“നിങ്ങൾ വേറെ ലെവലാണ് കോഹ്ലി” കോഹ്ലിയെ നിറകണ്ണോടെ കെട്ടിപിടിച്ച് വിൻഡിസ് കീപ്പറുടെ മാതാവ്.

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള ക്രിക്കറ്ററാണ് വിരാട് കോഹ്ലി. അതിനാൽ തന്നെ കോഹ്ലിയുടെ ഓരോ റൺസിനും ഗ്യാലറികളിൽ ആർപ്പുവിളികളും ഉയരാറുണ്ട്. തന്റെ 500ആം അന്താരാഷ്ട്ര മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടി ആവേശത്തിന്റെ നെറുകയിലാണ് വിരാട് കോഹ്ലി ഇപ്പോൾ. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ 121 റൺസാണ് ഇന്ത്യയുടെ ഈ സൂപ്പർ താരം നേടിയത്. അഞ്ചു വർഷങ്ങൾക്ക് ശേഷം വിദേശത്ത് കോഹ്ലി സെഞ്ചുറി നേടിയതും ആരാധകർക്കിടയിൽ ആശ്വാസമുണ്ടാക്കുന്നു. എന്നാൽ മത്സരശേഷം നടന്ന അതിവൈകാരികമായ ഒരു രംഗമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കിയിരിക്കുന്നത്.

ഇന്ത്യയുടെ വിൻഡിസിനെതിരായ രണ്ടാം ടെസ്റ്റ് പരമ്പരയിൽ കോഹ്ലി മൈതാനത്ത് നിൽക്കുമ്പോഴൊക്കെയും ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചിരുന്നത് വിൻഡീസ് കീപ്പർ ജോഷ്വാ ഡി സിൽവയും കോഹ്ലിയും തമ്മിലുള്ള സംഭാഷണം ആയിരുന്നു. താൻ ഒരു വലിയ കോഹ്ലി ആരാധകനാണെന്നും, അതിനാൽതന്നെ കോഹ്ലി മത്സരത്തിൽ സെഞ്ചുറി നേടണമെന്നും ജോഷ്വ ഡി സിൽവ വിക്കറ്റിന് പിന്നിൽ നിന്ന് പറയുന്ന രംഗങ്ങൾ മുൻപ് വൈറലായിരുന്നു. ഇതിനൊപ്പം തന്റെ മാതാവിനെ പറ്റിയും ജോഷ്വാ ഡീ സിൽവ കോഹ്ലിയോട് സംസാരിക്കുകയുണ്ടായി. ‘എന്റെ മാതാവ് എന്നെ വിളിച്ച് ഒരു കാര്യം പറഞ്ഞിരുന്നു. വിരാട് കോഹ്ലിയുടെ കളി കാണാനാണ് ഞാൻ സ്റ്റേഡിയത്തിലേക്ക് വരുന്നതെന്ന്. അതെനിക്ക് വിശ്വസിക്കാനായില്ല.’- ജോഷ്വാ കോഹ്ലിയോട് പറഞ്ഞ വാക്കുകൾ സ്റ്റമ്പ് മൈക്കിലൂടെ ലോക ക്രിക്കറ്റ് ആരാധകർ കേൾക്കുകയുണ്ടായി.

F1nao HaIAAutGX

ഇതിനുശേഷം വിരാട് കോഹ്ലി സെഞ്ച്വറി പൂർത്തിയാക്കിയിരിക്കുകയാണ്. ഈ നിമിഷത്തിൽ മൈതാനത്തിന് പുറത്തുവച്ച് വിരാട് കോഹ്ലി ജോഷ്വാ ഡി സിൽവയുടെ മാതാവിനെ കണ്ടുമുട്ടിയപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കിയിരിക്കുന്നത്. കോഹ്ലി ഇന്ത്യൻ ടീമിന്റെ ബസ്സിലേക്ക് പോകാനെത്തിയ സമയത്ത് ആയിരുന്നു ജോഷ്വാ ഡി സിൽവയുടെ അമ്മ കോഹ്ലിയുടെ അടുത്തത്തിയത്. കോഹ്ലിയെ കണ്ടയുടൻ ഓടിവന്ന് കെട്ടിപ്പിടിക്കുകയായിരുന്നു അമ്മ. നിറഞ്ഞു കണ്ണുകളുമായി വിരാട് കോഹ്ലിയോട് സംസാരിക്കുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തതിനുശേഷമാണ് ജോഷ്വാ ഡി സിൽവയുടെ അമ്മ മടങ്ങിയത്.

“ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്ററാരാണ് എന്ന ചോദ്യത്തിന് ഉത്തരമാണ് വിരാട്. വിരാട് കോഹ്ലിയെയും എന്റെ പുത്രനെയും ഒരേ സമയത്ത് മൈതാനത്ത് കാണാൻ കഴിഞ്ഞത് എനിക്ക് കിട്ടിയ വലിയ ഭാഗ്യം തന്നെയാണ്.”- കോഹ്ലിയെ കണ്ടതിനു ശേഷം ജോഷ്വയുടെ മാതാവ് പറയുകയുണ്ടായി. എന്തായാലും ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത് വിരാട് കോഹ്ലിയോട് ആരാധകർക്കുള്ള അകമഴിഞ്ഞ സ്നേഹം തന്നെയാണ്. ഇത്തരം ഓരോ സംഭവങ്ങൾ നടക്കുമ്പോഴും വിരാട് കോഹ്ലി കൂടുതൽ ശക്തമായി മൈതാനത്ത് അഴിഞ്ഞാടുന്നതും മുൻകാലങ്ങളിൽ കണ്ടിട്ടുണ്ട്.