു.

Read Also -  അടിച്ചു തൂക്കിക്കൊള്ളാൻ ഗംഭീറും സൂര്യയും പറഞ്ഞു, ഞാനത് ചെയ്തു. മത്സര സാഹചര്യത്തെ പറ്റി റിങ്കു സിംഗ്.

ഇതോടെ ചെന്നൈയുടെ നില പരുങ്ങലിലായിരുന്നു. 48 പന്തുകൾ മത്സരത്തിൽ നേരിട്ട ഋതുരാജ് 62 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 5 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ മോയിൻ അലിയും(15) ധോണിയും(14) ചെന്നൈക്കായി ചെറിയ സംഭാവനങ്ങളും നൽകുകയുണ്ടായി. എന്നിരുന്നാലും 20 ഓവറുകളിൽ 162 റൺസ് മാത്രം സ്വന്തമാക്കാനെ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് ജോണി ബേയർസ്റ്റോ തരക്കേടില്ലാത്ത തുടക്കം തന്നെയാണ് നൽകിയത്. 30 പന്തുകൾ നേരിട്ട ബെയർസ്റ്റോ 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 46 റൺസാണ് നേടിയത്.

ശേഷമെത്തിയ റൂസോയും അടിച്ചു തകർത്തതോടെ ചെന്നൈ കോട്ടകൾ തകരുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് റൂസോ കാഴ്ചവെച്ചത്. 23 പന്തുകൾ മത്സരത്തിൽ നേരിട്ട റൂസോ 5 ബൗണ്ടറികളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെ 43 റൺസ് സ്വന്തമാക്കി. ഇതോടെ പഞ്ചാബ് വിജയത്തിലേക്ക് അടുക്കുകയായിരുന്നു. അവസാന ഓവറുകളിൽ ശശാങ്ക് സിംഗും(25) നായകൻ സാം കരനും(26) പക്വതയാർന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതോടെ പഞ്ചാബ് അനായാസം വിജയം സ്വന്തമാക്കി.

Scroll to Top