“നിലവിൽ ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ താരം അവനാണ്”, മുൻ ഇന്ത്യൻ താരം പറയുന്നു.

2023 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യക്കായി ഏകദിനങ്ങളിൽ അണിനിരക്കാൻ ഹർദിക് പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നില്ല. ശേഷമാണ് ഇപ്പോൾ ഇംഗ്ലണ്ടിതിരായ ഏകദിന പരമ്പരയിൽ ഹർദിക് കളിച്ചിരിക്കുന്നത്. എന്നിരുന്നാലും മത്സരങ്ങളിൽ ബാറ്റിങ് നിരയിൽ വേണ്ട രീതിയിൽ പരമ്പരയിലും ഹർദിക്കിന് അവസരം ലഭിച്ചില്ല. പക്ഷേ നിലവിൽ ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റിൽ ഏറ്റവും മൂല്യമേറിയ താരം ഹർദിക് പാണ്ഡ്യയാണ് എന്ന് തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.

പരിക്കിന്റെ പ്രശ്നങ്ങൾ മൂലം ഹർദിക് പാണ്ഡ്യ ഇതുവരെയും ടെസ്റ്റ് ക്രിക്കറ്റ് ഫോർമാറ്റ് കളിച്ചിട്ടില്ല. എന്നിരുന്നാലും ക്രിക്കറ്റിന്റെ മറ്റ് 2 ഫോർമാറ്റുകളിലും തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ഹർദിക് പാണ്ഡ്യയ്ക്ക് സാധിച്ചിട്ടുണ്ട്. 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് ഹർദിക് പാണ്ഡ്യയുടെ പ്രകടനം തന്നെയായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ടൂർണമെന്റിൽ മികവ് പുലർത്താൻ പാണ്ഡ്യയ്ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഫൈനൽ മത്സരത്തിൽ നിർണായക ഓവറിൽ മികച്ച പ്രകടനം ഹാർദിക്ക് കാഴ്ച വച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ പാണ്ഡ്യയെ പുകഴ്ത്തി ആകാശ് ചോപ്ര രംഗത്ത് എത്തിയത്.

“നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മൂല്യമേറിയ താരമാണ് ഹർദിക് പാണ്ഡ്യ. അവന്റെ അഭാവത്തിൽ ഇന്ത്യൻ ടീമിന് കൃത്യമായ സന്തുലിതാവസ്ഥ കണ്ടെത്താൻ സാധിക്കില്ല. അവനെ ഇന്ത്യൻ പ്ലെയിങ് ഇലവന് പുറത്തിരുത്തുകയാണെങ്കിൽ നമുക്ക് ഒരു ബാറ്ററേയും ബോളറെയും പ്ലെയിങ് ഇലവലിലേക്ക് ഉൾപ്പെടുത്തേണ്ടി വരും. 2023 ഏകദിന ലോകകപ്പിൽ അവന് പരിക്കുപറ്റിയിരുന്നു. ആ സമയത്ത് വ്യത്യസ്തമായ ഒരു കോമ്പിനേഷൻ പരീക്ഷിക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് നിർബന്ധിതരായി.”- ആകാശ് ചോപ്ര പറഞ്ഞു.

വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിൽ ഹർദിക് പാണ്ഡ്യയുടെ റോൾ വളരെ നിർണായകമാണ് എന്നും ആകാശ് ചോപ്ര കൂട്ടിച്ചേർക്കുകയുണ്ടായി. 2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ സാധ്യതയുള്ള ഒരു താരം തന്നെയാണ് ഹർദിക് പാണ്ഡ്യ എന്ന് ചോപ്ര പറയുന്നു. 2017ലെ ചാമ്പ്യൻസ് ട്രോഫിയിലും വളരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ ടീം കാഴ്ച വച്ചിരുന്നത്. എന്നാൽ ഫൈനൽ മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ പരാജയം അറിയുകയാണ് ഉണ്ടായത്. പക്ഷേ ഇത്തവണ അത്തരം പിഴവുകൾ തിരുത്തി ശക്തമായ ഒരു തിരിച്ചുവരവിന് തന്നെയാണ് ഇന്ത്യയുടെ നിര ശ്രമിക്കുന്നത്.

Previous article“ബുമ്രയുടെ സാന്നിധ്യം ചാമ്പ്യൻസ് ട്രോഫിയിൽ ആവശ്യമായിരുന്നു. പക്ഷേ.” ഗംഭീർ തുറന്ന് പറയുന്നു.