ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മലയാളി താരം കരുൺ നായർ. ഇംഗ്ലണ്ട് ലയൺസ് ടീമിനെതിരായ ഇന്ത്യ എയുടെ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിലാണ് കരുൺ നായർ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ ദിവസം ഒരു തകർപ്പൻ സെഞ്ച്വറി നേടിയ കരുൺ നായർ ഇന്ത്യ എ ടീമിനെ ശക്തമായ നിലയിൽ എത്തിച്ചിട്ടുണ്ട്. ആദ്യ ദിവസം 186 റൺസ് നേടിയ കരുൺ നായർ പുറത്താവാതെ ക്രീസിൽ തുടരുന്നു. കരുണിന്റെ സെഞ്ചുറിയുടെ ബലത്തിൽ മത്സരത്തിന്റെ ആദ്യ ദിവസം 3 വിക്കറ്റ് നഷ്ടത്തിൽ 409 റൺസാണ് ഇന്ത്യ എ ടീം സ്വന്തമാക്കിയത്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ലയൻസ് ടീം ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ എ ടീമിന്റെ നായകനായ അഭിമന്യു ഈശ്വരന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ ടീമിന് നഷ്ടമായി. വലിയ പ്രതീക്ഷയായിരുന്ന ഈശ്വരൻ കേവലം 8 റൺസ് മാത്രമാണ് സ്വന്തമാക്കിയത്. ശേഷം യുവതാരം ജയസ്വാളിനെയും തുടക്കത്തിൽ തന്നെ പുറത്താക്കാൻ ഇംഗ്ലണ്ട് ടീമിന് സാധിച്ചു. 24 റൺസ് മാത്രമാണ് ജയസ്വാളിന് സ്വന്തമാക്കാൻ കഴിഞ്ഞത്. ഇതോടെ 51 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ എ ടീം പതറിയിരുന്നു. ഈ സമയത്താണ് കരുൺ നായറും സർഫറാസ് ഖാനും ഒരു കിടിലൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തത്.
ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 181 റൺസ് കൂട്ടിച്ചേർത്തതോടെ ഇന്ത്യ ശക്തമായ നിലയിലേക്ക് എത്തുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ സ്വന്തമാക്കാൻ ഇരു താരങ്ങൾക്കും സാധിച്ചിരുന്നു. സർഫറാസ് ഖാൻ മത്സരത്തിൽ 119 പന്തുകളിൽ 92 റൺസ് നേടിയാണ് പുറത്തായത്. അർഹതപ്പെട്ട സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്. ശേഷം ക്രീസിലെത്തിയ ദ്രൂവ് ജൂറൽ കരുൺ നായർക്ക് ആവശ്യമായ പിന്തുണ നൽകുകയുണ്ടായി. ഇതോടെ ഇന്ത്യ 409 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.
ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ കരുൺ നായരും ധ്രുവ് ജൂറലുമാണ് ക്രീസിലുള്ളത്. കരുൺ നായർ 246 പന്തുകളിൽ 24 ബൗണ്ടറികളും ഒരു സിക്സറും അടക്കമാണ് 186 റൺസ് നേടി പുറത്താവാതെ നിൽക്കുന്നത്. ധ്രുവ് ജൂറൽ 104 പന്തുകളിൽ 9 ബൗണ്ടറികളും ഒരു സിക്സറുമടക്കം 82 റൺസ് നേടി പുറത്താവാതെ നിൽക്കുന്നു. ഇതിനോടൊപ്പം നാലാം വിക്കറ്റിൽ 177 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഇരു താരങ്ങൾക്കും സാധിച്ചിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം ദിവസവും ഈ മികച്ച പ്രകടനം ആവർത്തിക്കാനാണ് ഇന്ത്യ എ ടീമിന്റെ ലക്ഷ്യം.