ഹൈദരാബാദിനെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കാൻ സാധിച്ചെങ്കിലും മുംബൈ ഇന്ത്യൻസ് മുൻ നായകൻ രോഹിത് ശർമയുടെ പ്രകടനം വളരെ മോശം തന്നെയായിരുന്നു. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ തരക്കേടില്ലാത്ത രീതിയിൽ ആരംഭിച്ച രോഹിത് ശർമ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ വമ്പൻ പരാജയമായി മാറുന്നതാണ് കാണുന്നത്.
പ്രത്യേകിച്ച് അവസാന 6 മത്സരങ്ങളിൽ ഒരു ഇമ്പാക്ടുള്ള ഇന്നിംഗ്സ് പോലും കളിക്കാൻ രോഹിത്തിന് സാധിച്ചിട്ടില്ല. കഴിഞ്ഞ 5 ഇന്നിംഗ്സുകളിൽ നിന്ന് കേവലം 33 റൺസ് മാത്രമാണ് നിലവിലെ ഇന്ത്യയുടെ നായകൻ നേടിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ അടക്കമുള്ളവ പ്രതിസന്ധിയിലാണ്.
ഹൈദരാബാദിനെതിരായ മത്സരത്തിൽ പാറ്റ് കമ്മീൻസിന്റെ പന്തിലായിരുന്നു രോഹിത് പുറത്തായത്. മത്സരത്തിൽ കേവലം 4 റൺസ് മാത്രമാണ് രോഹിതിന് നേടാൻ സാധിച്ചത്. 174 എന്ന വിജയലക്ഷം മുന്നിൽ കണ്ട് ഇറങ്ങിയ മുംബൈ ഇന്ത്യൻസിനായി ഒരു ബൗണ്ടറി നേടിയാണ് രോഹിത് ആരംഭിച്ചത്.
പക്ഷേ കമ്മിൻസിന് മുൻപിൽ പിടിച്ചുനിൽക്കാൻ രോഹിത്തിന് സാധിച്ചില്ല. രോഹിത് ഒരു ഫ്ലിക് ഷോട്ടിന് ശ്രമിക്കുകയും, ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് കീപ്പർ ക്ലാസന്റെ കൈകളിൽ എത്തുകയുമാണ് ചെയ്തത്. ഇത് നാലാം തവണയാണ് കമ്മിൻസിന് മുൻപിൽ രോഹിത് ശർമ കീഴടങ്ങുന്നത്.
രോഹിതിന്റെ ഈ മോശം ഇന്നിംഗ്സിന് ശേഷം വലിയ വിമർശനങ്ങളുമായി ആരാധകർ രംഗത്ത് വരികയുണ്ടായി. “ഈ സമയത്ത് രോഹിത് ശർമയുടെ ട്വന്റി20 ലോകകപ്പ് നായകനായുള്ള തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യേണ്ടിവരും. നിലവിൽ വളരെ മോശം പ്രകടനമാണ് രോഹിത് കാഴ്ചവയ്ക്കുന്നത്. ട്വന്റി20 സ്ക്വാഡിൽ ഉൾപ്പെടുന്ന 15 പേരിൽ ഏറ്റവും മോശം ഫോമിലുള്ളത് രോഹിത് ശർമയാണ്.”- ഒരു ആരാധകൻ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചു. “രോഹിത് ശർമ ഉടൻ തന്നെ അജിത്ത് അഗാർക്കറെ വിളിക്കുകയും ട്വന്റി20 സ്ക്വാഡിൽ നിന്നുള്ള തന്റെ വിരമിക്കൽ അറിയിക്കുകയും ചെയ്യണം. ഈ ഫോം ഉപയോഗിച്ച് ലോകകപ്പിൽ രോഹിത്തിന് ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല.”- മറ്റൊരു ആരാധകൻ കുറിക്കുകയുണ്ടായി.
“ഇപ്പോൾ രോഹിതിന് പഴയ പോലെ ആക്രമണം അഴിച്ചുവിടാൻ സാധിക്കുന്നില്ല. ആ സത്യം നമ്മൾ അംഗീകരിക്കേണ്ടതുണ്ട്. ട്വന്റി20 ഫോർമാറ്റിലെങ്കിലും രോഹിത് മാറിനിൽക്കണം. ലോകകപ്പിൽ ഇന്ത്യയുടെ നായകനായിരുന്നില്ലെങ്കിൽ രോഹിതിന് സ്ക്വാഡിൽ പോലും കളിക്കാൻ അവസരം ലഭിക്കുമായിരുന്നില്ല.”- മറ്റൊരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകൻ കുറിക്കുകയുണ്ടായി. “വിരാട് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെ ട്രോളുന്ന സമയത്ത് ആരാധകർ രോഹിത് ശർമയുടെ പ്രകടനം കൂടി പരിശോധിക്കേണ്ടതുണ്ട് ” എന്നാണ് മറ്റൊരു ക്രിക്കറ്റ് സ്നേഹി ട്വിറ്ററിൽ കുറിച്ചത്. എന്തായാലും വരും മത്സരങ്ങളിൽ രോഹിത് ശർമ തന്റെ ഫോമിലേക്ക് തിരിച്ചെത്തേണ്ടത് അത്യാവശ്യമാണ്.