ഇന്ത്യയുടെ പ്രീമിയം പേസറായ ജസ്പ്രീത് ബൂമ്ര 2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ കളിക്കില്ല എന്ന കാര്യത്തിൽ ബിസിസിഐ വ്യക്തത വരുത്തിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ നടന്ന ബോർഡർ- ഗവാസ്കർ ട്രോഫിയിലെ അഞ്ചാം മത്സരത്തിനിടയായിരുന്നു ബൂമ്രയ്ക്ക് പരിക്കേറ്റത്. ഇതിന് ശേഷം ബൂമ്ര ഇതുവരെയും അന്താരാഷ്ട്ര ക്രിക്കറ്റിൽ അണിനിരന്നിട്ടില്ല.
ഇന്ത്യയെ സംബന്ധിച്ച് ബൂമ്രയുടെ അഭാവം ടൂർണമെന്റിൽ വലിയ തിരിച്ചടി തന്നെയാണ്. ബൂമ്രയെ പോലെ ഒരു സൂപ്പർതാരത്തിന്റെ അഭാവം ഇന്ത്യൻ ടീമിനെ ടൂർണമെന്റിൽ ഏതുതരത്തിൽ ബാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹെഡ് കോച്ചായ ഗൗതം ഗംഭീർ ഇപ്പോൾ.
ബൂമ്രയുടെ പരിക്കിന്റെ പൂർണ്ണമായ വിവരങ്ങൾ തങ്ങൾക്ക് നൽകിയത് ദേശീയ ക്രിക്കറ്റ് അക്കാദമിയാണ് എന്ന് ഗൗതം ഗംഭീർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് താരത്തെ മാറ്റിനിർത്താൻ ഉദ്ദേശിച്ചത് എന്നാണ് ഗംഭീർ പറഞ്ഞത്. “തീർച്ചയായും ബുമ്രയെ ടീമിൽ നിന്ന് ഒഴിവാക്കി നിർത്തുകയാണ് ചെയ്തിട്ടുള്ളത്. അവന്റെ നിലവിലെ സാഹചര്യത്തെ പറ്റിയുള്ള പൂർണമായ വിവരങ്ങൾ എനിക്ക് നൽകാൻ സാധിക്കില്ല. കാരണം അത് മെഡിക്കൽ ടീമുമായി ബന്ധപ്പെട്ട കാര്യമാണ്. അവൻ പരിക്കിൽ നിന്ന് മോചിതനായി തിരികെയെത്താൻ എത്രനാൾ എടുക്കും എന്ന കാര്യമൊക്കെ തീരുമാനിക്കേണ്ടത് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കൽ ടീമാണ്.”- ഗംഭീർ പറഞ്ഞു.
“തീർച്ചയായും ബൂമ്രയുടെ സേവനം ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഞങ്ങൾക്ക് അത്യാവശ്യമായിരുന്നു. കാരണം എത്രമാത്രം അപകടകാരിയായ ബോളറാണ് അവൻ എന്ന് ഞങ്ങൾക്കറിയാം. ഒരു ലോക നിലവാരമുള്ള താരം തന്നെയാണ് ബൂമ്ര എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഇത്തരം കാര്യങ്ങൾ നമ്മുടെ കയ്യിലല്ലല്ലോ ഇരിക്കുന്നത്. അതുകൊണ്ട് ഇത് മറ്റൊരു യുവതാരത്തിനുള്ള അവസരമായാണ് ഞാൻ കാണുന്നത്. ഹർഷിത് റാണയെയും അർഷദ്ദീപ് സിംഗിനെയും പോലെയുള്ള യുവ താരങ്ങൾക്ക് ഈ അവസരത്തിൽ ടീമിലേക്കെത്തി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കും.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.
“ചില സാഹചര്യങ്ങളിൽ ഇത്തരം യുവതാരങ്ങൾ ഇതുപോലെയുള്ള അവസരങ്ങൾക്കായാവും കാത്തിരിക്കുക. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഹർഷിതിന് സാധിച്ചിട്ടുണ്ട്. ചില നിർണായകമായ വിക്കറ്റുകളാണ് പരമ്പരയിൽ അവൻ നേടിയത്. അർഷദീപ് സിംഗിന് എത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നും നമുക്ക് നന്നായി അറിയാം. എന്തായാലും ബൂമ്രയുടെ നഷ്ടം നികത്താനാവാത്തതാണ്. പക്ഷേ മുഹമ്മദ് ഷാമിയെ പോലെ പരിചയസമ്പന്നനായ താരങ്ങൾ തിരികെ ടീമിലെത്തിയതും നമുക്ക് ഗുണം ചെയ്യും.”- ഗംഭീർ പറഞ്ഞുവെക്കുന്നു.



