രഞ്ജി ഫൈനലിൽ കളിക്കാൻ പറ്റാത്തതിൽ നിരാശയുണ്ട്. കേരളം ചാമ്പ്യൻമാരാവും. സഞ്ജു സാംസൺ

ഇത്തവണത്തെ രഞ്ജി ട്രോഫി ടൂർണമെന്റിൽ അത്യുഗ്രൻ പ്രകടനം കാഴ്ചവച്ച് ചരിത്രം തിരുത്തി കുറിക്കാൻ കേരള ടീമിന് സാധിച്ചിരുന്നു. സെമിഫൈനൽ മത്സരത്തിൽ ഗുജറാത്തിനെ കൂച്ചുവിലങ്ങിട്ടാണ് കേരളം ഫൈനലിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി 26ന് വിദർഭ ടീമിനെതിരെയാണ് കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനൽ മത്സരം നടക്കുന്നത്.

74 വർഷത്തെ രഞ്ജി ചരിത്രത്തിൽ ആദ്യമായാണ് കേരളം ഫൈനലിൽ സ്ഥാനം കണ്ടെത്തുന്നത്. എന്നാൽ ഈ സമയത്ത് മലയാളികൾക്ക് ഏറ്റവും വലിയ നിരാശ, തങ്ങളുടെ പ്രിയ താരം സഞ്ജു സാംസൺ ടീമിൽ ഉൾപ്പെടുന്നില്ല എന്നതാണ്. കേരളത്തിനായി ഇത്തരം ഒരു സാഹചര്യത്തിൽ കളിക്കാൻ സാധിക്കാതിരിക്കുന്നത് തനിക്കും വലിയ നിരാശയുണ്ടാക്കുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു ഇപ്പോൾ.

തനിക്ക് കേരളത്തിനായി കളിക്കണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു എന്ന് സഞ്ജു പറയുന്നു. എന്നാൽ ഈ അവസരത്തിൽ കളിക്കാൻ തനിക്ക് സാധിക്കില്ലെങ്കിലും, ടീമിന് പൂർണമായ പിന്തുണ നൽകാനും സഞ്ജു സാംസൺ മറന്നില്ല. “നമ്മുടെ കേരള ടീം രഞ്ജി ട്രോഫിയിലെ ചാമ്പ്യന്മാർ ആവണമെന്ന വലിയ ആഗ്രഹം എനിക്കുണ്ട്.”- സഞ്ജു സാംസൺ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇത്തവണത്തെ രഞ്ജി സീസണിൽ കേവലം ഒരു മത്സരം മാത്രമായിരുന്നു സഞ്ജുവിന് കേരളത്തിനായി കളിക്കാൻ സാധിച്ചത്. ശേഷം സഞ്ജു ഇന്ത്യൻ ടീമിൽ കളിക്കുന്നതിനായി പുറപ്പെടുകയുണ്ടായി.

പിന്നീട് സഞ്ജുവും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതെപ്പറ്റിയും സഞ്ജു സാംസൺ സംസാരിച്ചു. നിലവിൽ കെസിഎയുമായി നല്ലൊരു ബന്ധമാണ് തനിക്ക് ഉള്ളത് എന്ന് സഞ്ജു പറയുന്നു. വിജയ് ഹസാരെ ട്രോഫിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സഞ്ജു സാംസനെ ഒഴിവാക്കിയിരുന്നു. കേരളത്തിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതിന് പിന്നാലെ ആയിരുന്നു കെസിഎ സഞ്ജുവിനെ വലിയ ടൂർണമെന്റിൽ നിന്ന് മാറ്റി നിർത്തിയത്. ഇതിന് ശേഷമായിരുന്നു വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ സഞ്ജു ശേഷം ഇന്ത്യൻ ടീമിൽ കളിക്കുകയും പിന്നീട് പരിക്കു പറ്റുകയുമാണ് ഉണ്ടായത്.

ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ സാധിക്കാതിരുന്നതും തനിക്ക് വലിയ രീതിയിൽ നിരാശയുണ്ടാക്കി എന്ന് സഞ്ജു സാംസൺ പറഞ്ഞു. “ഇന്ത്യൻ ടീമിനായി ചാമ്പ്യൻസ് ട്രോഫി ക്യാമ്പയിനിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതിൽ എനിക്ക് വലിയ നിരാശ തന്നെയാണ് ഉള്ളത്. എന്നിരുന്നാലും നിലവിൽ ഞാൻ രാജസ്ഥാൻ റോയൽസിന്റെ ക്യാമ്പിൽ പരിശീലനത്തിലാണ്. രാഹുൽ ദ്രാവിഡിന്റെ കീഴിലുള്ള പരിശീലനം എനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നുണ്ട്. ഇത്തവണത്തെ ഐപിഎല്ലിൽ കിരീടം സ്വന്തമാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും.”- സഞ്ജു സാംസൺ കൂട്ടിച്ചേർക്കുകയുണ്ടായി.