നെറ്റ്സിൽ പരിശീലന സമയത്ത് വെറുത്തുപോയ ഇന്ത്യൻ ബോളറാര്? കെഎൽ രാഹുൽ ഉത്തരം പറയുന്നു.

2025 ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറാണ് കെഎൽ രാഹുൽ. ആദ്യ മത്സരങ്ങളിൽ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ രാഹുലിന് സാധിച്ചിരുന്നു. വരും മത്സരങ്ങളിലും ഇന്ത്യയെ സംബന്ധിച്ച് രാഹുലിന്റെ പ്രകടനം വളരെ നിർണായകമാണ്. എന്നാൽ ഇപ്പോൾ ചില വെളിപ്പെടുത്തലുകളുമായാണ് രാഹുൽ രംഗത്തെത്തിയിരിക്കുന്നത്.

ഒരു ചോദ്യോത്തര സെഷനിൽ രാഹുൽ നൽകിയ ചില മറുപടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. മൈതാനത്ത് നേരിടാൻ ഏറ്റവും വെറുപ്പുള്ള ബോളറാരാണ് എന്ന ചോദ്യത്തിന് രാഹുൽ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

ഈ ചോദ്യത്തിന് രാഹുൽ നൽകിയ മറുപടി റാഷിദ് ഖാൻ എന്നായിരുന്നു. തനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച സ്പിന്നറാണ് റാഷിദ് എന്ന് രാഹുൽ പറഞ്ഞു. അത്രമാത്രം മികച്ച രീതിയിൽ തനിക്കെതിരെ പന്തറിയാൻ റാഷിദിന് സാധിച്ചിരുന്നു എന്നാണ് രാഹുൽ പറഞ്ഞത്. ശേഷമുയർന്ന ചോദ്യം നെറ്റ്സിൽ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടിയ ബോളറെ പറ്റിയായിരുന്നു. ഇതിന് രാഹുൽ നൽകിയ മറുപടി മുഹമ്മദ് ഷാമി എന്നാണ്. പരിശീലന സമയത്ത് ഷാമിയുടെ പേസും പന്തിന്റെ ചലനങ്ങളും തനിക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് രാഹുൽ തുറന്നു സമ്മതിക്കുകയുണ്ടായി.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ടുകളെ പറ്റിയും രാഹുൽ പറഞ്ഞു. വിരാട് കോഹ്ലിയുടെ ഫ്ലിക്ക് ഷോട്ട് തനിക്ക് വലിയ ഇഷ്ടമാണ് എന്ന് രാഹുൽ പറയുകയുണ്ടായി. ടെസ്റ്റ് കരിയറിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് രാഹുൽ നൽകിയ മറുപടിയും വ്യത്യസ്തമായിരുന്നു. സെഞ്ചുറിയനിൽ ദക്ഷിണാഫ്രിക്കെതിരെ നേടിയ സെഞ്ച്വറിയാണ് ടെസ്റ്റ് കരിയറിലെ തനിക്ക് മറക്കാനാവാത്ത ഇന്നിങ്സ് എന്ന് രാഹുൽ പറഞ്ഞു. മത്സരത്തിൽ 123 റൺസ് ആയിരുന്നു രാഹുൽ സ്വന്തമാക്കിയത്.

കീപ്പറായിരിക്കുന്ന സമയത്ത് ആരുടെ പന്തുകളാണ് ഭയപ്പെടുത്തുന്നത് എന്ന കാര്യവും രാഹുൽ തുറന്നു പറയുകയുണ്ടായി. മുഹമ്മദ് ഷാമിയുടെ പന്തുകളാണ് ഒരു കീപ്പർ എന്ന നിലയിൽ ശേഖരിക്കാൻ ബുദ്ധിമുട്ടുള്ളത് എന്ന് രാഹുൽ പറഞ്ഞു. ഇന്ത്യൻ ഡ്രെസ്സിങ് റൂമിൽ ഏറ്റവുമധികം വിനോദം ഉണ്ടാക്കിയിരുന്ന താരം ഇഷാന്ത് ശർമയായിരുന്നു എന്നും രാഹുൽ പറഞ്ഞു. മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ നായകത്ത മികവുകളെപ്പറ്റിയും രാഹുൽ സംസാരിക്കുകയുണ്ടായി. ഇത്തരത്തിൽ പല ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകിയാണ് രാഹുൽ സെഷൻ അവസാനിപ്പിച്ചത്.