ബോളിങ്ങിലും ബാറ്റിങ്ങിലും കൃത്യമായി ആധിപത്യം സ്ഥാപിച്ച വിജയമാണ് ഇന്ത്യ പാകിസ്ഥാനെതിരെ ദുബായ് സ്റ്റേഡിയത്തിൽ നേടിയത്. മത്സരത്തിന്റെ ആദ്യ പന്ത് മുതൽ കൃത്യമായി ബോളിംഗ് മികവോടെ പാക്കിസ്ഥാനെ വിറപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ശേഷം ബാറ്റിങ്ങിലും പൂർണ്ണമായ ആധിപത്യമാണ് ഇന്ത്യ പുലർത്തിയത്.
ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ വിജയം നേടിയ ഇന്ത്യയെ സംബന്ധിച്ച്, ബദ്ധവൈരികളായ പാകിസ്താനോട് നേടിയ ഈ ഉജ്വല വിജയവും വളരെ പ്രധാനപ്പെട്ടതാണ്. ഇതോടെ ഇന്ത്യ ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക് അടുത്തിട്ടുണ്ട്. മത്സരത്തിലെ വിജയത്തെ പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.
തങ്ങളുടെ ടീമിലെ അനുഭവസമ്പത്തിലാണ് താൻ വിശ്വസിച്ചത് എന്ന് രോഹിത് ശർമ മത്സരശേഷം പറഞ്ഞു. “ഞങ്ങൾ മത്സരം ആരംഭിച്ച രീതി വളരെ മികച്ചതായിരുന്നു. ബോളിങ്ങിൽ മികച്ച തുടക്കം ഞങ്ങൾക്കു ലഭിച്ചു. ശേഷം ലൈറ്റിന് താഴെ ബാറ്റ് ചെയ്യുക എന്നത് അല്പം അനായാസമായി മാറുമെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. റൺസ് കണ്ടെത്താൻ ഞങ്ങൾ ഞങ്ങളുടെ അനുഭവ സമ്പത്തിനെയാണ് പിന്തുണച്ചത്. മധ്യ ഓവറുകളിൽ മികച്ച പ്രകടനങ്ങൾ പല താരങ്ങളും കാഴ്ചവച്ചു. ക്രെഡിറ്റ് പൂർണമായും അക്ഷർ, കുൽദീപ്, ജഡേജ എന്നിവർക്കാണ് ഞാൻ നൽകുന്നത്.”- രോഹിത് പറഞ്ഞു.
“മധ്യ ഓവറുകളിൽ മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കാനായി റിസ്വാനും ഷക്കീലിനും സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ആ സമയത്ത് മത്സരം ഞങ്ങളുടെ കയ്യിൽ നിന്ന് വഴുതി പോകാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു. ഹർദിക് പാണ്ട്യയും മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. ഷാമിയും ഹർഷിദും ഞങ്ങൾക്കായി മികച്ചു നിന്നു. ഈ ഫോർമാറ്റിൽ ഞങ്ങൾ ഒരുമിച്ച് ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചില സമയത്ത് കാര്യങ്ങൾ കുറച്ച് ട്രിക്കി ആയി മാറും. പക്ഷേ മധ്യ ഓവറുകളിൽ ഇത്തവണ അക്ഷറും കുൽദീപും വളരെ മികച്ച പ്രകടനമാണ് നടത്തിയത്.”- രോഹിത് കൂട്ടിച്ചേർത്തു.
“വിരാട് കോഹ്ലിയെ പറ്റി പറയുകയാണെങ്കിൽ അവന് ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുന്നത് വലിയ ഇഷ്ടമാണ്. എല്ലായിപ്പോഴും ഇന്ത്യക്കായി മൈതാനത്ത് എത്തണം എന്നതാണ് കോഹ്ലിയുടെ ആഗ്രഹം. കുറച്ചധികം വർഷങ്ങളായി ഞങ്ങൾ അവന്റെ പ്രകടനങ്ങൾ ആസ്വദിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ സെഞ്ചുറിയിൽ ഡ്രസ്സിംഗ് റൂമിൽ ഇരിക്കുന്ന ഒരാൾക്ക് പോലും ഒരു അത്ഭുതമില്ല. മത്സരത്തിനിടെ എനിക്ക് പരിക്ക് പറ്റിയുണ്ടായി. നിലവിൽ അത് സാരമായതല്ല.”- രോഹിത് ശർമ പറഞ്ഞുവെക്കുന്നു.



