ലോകകപ്പ് സെലക്ഷൻ കിട്ടിയപ്പോളും സഞ്ജു പറഞ്ഞത് കേരള ടീം വിജയിക്കണമെന്നാണ്. ബിജു ജോർജ് പറയുന്നു.

sanju samson practice

തന്റെ സ്വഭാവത്തിലെ വ്യത്യസ്തതകൾ കൊണ്ട് വളരെ ശ്രദ്ധ നേടിയ ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. മൈതാനത്തും മൈതാനത്തിന് പുറത്തും വളരെ ശാന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സഞ്ജു സാംസണ് സാധിക്കുന്നു. മാത്രമല്ല തന്റെ ആരാധകരോട് അങ്ങേയറ്റം മനുഷ്യത്വപരമായാണ് സഞ്ജു പലപ്പോഴും ഇടപെടാറുള്ളത്.

അതിനാൽ തന്നെയാണ് ലോകത്താകമാനം സഞ്ജുവിന് ഇത്രയധികം ആരാധകരുള്ളതും. സഞ്ജുവിനെ സംബന്ധിച്ച് വളരെ വലിയ അവസരമാണ് ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ സെലക്ഷൻ കിട്ടിയതോടുകൂടി ലഭിച്ചിരിക്കുന്നത്. ഒരുപാട് നാളുകൾ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും സഞ്ജുവിന് ലോകകപ്പിൽ അവസരം ലഭിച്ചിരുന്നില്ല. പക്ഷേ തന്റെ ഏറ്റവും വലിയ സ്വപ്നം നിറവേറിയിട്ടും തന്റെ സംസ്ഥാനമായ കേരളത്തിന്റെ കാര്യത്തിലാണ് സഞ്ജുവിന് വലിയ ശ്രദ്ധ എന്ന് സഞ്ജുവിന്റെ മുൻ കോച്ചായ ബിജു ജോർജ് പറയുന്നു.

ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുത്തതിന് ശേഷം സഞ്ജുവുമായി താൻ നടത്തിയ സംഭാഷണത്തെക്കുറിച്ച് ആയിരുന്നു ബിജു ജോർജ് സംസാരിച്ചത്. “സഞ്ജുവിനെ ട്വന്റി20 ലോകകപ്പിലേക്ക് തിരഞ്ഞെടുത്ത് കുറച്ച് മിനിറ്റുകൾക്ക് ശേഷം ഞങ്ങൾ സംസാരിച്ചിരുന്നു. പക്ഷേ അവന് ലോകകപ്പിൽ ഇടം ലഭിച്ചതിന്റെ സന്തോഷം വലുതായി ഉണ്ടായിരുന്നില്ല.”

“വരുന്ന ആഭ്യന്തര സീസണിൽ കേരളത്തിന് കുറഞ്ഞത് ഒരു ട്രോഫിയെങ്കിലും സ്വന്തമാക്കാൻ സാധിക്കണം എന്നാണ് അവൻ ആ സമയത്ത് പറഞ്ഞത്. അക്കാര്യത്തിലാണ് അവൻ സംസാരിക്കാൻ താല്പര്യം കാട്ടിയത്. കേരളത്തിൽ നിന്ന് കൂടുതൽ കുട്ടികൾ ക്രിക്കറ്റിലേക്ക് വരണമെന്നും, ഇത്തരത്തിൽ വിജയങ്ങൾ ഉണ്ടാക്കിയെടുത്താൽ അത് ദേശീയ ലെവലിൽ സഹായകരമായി മാറുമെന്നും അവൻ പറഞ്ഞു.”-ബിജു ജോർജ് പറയുന്നു.

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

ചെറുപ്പകാലം മുതൽ തന്റെ പരിശീലനത്തിൽ വളരെയധികം ശ്രദ്ധിച്ചിരുന്ന താരമാണ് സഞ്ജു സാംസൺ എന്നും ബിജു ജോർജ് പറയുകയുണ്ടായി. “മഴയായാലും വെയിലായാലും സഞ്ജു സാംസണും അവന്റെ സഹോദരൻ സാലിയും, എന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മൈതാനത്തെ നെറ്റ്സിൽ ഉണ്ടാവും. ഒരു ദിവസം അതികഠിനമായ മഴ പെയ്തു കൊണ്ടിരിക്കുകയാണ്. അന്ന് വിഴിഞ്ഞത്തുള്ള തന്റെ വീട്ടിൽ നിന്ന് സഞ്ജു നെറ്റ്സിൽ പരിശീലനത്തിന് എത്തില്ല എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ 25 കിലോമീറ്ററുകൾ താണ്ടി അവൻ പരിശീലനത്തിനായി എത്തി.”- ബിജു കൂട്ടിച്ചേർത്തു.

“അന്ന് സഞ്ജു ഒരു ക്രിക്കറ്റ് കിറ്റ് കയ്യിൽ കരുതിയിരുന്നു. അതിൽ അവന്റെ സ്കൂൾ യൂണിഫോമും ഉണ്ടായിരുന്നു. പരിശീലനത്തിന് ശേഷം സ്കൂളിലേക്ക് അതുവഴി തന്നെ പോകാനായിരുന്നു അവന്റെ പ്ലാൻ. ആ പ്രായത്തിൽ പോലും മറ്റൊരു ലെവലിൽ ചിന്തിക്കാൻ പറ്റിയ താരമാണ് സഞ്ജു. അവന് ഏറ്റവും വലിയ പ്രചോദനമായിട്ടുള്ളത് അവന്റെ പിതാവാണ് എന്ന് ഞാൻ കരുതുന്നു. വളരെ ചെറുപ്പത്തിലാണ് ഞാൻ അവനെ കാണുന്നത്. അന്ന് അവന്റെ പിതാവിനെയും പരിചയപ്പെട്ടിരുന്നു. സഞ്ജുവിന്റെ എല്ലാ മത്സരങ്ങളും കാണാനായി പിതാവ് മൈതാനത്ത് എത്താറുണ്ടായിരുന്നു.”- ബിജു ജോർജ് പറഞ്ഞു വയ്ക്കുന്നു.

Scroll to Top