2025 ചാമ്പ്യൻസ് ട്രോഫിയിലെ ഉഗ്രൻ വിജയത്തിന് ശേഷം ഇന്ത്യൻ നായകനായി ടെസ്റ്റിൽ രോഹിത് ശർമ തന്നെ തുടരുമെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരെ ജൂൺ മുതൽ ഓഗസ്റ്റ് വരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ രോഹിത് തന്നെ ഇന്ത്യൻ ടീമിനെ നയിക്കും എന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സമീപകാലത്ത് ടെസ്റ്റ് മത്സരങ്ങളിൽ വളരെ മോശം ബാറ്റിംഗ് പ്രകടമായിരുന്നു രോഹിത് ശർമ കാഴ്ച വച്ചത്. ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലും രോഹിത് മോശം പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റൻസിൽ നിന്ന് ബിസിസിഐ മാറ്റിനിർത്തും എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നു. പക്ഷേ ഇതിനൊക്കെയും മറുപടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ഇന്ത്യൻ എക്സ്പ്രസ്സിന്റെ റിപ്പോർട്ട് പ്രകാരം രോഹിത് ശർമയ്ക്ക് ബിസിസിഐ വലിയ പിന്തുണ തന്നെ ഇപ്പോൾ നൽകുന്നുണ്ട്. ടീം സെലക്ഷൻ പാനലും രോഹിതിന് സപ്പോർട്ട് നൽകുന്നു. ഈ സാഹചര്യത്തിലാണ് മറ്റൊരു വലിയ പര്യടനത്തിൽ കൂടി ഇന്ത്യൻ ടീമിനെ നയിക്കാനുള്ള അവസരം രോഹിതിന് ഒരുങ്ങിയിരിക്കുന്നത്. “എന്താണ് അവന് ചെയ്യാൻ സാധിക്കുന്നത് എന്ന് അവൻ നമുക്ക് കാട്ടിത്തന്നു. അതുകൊണ്ടുതന്നെ എല്ലാ അംഗങ്ങളെ സംബന്ധിച്ചും രോഹിത് ശർമ തന്നെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയെ നയിക്കണമെന്ന അഭിപ്രായമാണുള്ളത്. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ തനിക്ക് ഇനിയും കളിക്കണമെന്ന കാര്യം രോഹിത് ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞു.”- ഒരു ബിസിസിഐ വൃത്തം പറയുന്നു.
2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശർമ തന്റെ വിരമിക്കൽ പദ്ധതികളെ പറ്റി സംസാരിച്ചിരുന്നു. യാതൊരു തരത്തിലുള്ള റൂമറകളും ആവശ്യമില്ലെന്നും താനിപ്പോൾ വിരമിക്കാൻ തീരുമാനിച്ചിട്ടില്ല എന്നുമായിരുന്നു രോഹിത് മത്സരശേഷം സംസാരിച്ചത്. “ഇപ്പോൾ ഞാൻ നന്നായി തന്നെ കളിക്കുന്നുണ്ട്. മാത്രമല്ല ക്രിക്കറ്റ് നന്നായി ഞാൻ ആസ്വദിക്കുന്നു. അതുകൊണ്ടുതന്നെ മുൻപോട്ട് പോകാനാണ് തീരുമാനം. എന്നിരുന്നാലും 2027 വരെ എനിക്ക് തുടരാൻ സാധിക്കുമോ എന്ന് ഉറപ്പില്ല. എന്തെന്നാൽ അത് ഇനിയും ഒരുപാട് ദൂരത്താണ്.”- രോഹിത് പറയുകയുണ്ടായി.
“ഈ ടീമിനൊപ്പം കളിക്കുന്നത് എനിക്ക് വലിയ സന്തോഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. പല സമയത്തും എനിക്ക് ഒരുപാട് അഭിമാനം തോന്നാറുണ്ട്. അത്ര മികച്ച രീതിയിലാണ് ടീം മുൻപോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ഈ ടീമിൽ നിന്ന് വിട്ടുപോകാൻ ഞാൻ തയ്യാറാവുന്നില്ല. ഈ സമയത്ത് ഞങ്ങളെല്ലാവരും നന്നായി ആസ്വദിച്ചാണ് കളിക്കുന്നത്.”- രോഹിത് കൂട്ടിച്ചേർക്കുകയുണ്ടായി. എന്നിരുന്നാലും സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ വളരെ മോശം പ്രകടനങ്ങൾ തന്നെയായിരുന്നു രോഹിത് കാഴ്ചവച്ചത്. ഇതിനെതിരെ വലിയ വിമർശനങ്ങളും ആ സമയത്ത് ഉയർന്നിരുന്നു.



