മറ്റുള്ളവർ ഗംഭീരമായി കളിച്ചതുകൊണ്ടാണ് സഞ്ജു ലോകകപ്പിൽ നിന്ന് പുറത്തായത്. സഞ്ജു തിരിച്ചുവരുമെന്ന് ടിനു യോഹന്നാൻ.

2023 ഏകദിന ലോകകപ്പ് നാളെയാണ് ആരംഭിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ ടീം പൂർത്തിയാക്കി കഴിഞ്ഞു. വളരെ മികച്ച ഒരു സ്ക്വാഡിനെയാണ് ഇത്തവണ ഇന്ത്യ ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി, ബൂമ്രാ തുടങ്ങിയ സീനിയർ താരങ്ങൾക്കൊപ്പം ശുഭമാൻ ഗില്‍, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ തുടങ്ങിയ യുവതാരങ്ങളും അണിനിരക്കുമ്പോൾ വലിയൊരു നിര തന്നെയാണ് ഇന്ത്യ.

ഇന്ത്യൻ മണ്ണിൽ നടക്കുന്നതിനാൽ തന്നെ ഈ ലോകകപ്പിൽ ഇന്ത്യയുടെ വിജയസാധ്യതകൾ വളരെ വലുതാണ്. പല മുൻ താരങ്ങളും ഇന്ത്യയെ ഫേവറേറ്റുകളായി ഇതിനോടകം തന്നെ വിധി എഴുതിക്കഴിഞ്ഞു. എന്നാൽ ലോകകപ്പ് ടീമിലെ വലിയൊരു നിരാശ സഞ്ജു സാംസണിന്റെ അഭാവമാണ്. ഈ നിരാശയെ സംബന്ധിച്ചാണ് മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ ഇപ്പോൾ സംസാരിക്കുന്നത്.

സഞ്ജു സാംസണ് ലോകകപ്പിൽ സ്ഥാനം ലഭിക്കാതിരിക്കുന്നത് വലിയ നിരാശ ഉണ്ടാക്കുന്നുണ്ട് എന്ന് ടിനു യോഹന്നാൻ പറയുന്നു. എന്നിരുന്നാലും സഞ്ജു ടീമിൽ ഇല്ലാതെയാവാൻ കാരണം സഞ്ജുവിന്റെ മോശം പ്രകടനമല്ല എന്നതാണ് ടിനുവിന്റെ അഭിപ്രായം. മറ്റ് ഇന്ത്യൻ താരങ്ങൾ തങ്ങൾക്ക് ലഭിച്ച അവസരം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ചത് സഞ്ജുവിന്റെ സ്ഥാനത്തെ ബാധിച്ചിട്ടുണ്ട് എന്ന് ടിനു പറയുന്നു. “ട്വന്റി20 ലോകപ്പ് അവസാനിച്ചതിന് ശേഷം സഞ്ജു സാംസണ് ഇന്ത്യയുടെ ടീമിൽ കളിക്കാൻ ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്നാണ് ഞങ്ങളൊക്കെയും കരുതിയത്. എന്നാൽ അത്തരത്തിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.”- ടിനു യോഹന്നാൻ പറയുന്നു.

“എന്നെ സംബന്ധിച്ച് സഞ്ജുവിന് ലഭിച്ച അവസരങ്ങളിൽ തരക്കേടില്ലാത്ത പ്രകടനം അയാൾ കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ സഞ്ജുവിന്റെ പ്രകടനത്തിനും മുകളിൽ നിൽക്കുന്നതായിരുന്നു ടീമിലെ സഞ്ജുവിന്റെ എതിരാളികളുടെ പ്രകടനം. അങ്ങനെ മറ്റു താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തതാണ് സഞ്ജുവിന്റെ ലോകകപ്പിലെ അഭാവത്തിന് കാരണം. ഇഷാൻ കിഷൻ, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ഇന്ത്യൻ ടീമിൽ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. അത് നല്ല സൂചനകളാണ് ഇന്ത്യയ്ക്ക് നൽകുന്നത്. തങ്ങൾക്ക് ലഭിച്ച പരിമിതമായ അവസരങ്ങൾ അവർ നന്നായി പ്രയോജനപ്പെടുത്തി.”- ടിനു കൂട്ടിച്ചേർക്കുന്നു.

“സഞ്ജു ഗംഭീര പ്രകടനങ്ങൾ നടത്താത്തതിനെക്കാൾ മറ്റുള്ളവരുടെ പ്രകടനങ്ങളാണ് സഞ്ജുവിന്റെ അവസരങ്ങളിൽ കുറവുണ്ടാക്കിയത്. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് നല്ല സൂചനയാണ്. എന്നിരുന്നാലും സഞ്ജു സാംസൺ തിരിച്ചുവരിക തന്നെ ചെയ്യും. അവൻ നന്നായി കഠിനാധ്വാനം ചെയ്യുന്നവനാണ്.”- ടിനു യോഹന്നാൻ പറഞ്ഞുവെക്കുന്നു. ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്.