രാജസ്ഥാൻ ടീമിന്റെ നായകനായുള്ള തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങാനാവാതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ തന്റെ ഓപ്പണർ സ്ഥാനം യുവതാരമായ വൈഭവ് സൂര്യവംശിയ്ക്ക് വച്ചുനീട്ടിയ സഞ്ജു സാംസൺ മൂന്നാം നമ്പറിലാണ് മൈതാനത്ത് എത്തിയത്. എന്നാൽ മത്സരത്തിൽ 16 പന്തുകളിൽ 20 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. ഒരു ബൗണ്ടറിയും ഒരു സിക്സറും മാത്രമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ പരിക്ക് മൂലം സഞ്ജുവിന് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ തിരിച്ചുവരവ് മത്സരത്തിൽ ഇമ്പാക്ട് സൃഷ്ടിക്കുന്നതിലും സഞ്ജു പരാജയപ്പെട്ടു.
മത്സരത്തിൽ 15 പന്തുകളിൽ 40 റൺസ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശി പുറത്തായ ശേഷമായിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്. തന്റേതായ രീതിയിൽ പിച്ചിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കിയാണ് സഞ്ജു ആരംഭിച്ചത്. മാർക്കോ യാൻസനെതിരെയാണ് സഞ്ജു തന്റെ ആദ്യ ബൗണ്ടറി സ്വന്തമാക്കിയത്. പിന്നീട് എട്ടാം ഓവറിൽ ചാഹലിനെതിരെ സിക്സർ നേടി സഞ്ജു തന്റെ മനോഭാവം വ്യക്തമാക്കി. എന്നാൽ ജയസ്‌വാളിന്റെ വിക്കറ്റ് നഷ്ടമായതോടെ സഞ്ജു അല്പം പിന്നിലേക്ക് പോവുകയായിരുന്നു. പിന്നീട് അസ്മത്തുള്ളയുടെ പന്തിൽ മാർക്കോ യാൻസന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. വലിയ പ്രതീക്ഷയായിരുന്ന ഓപ്പണർ ആര്യയുടെ(9) വിക്കറ്റ് തുടക്കത്തിൽ തന്നെ പഞ്ചാബിന് നഷ്ടമായി. ശേഷം പകരക്കാരനായെത്തിയ മിച്ചൽ ഓവനും പൂജ്യനായി മടങ്ങുകയായിരുന്നു. പ്രഭസിമ്രാൻ 10 പന്തുകളിൽ 21 റൺസ് നേടിയെങ്കിലും തുഷാർ ദേഷ്പാണ്ടെയുടെ പന്തിൽ പുറത്തായി. ഇതോടെ പഞ്ചാബ് 34 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ തകർന്നിരുന്നു. പിന്നീടാണ് നാലാം വിക്കറ്റ് തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്ത് നായകൻ ശ്രേയസ് അയ്യരും നേഹൽ വധേരയും പഞ്ചാബിനെ പിടിച്ചു കയറ്റിയത്.
മത്സരത്തിൽ പഞ്ചാബിനായി വെടിക്കെട്ട് തീർത്തത് വധേര തന്നെയാണ്. 37 പന്തുകളിൽ 5 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 70 റൺസാണ് വധേര സ്വന്തമാക്കിയത് പിന്നീട് അവസാന ഓവറുകളിൽ ശശാങ്ക് സിങ്ങിന്റെയും അസ്മത്തുള്ളയുടെയും കിടിലൻ ഫിനിഷ് തന്നെയാണ് കാണാൻ സാധിച്ചത്. ശശാങ്ക് 30 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 59 റൺസ് സ്വന്തമാക്കിയപ്പോൾ അസ്മത്തുള്ള 9 പന്തുകളിൽ 21 റൺസ് നേടി. ഇങ്ങനെ പഞ്ചാബ് 219 എന്ന സ്കോറിൽ എത്തുകയായിരുന്നു.