“മോശം തീരുമാനങ്ങൾ. അമ്പയർമാരാണ് രാജസ്ഥാനെ തോല്പിച്ചത്”, സഹീറും റെയ്‌നയും തുറന്ന് പറയുന്നു.

sanju umpire

രാജസ്ഥാൻ റോയൽസിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് ശേഷം വിവാദങ്ങൾ കത്തിക്കയറുകയാണ്. മത്സരത്തിൽ അമ്പയറിങ്ങിൽ വന്ന മോശം തീരുമാനങ്ങളാണ് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെ പുറത്താക്കാൻ ഷൈ ഹോപ്പ് എടുത്ത ക്യാച്ചിനെ സംബന്ധിച്ചാണ് വലിയ രീതിയിൽ ചർച്ചകൾ പുരോഗമിക്കുന്നത്.

മത്സരത്തിൽ ഒരു വമ്പൻ സിക്സർ നേടാൻ സഞ്ജു സാംസൺ ശ്രമിക്കുകയായിരുന്നു. ലോങ്ങ് ഓണിൽ നിന്ന ഹോപ്പ് ഈ പന്ത് കൈപ്പിടിയിൽ ഒതുക്കുകയുണ്ടായി. പക്ഷേ ഹോപ്പിന്റെ കാൽപാദം ബൗണ്ടറി ലൈനിൽ സ്പർശിക്കുന്നത് വ്യക്തമായിരുന്നു. ഈ ദൃശ്യം കൃത്യമായി പരിശോധിക്കാതെ തേർഡ് അമ്പയര്‍ സഞ്ജുവിനെ പുറത്താക്കുകയുണ്ടായി. ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളായ സഹീർ ഖാനും സുരേഷ് റെയ്നയും.

വലിയ സ്ക്രീനിൽ ഔട്ട് എന്ന് എഴുതി കാണിച്ച സമയത്ത് സഞ്ജു പൂർണ്ണമായും നിരാശനാവുകയായിരുന്നു. ശേഷം ഓൺഫീഡ് അംപയർമാരുടെ അടുത്ത് ചെന്ന് വാക്കുകൾ കൈമാറുകയും ചെയ്തു. വീണ്ടും റിവ്യൂ കൈക്കൊള്ളാൻ സാധിക്കുമോ എന്ന് സഞ്ജു അമ്പയറോട് ചോദിച്ചു. പക്ഷേ അത്തരമൊരു നിയമം നിലവിൽ ഐപിഎല്ലിൽ ഇല്ല.

ഈ സാഹചര്യത്തിൽ നിരാശനായാണ് സഞ്ജു സാംസൺ മടങ്ങിയത്. ഇതിന് ശേഷമാണ് സഹീർ ഖാനും സുരേഷ് റെയ്നയും സഞ്ജുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. മത്സരത്തിൽ അമ്പയർ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നു എന്നാണ് ഇരുവരും പറയുന്നത്. വ്യത്യസ്തമായ ആംഗിളിൽ ഒന്നുകൂടി പരിശോധനയ്ക്ക് വിധേയമാക്കേണ്ട ക്യാച്ച് ആയിരുന്നു അത് എന്ന് സഹീർ പറയുന്നു.

Read Also -  2025 ഐപിഎല്ലിലും സഞ്ജു രാജസ്ഥാൻ നായകൻ. സ്ഥിരീകരിച്ച് രാജസ്ഥാൻ റോയൽസ്.

“മത്സരത്തിൽ സഞ്ജു സാംസന്റെ വിക്കറ്റാണ് ഡൽഹിക്ക് കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കി മാറ്റിയത്. ഇത്രയും വലിയൊരു തീരുമാനം കൈക്കൊള്ളുന്നതിന് മുൻപ് ടിവി അമ്പയർ കൃത്യമായ സമയം എടുക്കേണ്ടതായിരുന്നു. ഫീൽഡറുടെ കാൽപാദം ബൗണ്ടറി റോപ്പിൽ സ്പർശിക്കുന്നതായി റിപ്ലെകളിൽ കാണാൻ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത് വളരെ ക്ലോസായ ഒരു കോൾ തന്നെയായിരുന്നു. അതിനാൽ ഔദ്യോഗിക അമ്പയർമാർ വ്യത്യസ്തമായ ആംഗിളുകളിൽ നിന്ന് പരിശോധിക്കാൻ തയ്യാറാവണമായിരുന്നു. വളരെ മോശം തീരുമാനമായി.”- സഹീർ ഖാൻ പറഞ്ഞു.

ഇത്തരത്തിൽ അമ്പയറിനെതിരെ വിമർശനം ഉന്നയിച്ചാണ് സുരേഷ് റെയ്നയും രംഗത്ത് എത്തിയത്. “അവസാന തീരുമാനത്തിലേക്ക് എത്തുന്നതിന് മുമ്പ് വ്യത്യസ്തമായ ആംഗിളുകൾ പരിശോധിക്കാൻ അമ്പയർ തയ്യാറായില്ല. ഇത്തരം തീരുമാനങ്ങൾക്ക് കുറച്ചധികം സമയം കൂടി കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പക്ഷേ ഇവിടെ ടിവി അമ്പയർ കൃത്യമായ പ്രക്രിയ പിന്തുടർന്നതായി എനിക്ക് തോന്നിയില്ല.”- സുരേഷ് റെയ്ന പറഞ്ഞു.

ഒപ്പം മത്സരത്തിന്റെ പത്തൊൻപതാം ഓവറിൽ പവലിനെതിരെ ഡൽഹി ബോളർ സലാം എറിഞ്ഞ പന്ത് വൈഡ് നൽകാത്തതിനെ സംബന്ധിച്ചും സംസാരിക്കുകയുണ്ടായി. ഇത്തരത്തിൽ അമ്പയർമാരുടെ മോശം തീരുമാനങ്ങൾ ഡൽഹിക്ക് സഹായകരമായി എന്നാണ് ഇരുവരും പറഞ്ഞത്.

Scroll to Top