“രോഹിതിന്റെയും കോഹ്ലിയുടെയും കഴിവുകളുള്ള യുവതാരമാണ് അവൻ “- ഇന്ത്യൻ താരത്തെ പറ്റി ഹർഭജൻ.

നിലവിൽ ബാറ്റിംഗ് നിരയിലും ബോളിങ്‌ നിലയിലും ഒരുപാട് മാച്ച് വിന്നർമാരുള്ള ടീമാണ് ഇന്ത്യ. വിരാട് കോഹ്ലിയും രോഹിത് ശർമയും ഇന്ത്യക്കായി സമീപകാലത്ത് ഒരുപാട് മത്സരങ്ങൾ വിജയിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം ഗില്ലിനെയും ജയസ്വാളിനെയും പോലെയുള്ള താരങ്ങളും ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് സ്ഥിരത നൽകുന്നു.

2025 ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് ഗില്ലും പുറത്തെടുത്തത്. ശേഷം ഗില്ലിനെ അങ്ങേയറ്റം പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.

നിലവിൽ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും കഴിവുകളുള്ള ഒരു താരം തന്നെയാണ് ഗിൽ എന്ന് ഹർഭജൻ പറയുകയുണ്ടായി. തന്റെ രാജ്യത്തെ, മത്സരങ്ങളിൽ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്വം ഗിൽ മൈതാനത്ത് കാട്ടുന്നുണ്ട് എന്നാണ് ഹർഭജൻ കരുതുന്നത്. “വിരാട് കോഹ്ലിയുടെയും രോഹിത്തിന്റെയും സവിശേഷതകൾ ചേർന്ന ഒരു ക്രിക്കറ്ററാണ് ശുഭമാൻ ഗിൽ. പാക്കിസ്ഥാനെതിരെ അവൻ കളിച്ച കവർ ഡ്രൈവുകൾ വിരാട് കോഹ്ലിയുടേതിന് സമാനമായിരുന്നു. രോഹിത്തിനെ പോലെ പുൾ ഷോട്ടുകൾ കളിക്കാനുള്ള കഴിവും ഗില്ലിനുണ്ട്.”- ഹർഭജൻ സിംഗ് പറഞ്ഞു.

“ഗില്ലിന്റെ ബാറ്റിംഗിലെ ഏറ്റവും വലിയ പ്രത്യേകത അവൻ അനാവശ്യ ഷോട്ടുകൾ കളിച്ച് വിക്കറ്റ് വലിച്ചെറിയില്ല എന്നതാണ്. അവന് അവന്റെതായ രീതിയിൽ നിയന്ത്രിക്കാൻ സാധിക്കുന്നു. വലിയ സ്വപ്നങ്ങൾ അടങ്ങിയ ഷോട്ടുകൾ അവൻ പലപ്പോഴും ഒഴിവാക്കുന്നു. അത് അവനെ കൂടുതൽ പ്രത്യേകതയുള്ള താരമാക്കി മാറ്റുന്നുണ്ട്.”- ഹർഭജൻ കൂട്ടിച്ചേർത്തു. പാകിസ്ഥാനെതിരായ മത്സരത്തിൽ 46 റൺസായിരുന്നു ഗിൽ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്ക് മത്സരത്തിൽ മികച്ച തുടക്കം നൽകാനും താരത്തിന് സാധിച്ചു.

“അഥവാ ഇന്ത്യ 300ഓ 350ഓ റൺസാണ് ചെയ്സ് ചെയ്യുന്നതെങ്കിലും തുടക്കത്തിൽ തന്നെ ഗിൽ ഇന്ത്യയെ നന്നായി നയിക്കും. ഒരിക്കലും അവൻ തുടക്കത്തിൽ അവന്റെ വിക്കറ്റ് എതിർടീമിന് നൽകില്ല. അണ്ടർ 19 ദിവസങ്ങൾ മുതൽ എനിക്ക് ഗില്ലിനെ നന്നായി അറിയാം. ഇത്തരം കളിക്കാരാണ് മുൻപിലേക്ക് വരേണ്ടത്. ഇങ്ങനെയുള്ളവരെ ഉയർത്തിക്കൊണ്ടു വന്നില്ല എങ്കിൽ, ഒരുപക്ഷേ നമ്മൾ അവരുടെ പ്രതിഭയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ പ്രതിഭകളെ ഇല്ലാതാക്കുന്നതിൽ യാതൊരു കാര്യവുമില്ല.”- ഹർഭജൻ പറഞ്ഞു വയ്ക്കുന്നു.