“ബട്ട്ലറെ വിട്ടുകൊടുക്കാൻ മനസില്ലായിരുന്നു. അദ്ദേഹം ജ്യേഷ്ഠനെ പോലെ”. സഞ്ചു സാംസണ്‍

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് തൊട്ടുമുൻപ് തന്റെ ഏറ്റവും വലിയ നിരാശ തുറന്നുപറഞ്ഞ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. കഴിഞ്ഞ സീസൺ വരെ രാജസ്ഥാന്റെ പ്രധാന താരമായിരുന്ന ജോസ് ബട്ലറിനെ ലേലത്തിൽ സ്വന്തമാക്കാൻ സാധിക്കാതിരുന്നത് തന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയുണ്ടാക്കി എന്ന് സഞ്ജു സാംസൺ തുറന്നു പറയുകയുണ്ടായി.

2018 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ബട്ലർ. രാജസ്ഥാൻ ടീമിനായി 83 മത്സരങ്ങൾ കളിച്ച ബട്ലർ 3055 റൺസായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാൽ 2025ലെ സീസണിൽ രാജസ്ഥാൻ ബട്ലറിനെ നിലനിർത്തിയില്ല. ശേഷം മെഗാ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് ബട്ലറിനെ സ്വന്തമാക്കുകയാണ് ഉണ്ടായത്. ഇതിന് ശേഷമാണ് സഞ്ജു തന്റെ നിരാശ അറിയിച്ചത്

“ഇന്ത്യൻ പ്രീമിയർ ലീഗ് എല്ലായിപ്പോഴും നമുക്ക് വലിയ അവസരങ്ങൾ നൽകാറുണ്ട്. ടീമിനെ നയിക്കാനും ഉയർന്ന ലെവലിൽ കളിക്കാനുമുള്ള അവസരം ഐപിഎൽ നൽകുന്നു. മാത്രമല്ല അടുത്ത ബന്ധങ്ങൾ സൃഷ്ടിക്കാനും ഐപിഎൽ സഹായകരമാണ്. ജോസ് ബട്ലർ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാളായിരുന്നു. കഴിഞ്ഞ 7 വർഷങ്ങളിൽ ഞങ്ങൾ ഒരുമിച്ചാണ് കളിച്ചത്. ഈ സമയങ്ങളിലൊക്കെയും നല്ല രീതിയിൽ ബാറ്റിംഗ് കൂട്ടുകെട്ടുകൾ സൃഷ്ടിക്കാനും പരസ്പരം മനസ്സിലാക്കാനും ഞങ്ങൾക്ക് സാധിച്ചിരുന്നു. എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു മൂത്ത ജേഷ്ഠൻ തന്നെയായിരുന്നു. എന്തെങ്കിലും കാര്യത്തിൽ എനിക്ക് സംശയമുണ്ടായാൽ ഞാൻ അദ്ദേഹത്തെയാണ് സമീപിക്കാനുള്ളത്. 2021ൽ ഞാൻ ക്യാപ്റ്റൻ ആയിരുന്നപ്പോൾ അദ്ദേഹം എന്റെ ഉപനായകനായിരുന്നു. എന്നെ ഒരുപാട് കാര്യത്തിൽ അദ്ദേഹം സഹായിച്ചിട്ടുണ്ട്.”- സഞ്ജു പറഞ്ഞു.

3788786969072284243345161

“ഈ ഐപിഎല്ലിന് മുമ്പ് ബട്ലറെ വിട്ടുകൊടുക്കാൻ എടുത്ത തീരുമാനം വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ ഇതിനെ പറ്റി ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു നിയമം മാറ്റാൻ എനിക്ക് സാധിച്ചാൽ, ഞാൻ മാറ്റുന്നത് എല്ലാ 3 വർഷം കഴിയുമ്പോഴും താരങ്ങളെ റിലീസ് ചെയ്യണമെന്ന നിയമം ആയിരിക്കും. കാരണം വ്യക്തിപരമായി ചിന്തിക്കുമ്പോൾ അതൊരുപാട് വലിയ നിയമം തന്നെയാണ്. നമ്മുടെ സുഹൃത്തുക്കളുമായുള്ള ബന്ധങ്ങൾ ഇല്ലാതാവാനും വർഷങ്ങളായുള്ള പരിചയം പുതുക്കാൻ സാധിക്കാതെ വരാനും ഇത് കാരണമാവും. ഞങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗമായിരുന്നു ബട്ലർ. അതിൽ കൂടുതൽ ഒന്നും പറയാനില്ല.”- സഞ്ജു കൂട്ടിച്ചേർത്തു.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലും രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലാണ് രാജസ്ഥാൻ മൈതാനത്ത് ഇറങ്ങുന്നത്. 2013ൽ സഞ്ജു ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുമ്പോൾ രാജസ്ഥാൻ ടീമിന്റെ നായകനായിരുന്നു രാഹുൽ ദ്രാവിഡ്. ശേഷം അടുത്ത 2 സീസണിൽ ടീമിന്റെ മെന്ററായും ദ്രാവിഡ് പ്രവർത്തിച്ചിരുന്നു. പിന്നീട് ഇന്ത്യൻ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റതിന് പിന്നാലെയാണ് ദ്രാവിഡ് രാജസ്ഥാനിൽ നിന്ന് വിട്ടുനിന്നത്. പക്ഷേ ഇപ്പോൾ രാജസ്ഥാന്റെ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡ് തിരികെ എത്തിയിരിക്കുകയാണ്. ഇത് സഞ്ജുവിന് കൂട്ടർക്കും വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.