ലക്നൗവിനെതിരായ ഐപിഎൽ മത്സരത്തിലും അവസാന നിമിഷം കലമുടച്ച് രാജസ്ഥാൻ റോയൽസ്. മത്സരത്തിന്റെ അവസാന ഓവറിൽ 9 റൺസ് ആയിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടത്. എന്നാൽ ലക്നൗ പേസർ ആവേഷ് ഖാൻ തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ചവച്ചതോടെ രാജസ്ഥാൻ കൂപ്പുകുത്തി വീണു. മത്സരത്തിൽ 2 റൺസിന്റെ പരാജയമാണ് രാജസ്ഥാന് നേരിടേണ്ടി വന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരായ അവസാന മത്സരത്തിലും അനായാസം വിജയം സ്വന്തമാക്കാനുള്ള സാഹചര്യം രാജസ്ഥാൻ ഇല്ലാതാക്കിയിരുന്നു..
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗവിന് മികച്ച തുടക്കമാണ് മാക്രം നൽകിയത്. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും മറുവശത്ത് മാക്രം ക്രീസിലുറച്ച് റൺസ് കണ്ടെത്തി. മത്സരത്തിൽ 45 പന്തുകൾ നേരിട്ട മാക്രം 66 റൺസ് സ്വന്തമാക്കുകയുണ്ടായി. 5 ബൗണ്ടറികളും 3 സിക്സറുകളുമാണ് മാക്രത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ശേഷം ലക്നൗവിനായി മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചത് ആയുഷ് ബടോണിയായിരുന്നു. 34 പന്തുകളിൽ 50 റൺസ് നേടി രാജസ്ഥാനെ സമ്മർദ്ദത്തിലാക്കാൻ ബഡോണിയ്ക്ക് സാധിച്ചു. പിന്നീട് അവസാന ഓവറിൽ അബ്ദുൽ സമദിന്റെ ഒരു വെടിക്കെട്ട് ആണ് കാണാൻ സാധിച്ചത്.
4 സിക്സറുകൾ അവസാന ഓവറിൽ സന്ദീപ് ശർമക്കെതിരെ നേടാൻ അബ്ദുൽ സമദിന് സാധിച്ചു. 10 പന്തുകളിൽ 30 റൺസ് ആണ് താരം സ്വന്തമാക്കിയത്. ഇതോടെ നിശ്ചിത 20 ഓവറുകളിൽ 180 എന്ന ശക്തമായ സ്കോറിൽ ലക്നൗ എത്തുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് ഒരു ഞെട്ടിക്കുന്ന തുടക്കമാണ് പതിനാലുകാരനായ സൂര്യവംശിയും ജയസ്വാളും നൽകിയത്. പവർപ്ലേ ഓവറുകളിൽ തന്നെ ലക്നൗ ടീമിനെ സമ്മർദ്ദത്തിലാക്കാൻ ഇരുവർക്കും സാധിച്ചു. മത്സരത്തിൽ 20 പന്തുകളിൽ 34 റൺസാണ് സൂര്യവംശി സ്വന്തമാക്കിയത്. സൂര്യവംശി പുറത്തായ ശേഷവും ജയസ്വാൾ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി.
മൂന്നാം വിക്കറ്റിൽ പരഗിനെ കൂട്ടുപിടിച്ച് ജയസ്വാൾ രാജസ്ഥാനെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. മധ്യ ഓവറുകളിൽ കൃത്യമായി റൺസ് കണ്ടെത്താൻ ജയസ്വാളിനും പരഗിനും സാധിച്ചു. ജയസ്വാൾ മത്സരത്തിൽ 52 പന്തുകളിൽ 74 റൺസ് ആണ് നേടിയത്. 5 ബൗണ്ടറികളും 4 സിക്സറുകളും ജയസ്വാളിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. പരഗ് 26 പന്തുകളിൽ 39 റൺസ് നേടി മികച്ച പിന്തുണയും നൽകി. എന്നാൽ അവസാന ഓവറുകളിൽ ഇരുവരുടെയും വിക്കറ്റ് നഷ്ടമായത് രാജസ്ഥാനെ ബാധിച്ചിരുന്നു.
അവസാന ഓവറിൽ 9 റൺസ് ആയിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടത്. ആവേഷ് എറിഞ്ഞ ഓവറിലെ ആദ്യ 2 പന്തുകളിൽ 3 റൺസ് സ്വന്തമാക്കാൻ രാജസ്ഥാന് സാധിച്ചു. എന്നാൽ മൂന്നാം പന്തിൽ ഹെഡ്മയറുടെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. തൊട്ടടുത്ത പന്ത് ഒരു ഡോട്ട് ബോളായി മാറിയതോടെ രാജസ്ഥാന്റെ വിജയലക്ഷ്യം 2 പന്തുകളിൽ 6 റൺസായി മാറി. അവസാന പന്തിൽ 4 റൺസായിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടത്. എന്നാൽ ഒരു റൺ മാത്രമേ ശുഭം ദുബെയ്ക്ക് നേടാൻ സാധിച്ചുള്ളൂ. ഇതോടെ ലക്നൗ വിജയം സ്വന്തമാക്കി.



