രോഹിത് ശർമ ഇത്തരത്തിൽ മികച്ച ഫോം തുടരുകയാണെങ്കിൽ ഇന്ത്യയ്ക്ക് 2025 ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കാൻ സാധിക്കുമെന്ന് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദ്ദീൻ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു രോഹിത് ശർമ കാഴ്ചവച്ചത്. ഇംഗ്ലണ്ട് ബോളർമാരെ പൂർണമായും അടിച്ചൊതുക്കിയ രോഹിത് ശർമ തന്റെ 32ആം ഏകദിന സെഞ്ച്വറിയും മത്സരത്തിൽ സ്വന്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ കഴിഞ്ഞ 16 ഇന്നിംഗ്സുകളിലും പതറിയ രോഹിത് ശർമയുടെ ഉഗ്രൻ തിരിച്ചുവരവാണ് കട്ടക്കിൽ കാണാൻ സാധിച്ചത്. ഇതിന് പിന്നാലെയാണ് മുഹമ്മദ് അസറുദ്ദീൻ രംഗത്ത് എത്തിയിരിക്കുന്നത്.
മത്സരത്തിൽ 76 പന്തുകളിലായിരുന്നു രോഹിത് ശർമ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 12 ബൗണ്ടറികളും 7 സിക്സറുകളും രോഹിത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത്തിന്റെ പ്രകടനം എത്രമാത്രം നിർണായകമാണ് എന്ന് തുറന്നു പറഞ്ഞണ് അസറുദ്ദീൻ പിന്നീട് രംഗത്തെത്തിയത്. “ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ഞാൻ ആശംസകൾ അറിയിക്കുകയാണ്. രോഹിത് ഇത്തരത്തിൽ ചാമ്പ്യൻസ് ട്രോഫിയിലും മികവ് പുലർത്തുകയാണെങ്കിൽ ഇന്ത്യയ്ക്ക് കിരീടം സ്വന്തമാക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ അവൻ മികച്ച ഫോമിലാണ്.”- അസറുദ്ദീൻ പറഞ്ഞു.
“രോഹിത് ഒരു ക്ലാസ് കളിക്കാരൻ തന്നെയാണ്. റൺസ് സ്വന്തമാക്കാൻ അവൻ ശ്രമിച്ചുകൊണ്ടേയിരിക്കും. കഴിഞ്ഞ ദിവസം അവന്റെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് കണ്ടത്. അവിസ്മരണീയ ഇന്നിങ്സാണ് അവൻ കഴിഞ്ഞ ദിവസം കാഴ്ചവച്ചത്. പല റെക്കോർഡുകളും തകർത്തെറിയാനും അവന് ഇതോടെ സാധിച്ചു. സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് അവൻ തകർക്കുകയുണ്ടായി. അതിൽ ഞാൻ അവനെ അഭിനന്ദിക്കുന്നു. ചാമ്പ്യൻസ് ട്രോഫിയിലും അവൻ ഈ പ്രകടനം ആവർത്തിക്കും എന്നാണ് ഞാൻ കരുതുന്നത്.”- അസറുദ്ദീൻ കൂട്ടിച്ചേർത്തു.
നിലവിൽ രോഹിത് ശർമയുടെ വിരമിക്കലിനെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കേണ്ടത് രോഹിത് ശർമയാണ് എന്ന് അസറുദ്ദീൻ പറയിക്കുകയുണ്ടായി. “ഈ തീരുമാനമെടുക്കാനുള്ള എല്ലാ അവകാശവുമുള്ളത് രോഹിത് ശർമയ്ക്ക് മാത്രമാണ്. മത്സരത്തിൽ സജീവമായി തുടരുന്ന ഒരു താരത്തിന് താൻ എപ്പോൾ വിരമിക്കണമെന്ന് പൂർണമായ ബോധ്യമുണ്ടാകും.”- അസറുദ്ദീൻ പറഞ്ഞുവയ്ക്കുന്നു. ഫെബ്രുവരി 12ന് അഹമ്മദാബാദിലാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന മത്സരം നടക്കുന്നത്.



