“ബുംറയുടെ പ്ലാനുകളിൽ ബോളിംഗ് കോച്ച് പോലും ഇടപെടാറില്ല. കാരണം..”- അക്ഷർ പട്ടേൽ പറയുന്നു.

2024 ട്വന്റി20 ലോകകപ്പിൽ ഇതുവരെ ഇന്ത്യക്കായി വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച ബോളറാണ് ജസ്പ്രീത് ബൂമ്ര. ആദ്യ റൗണ്ടിലെ ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ബൂമ്ര ഇത്തവണത്തെ തന്റെ സംഹാരം ആരംഭിച്ചത്. അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ8 മത്സരത്തിലും ബുംറയുടെ വളരെ മികച്ച ബോളിംഗ് പ്രകടനമാണ് കാണാൻ സാധിച്ചത്.

4 ഓവറുകൾ മത്സരത്തിൽ പന്തറിഞ്ഞ ബൂമ്ര 7 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതിന് ശേഷം ബൂമ്രയെപ്പറ്റി വലിയൊരു പ്രസ്താവന നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ താരം അക്ഷർ പട്ടേൽ. ബൂമ്രയുടെ ബോളിങ്ങിൽ ഇന്ത്യയുടെ ബോളിംഗ് കോച്ച് പരസ് മാമ്പ്ര പോലും ഇടപെടാൻ പോവാറില്ല എന്നാണ് അക്ഷർ പട്ടേൽ പറഞ്ഞിരിക്കുന്നത്.

ബൂമ്ര തന്റേതായ പ്രക്രിയയിൽ വിശ്വസിക്കുന്ന താരമാണെന്നും, അയാളുടെ ബോളിങ്ങിൽ മറ്റൊരാൾ ഇടപെടേണ്ട ആവശ്യമില്ലയെന്നും അക്ഷർ പട്ടേൽ പറയുകയുണ്ടായി. “മറ്റാരെങ്കിലും ബൂമ്രയുടെ ബോളിങ്ങിനെ സംബന്ധിച്ച് വലുതായി സംസാരിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നില്ല. കാരണം എന്താണ് ചെയ്യേണ്ടതെന്നും, എന്താണ് ചെയ്യാൻ പാടില്ലാത്തതെന്നും പൂർണ്ണ ബോധ്യമുള്ള താരമാണ് ബൂമ്ര. ഇന്ത്യയുടെ ബോളിംഗ് കോച്ച് പോലും ബൂമ്രയ്ക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. കാരണം ചില സമയത്ത് ഇത് അവന്റെ മനസ്സിൽ സംശയങ്ങളുണ്ടാക്കും. കോച്ച് പലപ്പോഴും ബൂമ്രയുടെ അടുത്ത് വന്ന് താങ്കൾ നന്നായി പന്ത് എറിയുന്നുണ്ട് എന്ന് മാത്രമാണ് പറയാറുള്ളത്.”- അക്ഷർ പട്ടേൽ പറഞ്ഞു.

“ഏതുതരത്തിൽ പന്തറിഞ്ഞാലും വളരെ മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ സാധിക്കുന്ന ബോളറാണ് ബൂമ്ര. അതുകൊണ്ടുതന്നെ ബൂമ്രയുടെ പരിശീലന കാര്യത്തിലും മറ്റും ബോളിങ് കോച്ച് യാതൊരു തരത്തിലും ഇടപെട്ട് ഞാൻ കണ്ടിട്ടില്ല. മത്സരത്തെപ്പറ്റി തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന സമയത്തും, എന്താണോ തന്റെ മനസ്സിലുള്ളത് അത് കൃത്യമായി പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കണം എന്ന് മാത്രമാണ് ബോളിംഗ് കോച്ച് ബുമ്രയോട് പറയാറുള്ളത്.”- അക്ഷർ പട്ടേൽ കൂട്ടിച്ചേർക്കുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ബൂമ്രയുടെ ആദ്യ സ്പെൽ തന്നെയായിരുന്നു.

“ഒരു ലോകനിലവാരമുള്ള ബോളർ തന്നെയാണ് ബൂമ്ര. മാത്രമല്ല ബൂമ്രയെപ്പോലെ മികച്ച നിലവാരമുള്ള ബോളർമാർ ഞങ്ങളുടെ ടീമിൽ ഇപ്പോഴുണ്ട്. അതിനാൽ തന്നെ എത്ര പ്രയാസകരമായ സാഹചര്യമായാലും ഞങ്ങൾക്ക് വിജയിക്കാൻ സാധിക്കും. ദുർഘടമായ സാഹചര്യങ്ങളിൽ എന്താണ് നമുക്കുള്ളത്, എന്താണ് നമ്മുടെ ശക്തി, എന്താണ് നമ്മുടെ വീക്നെസ് എന്നതിനെപ്പറ്റി കൃത്യമായ ബോധ്യത്തോടെ കളിക്കുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ മറ്റൊരു ബോളർ ഏതുതരത്തിൽ പ്രകടനം കാഴ്ചവയ്ക്കുന്നു എന്നത് കാര്യമാക്കേണ്ടതില്ല.”

‘നമ്മൾ കൃത്യമായി കൂട്ടുകെട്ടുകൾ ബോളിങ്ങിലും ഉണ്ടാക്കാൻ ശ്രമിക്കണം. ഈ വിക്കറ്റിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്നതിനെപ്പറ്റിയാണ് ഞാൻ ചിന്തിച്ചത്. ആദ്യ 2 പന്തുകൾ എറിഞ്ഞതിന് ശേഷം ഞാൻ എന്റെ പേസും ലെങ്ത്തും മാറ്റണമെന്ന ചിന്തയിലേക്ക് പോയി. അതായിരുന്നു ഈ വിക്കറ്റിൽ വേണ്ടിയിരുന്നത്. അതാണ് ഞാൻ ചെയ്തത്.”- അക്ഷർ പറഞ്ഞു വയ്ക്കുന്നു.

Previous article“എനിക്കെതിരെ സ്വീപ് ഷോട്ട് കളിക്കുന്നത് നിർത്തൂ”. റാഷിദ് ഖാൻ മത്സരത്തിനിടെ സൂര്യയോട്.
Next articleകോഹ്ലിയുടെ റെക്കോർഡിനൊപ്പം സൂര്യകുമാർ. വേണ്ടിവന്നത് വിരാട് കോഹ്ലിയുടെ പകുതി മത്സരങ്ങൾ.