2025 ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം നാളെ ന്യൂസിലാൻഡിനെതിരെയാണ് നടക്കുന്നത. മത്സരത്തിൽ പരിക്ക് മൂലം ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കില്ല എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ നായകനായി യുവതാരം ശുഭമാൻ ഗിൽ എത്തിയേക്കും. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയായിരുന്നു രോഹിതിന് കാലിന് പരിക്കേറ്റത്.
ശേഷം മത്സരത്തിൽ അല്പസമയം തുടരാൻ രോഹിത്തിന് സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 26ആം ഓവറിൽ രോഹിത് മൈതാനത്തു നിന്ന് പോവുകയാണ് ഉണ്ടായത്. പിന്നീട് രോഹിത് ബാറ്റിങ്ങിനായി ക്രീസിലെത്തിയിരുന്നു. പക്ഷേ തന്റെ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാവാൻ രോഹിത്തിന് സാധിച്ചില്ല.
ഈ സാഹചര്യത്തിലാണ് ന്യൂസിലാൻഡിനെതിരായ ഗിൽ മത്സരത്തിൽ നായകനാവും എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദുബായിൽ ബുധനാഴ്ച ഇന്ത്യയുടെ ആദ്യ പരിശീലന സെഷനിൽ രോഹിത് ശർമ ബാറ്റ് ചെയ്തിരുന്നില്ല. ബുധനാഴ്ച ഇന്ത്യൻ നിരയിൽ ബാറ്റിംഗ് പരിശീലനത്തിൽ ഏർപ്പെടാതിരുന്ന ഒരേയൊരു താരം രോഹിത് ശർമ മാത്രമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാത്രമല്ല അനിവാര്യമായ ഫീൽഡിങ് പരിശീലനത്തിലും രോഹിത് മൈതാനത്ത് എത്തിയിരുന്നില്ല. അതേസമയം പരിശീലകനായ ഗൗതം ഗംഭീറുമായി ടീമിന്റെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ രോഹിത് സമയം കണ്ടെത്തിയിരുന്നു.
എന്നിരുന്നാലും രോഹിത്തിന്റെ പരിക്ക് അത്ര സാരമില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പക്ഷേ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ മത്സരം അത്ര പ്രസക്തി ഇല്ലാത്തതായതിനാൽ രോഹിത്തിന് വിശ്രമം നൽകാനാണ് ബിസിസിഐയുടെ തീരുമാനം. മാത്രമല്ല അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന് ശേഷം ആദ്യ സെമി ഫൈനലിലേക്ക് ഇന്ത്യയ്ക്ക് വലിയ ഇടവേളയില്ല എന്നതും രോഹിതിന് വിശ്രമം അനുവദിക്കാൻ ഒരു കാരണമാണ്. മാർച്ച് രണ്ടിന് ന്യൂസിലാൻഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരം നടക്കുമ്പോൾ, മാർച്ച് നാലിന് ഇന്ത്യയുടെ സെമി ഫൈനൽ മത്സരം നടക്കും.
എന്നിരുന്നാലും ഇതുവരെയും സെമിഫൈനലിൽ ഏത് ടീം ഇന്ത്യയുടെ എതിരാളികളായി വരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് സെമിഫൈനൽ സാധ്യതകൾ തേടുന്നത്. ഇതിൽ ഓസ്ട്രേലിയ സെമിഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മറ്റു ടീമുകളുടെ ഫലം അവസാന ഗ്രൂപ്പ് മത്സരത്തിന് ശേഷം മാത്രമേ വ്യക്തമാവൂ. ഇന്ത്യയെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന മത്സരം വളരെ നിർണായകമാണ്.



