ഇന്ത്യൻ ടീം നായകൻ രോഹിത് ശർമയ്ക്കെതിരെ വലിയ വിവാദ പരാമർശവുമായി രാഷ്ട്രീയ നേതാവ് ഷമ മുഹമ്മദ്. രോഹിതിന്റെ ശരീരത്തെ അടക്കം വളരെ മോശമായി വിമർശിച്ചുകൊണ്ടാണ് ഷമ രംഗത്ത് എത്തിയത്. രോഹിത് ശർമ കായികതാരത്തിന് ചേരാത്ത തരത്തിലുള്ള ശരീരമുള്ള വ്യക്തിയാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷമ മുഹമ്മദ്. ഇന്ത്യ ഇതുവരെ കണ്ടതിൽ ഏറ്റവും മോശം ക്യാപ്റ്റന്മാരിൽ ഒരാളാണ് രോഹിത് ശർമ എന്നും ഷമ വിമർശിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ ഇട്ട പോസ്റ്റിലാണ് ഷമ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരുപാട് വിമർശനങ്ങളാണ് ഷമയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലെ ഈ പോസ്റ്റിനെതിരെ ഉയർന്നത്. “ഒരു കായിക താരം എന്ന നിലയ്ക്ക് രോഹിത് ഒരുപാട് വണ്ണമുള്ള വ്യക്തിയാണ്. അവൻ തന്റെ ശരീരഭാരം കുറയ്ക്കേണ്ടതുണ്ട്. ഇന്ത്യ ഇതുവരെ കണ്ടതിൽ ഏറ്റവും മോശം നായകന്മാരിൽ ഒരാൾ തന്നെയാണ് രോഹിത് ശർമ.”- ഇതായിരുന്നു ഷമ ട്വിറ്ററിൽ കുറിച്ചത്. ഇതിന് മറുപടിയുമായി ഒരുപാടുപേർ രംഗത്തെത്തുകയുണ്ടായി. രോഹിത് ശർമ ലോകനിലവാരമുള്ള ഒരു താരമാണെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞപ്പോൾ ഷമ നൽകിയ മറുപടിയും വ്യത്യസ്തമായിരുന്നു.
“ലോകനിലവാരം എന്ന് പറയാൻ എന്താണ് രോഹിത് ശർമയ്ക്കുള്ളത്. അയാൾക്ക് മുൻപ് വന്ന താരങ്ങളായ ഗാംഗുലി, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, മഹേന്ദ്ര സിംഗ് ധോണി, കപിൽ ദേവ്, രവീ ശാസ്ത്രി എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ രോഹിത് ഒരു മികച്ച താരമല്ല. ഒരു ശരാശരി നായകൻ എന്ന് വേണമെങ്കിൽ രോഹിത്തിനെ പറയാം. ഇന്ത്യയുടെ നായകനാവാൻ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരൻ.”- ഷമ ഒരു ഒരു ട്വിറ്റർ ഉപയോക്താവിന് മറുപടി നൽകുകയുണ്ടായി. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഷമയുടെ ഈ പോസ്റ്റിനെതിരെ വന്നിരിക്കുന്നത്.
ഇത്തരത്തിൽ വലിയ വിമർശനങ്ങൾ വന്നതിന് പിന്നാലെ ഈ പോസ്റ്റ് പിൻവലിക്കാനും ഷമ തയ്യാറായി. തന്റെ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് അടക്കം വലിയ രീതിയിലുള്ള പൊട്ടിത്തെറികൾ ഉണ്ടായതിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിൻവലിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും വലിയൊരു സാമൂഹ്യ മാധ്യമ പോരാട്ടത്തിലാണ് ഷമയുടെ ഈ പോസ്റ്റ് വഴി വച്ചത്. അതേസമയം ഇന്ത്യൻ ടീമിനെ വളരെ അഭിമാനകരമായി ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനൽ എത്തിച്ച ആത്മവിശ്വാസത്തിലാണ് രോഹിത് ശർമ. ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളിലും വിജയം സ്വന്തമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ എത്തിയിരിക്കുന്നത്



