“പാകിസ്ഥാനെതിരെ കുറച്ച് കൂടെ നേരത്തെ ജയിക്കണമായിരുന്നു.”, അസംതൃപ്തി പ്രകടിപ്പിച്ച് ശ്രേയസ് അയ്യർ..

പാക്കിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയിട്ടും തന്റെ അസംതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ താരം ശ്രേയസ് അയ്യര്‍. മത്സരത്തിൽ തങ്ങൾക്ക് കുറച്ചുകൂടി മികച്ച രീതിയിൽ വിജയിക്കാൻ സാധിക്കുമായിരുന്നു എന്നാണ് ശ്രേയസ് അയ്യർ പറഞ്ഞത്.

കുറച്ചുകൂടി ആക്രമണ മനോഭാവം താൻ കാട്ടുകയായിരുന്നുവെങ്കിൽ കാര്യങ്ങൾ കുറച്ച് അനുകൂലമായി മാറിയേനെ എന്ന് അയ്യർ പറയുന്നു. എന്നിരുന്നാലും പാക്കിസ്ഥാനെതിരെ നേടിയ വിജയം അയ്യർ വിലകുറച്ച് കാണുന്നില്ല. മത്സരത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അയ്യർ പറഞ്ഞത്.

“എത്ര ഓവറുകൾ അവശേഷിക്കവെയാണ് ഞങ്ങൾ വിജയിച്ചത് എന്നു പറയാമോ?”- അയ്യർ ഒരു പത്രപ്രവർത്തകനോട് ചോദിക്കുകയുണ്ടായി. പത്രപ്രവർത്തകൻ പറഞ്ഞത്, 45 ബോളുകൾ എന്നാണ്. ശേഷമാണ് അയ്യർ അസംതൃപ്തി പ്രകടിപ്പിച്ചത്. “ഞങ്ങൾ കുറച്ചുകൂടി നേരത്തെ വിജയിക്കേണ്ടതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അങ്ങനെയെങ്കിൽ അത് കുറച്ചുകൂടി മികച്ച വിജയമായി മാറിയേനെ. മത്സരത്തിലുടനീളം ഞങ്ങൾ ആക്രമണ മനോഭാവം പുലർത്തണമായിരുന്നു. അങ്ങനെയെങ്കിൽ അല്പം നേരത്തെ വിജയം സ്വന്തമാക്കിയേനെ.”- അയ്യർ പറയുകയുണ്ടായി.

“മത്സരത്തിൽ പാക്കിസ്ഥാൻ സ്പിന്നർ അബ്രാർ മികച്ച ബോളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ അവന്റെ സ്പെല്ലിൽ വലിയ റിസ്ക് എടുക്കാതിരിക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു. ആ സമയത്ത് സ്ട്രൈക്ക് മാറി കളിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഞാൻ കുറച്ച് സമയം ക്രീസിൽ ചെലവഴിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. പിന്നീട് സ്വീപ്പ് ഷോട്ടും റിവേഴ്സ് സ്വീപ്പ് ഷൂട്ടും കളിച്ച് അവനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അത് മത്സരത്തിൽ ഗുണം ചെയ്തു എന്ന് ഞാൻ കരുതുന്നു.”- അയ്യർ കൂട്ടിച്ചേർത്തു.

“അബ്രാറിനെതിരെ ആക്രമണം അഴിച്ചുവിടുക എന്നത് അത്ര അനായാസം ആയിരുന്നില്ല. മധ്യ ഓവറുകളിൽ സിംഗിളുകൾ നേടുക എന്നതായിരുന്നു ഏറ്റവും നിർണായകം. അങ്ങനെയെങ്കിൽ മത്സരം അവസാന സമയം വരെ അനായാസം എത്തിക്കാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നു. വിജയലക്ഷ്യത്തിന് 30- 40 റൺസ് അടുത്തെത്തി കഴിഞ്ഞാൽ പിന്നീട് ആക്രമണം അഴിച്ചു വിടുന്നതിൽ അർത്ഥമുണ്ട്. ആക്രമിക്കുക എന്നത് പ്രധാന കാര്യമാണ്. പക്ഷേ തുടക്കം മുതൽ ആക്രമിക്കുക എന്നത് അത്ര എളുപ്പമല്ല. വിക്കറ്റിനെപ്പറ്റി മനസ്സിലാക്കിയ ശേഷമാണ് ആക്രമണം അഴിച്ചുവിടേണ്ടത്.”- ശ്രേയസ് അയ്യർ കൂട്ടിച്ചേർക്കുകയുണ്ടായി.