വീണ്ടും കൊല്ലം സ്വാഗ്. കാലിക്കറ്റിനെ വിറപ്പിച്ച് കെസിഎല്ലിന്റെ പ്ലേയോഫിൽ.

FB IMG 1726237178080

കാലിക്കറ്റിനെതിരായ കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി കൊല്ലം സെയിലേഴ്സ്. ഓപ്പണർ അരുൺ പൗലോസിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് കൊല്ലം കാലിക്കറ്റിനെ പരാജയപ്പെടുത്തിയത്. 3 വിക്കറ്റുകൾക്കായിരുന്നു കൊല്ലത്തിന്റെ ഈ ത്രസിപ്പിക്കുന്ന വിജയം. ഈ വിജയത്തോടെ കെസിഎല്ലിന്റെ പ്ലേഓഫിലേക്ക് യോഗ്യത നേടാൻ കൊല്ലത്തിന് സാധിച്ചിട്ടുണ്ട്. ഇതുവരെ ടൂർണമെന്റിൽ 8 മത്സരങ്ങൾ കളിച്ച കൊല്ലം 7 മത്സരങ്ങളിലും വിജയം സ്വന്തമാക്കുകയുണ്ടായി. 14 പോയിന്റുകളാണ് കൊല്ലത്തിനുള്ളത്.

മത്സരത്തിൽ ടോസ് നേടിയ കാലിക്കറ്റ് ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു തട്ടുപൊളിപ്പൻ തുടക്കം തന്നെയാണ് കാലിക്കറ്റിന് ഓപ്പണർമാരായ ഒമർ അബൂബക്കറും രോഹൻ കുന്നുമ്മലും നൽകിയത്. ഇരുവരും പവർപ്ലേ ഓവറുകളിൽ തന്നെ ബൗണ്ടറികൾ കണ്ടെത്തി കാലിക്കറ്റിനെ മുൻപിലെത്തിച്ചു. 28 പന്തുകളിൽ 47 റൺസാണ് അബൂബക്കർ മത്സരത്തിൽ നേടിയത്. 7 ബൗണ്ടറികളും 2 സിക്സറുകളും അബൂബക്കറിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. നായകൻ കുന്നുമ്മൽ 48 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 61 റൺസ് നേടുകയുണ്ടായി.

ശേഷം അവസാന ഓവറുകളിൽ സൽമാൻ നിസാർ പതിവുപോലെ വെടിക്കെട്ട് തീർത്തതോടെ കാലിക്കറ്റ് മികച്ച നിലയിലേക്ക് എത്തുകയായിരുന്നു. 26 പന്തുകളിൽ 37 റൺസാണ് സൽമാൻ നേടിയത്. ഇതോടെ കാലിക്കറ്റ് നിശ്ചിത 20 ഓവറുകളിൽ 172 എന്ന സ്കോറിലെത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച കൊല്ലത്തിന് തുടക്കത്തിൽ തന്നെ വിക്കറ്റ് കീപ്പർ തേജസിന്റെ വിക്കറ്റ് നഷ്ടമായി. ശേഷം അരുൺ പൗലോസാണ് കൊല്ലത്തിനായി ആദ്യ ഓവറുകളിൽ വെടിക്കെട്ട് തീർത്തത്. കൃത്യമായ രീതിയിൽ ബൗണ്ടറികൾ സ്വന്തമാക്കാൻ അരുണിന് സാധിച്ചിരുന്നു. 24 പന്തുകളിൽ 4 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 44 റൺസാണ് അരുൺ നേടിയത്.

Read Also -  സച്ചിൻ × ജോ റൂട്ട്. 35 ടെസ്റ്റ്‌ സെഞ്ചുറികൾക്ക് ശേഷം മുന്‍പിലാര് ?

ശേഷമെത്തിയ സച്ചിൻ ബേബി 34 റൺസ് സ്വന്തമാക്കി. പിന്നീട് അവസാന ഓവറുകളിൽ കാലിക്കറ്റിനായി ഷറഫുദ്ദീനും അമൽ എജിയും വെടിക്കെട്ട് തീർത്തതോടെ ടീം വിജയത്തിലേക്ക് അടുക്കുകയായിരുന്നു. ഷറഫുദ്ദീൻ 10 പന്തുകളില്‍ 3 ബൗണ്ടറികളും ഒരു സിക്സറുമായി 20 റൺസ് സ്വന്തമാക്കി. അമൽ 7 പന്തുകളിൽ 17 റൺസാണ് നേടിയത്. ഇങ്ങനെ, ഒരു പന്ത് ബാക്കിനിൽക്കെ കൊല്ലം വിജയം സ്വന്തമാക്കി. 3 വിക്കറ്റുകൾക്കാണ് കൊല്ലത്തിന്റെ ഈ ത്രസിപ്പിക്കുന്ന വിജയം. ഇതോടുകൂടി ടൂർണമെന്റിന്റെ പ്ലേയോഫിൽ സ്ഥാനം പിടിക്കാൻ കൊല്ലത്തിന് സാധിച്ചിട്ടുണ്ട്.

Scroll to Top