ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. പക്ഷേ ഇന്ത്യൻ ബോളർമാരുടെ ശക്തമായ തിരിച്ചുവരവ് മൂലം ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് കേവലം 248 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്കായി ജഡേജയും റാണയും 3 വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി.
മറുപടി ബാറ്റിംഗിൽ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും അക്ഷർ പട്ടേലും അർദ്ധ സെഞ്ച്വറികൾ സ്വന്തമാക്കിയതോടെ ഇന്ത്യ വലിയ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിലെ വിജയത്തെ പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.
തങ്ങൾ പ്രതീക്ഷിച്ച രീതിയിലുള്ള പ്രകടനം മത്സരത്തിൽ കാഴ്ചവയ്ക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്ന് രോഹിത് പറയുകയുണ്ടായി. “ഞാൻ വളരെ സന്തോഷവാനാണ്. കുറച്ചധികം നാളുകൾക്ക് ശേഷമാണ് ഞങ്ങൾ ഏകദിന ക്രിക്കറ്റ് കളിക്കുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ താരങ്ങളൊക്കെയും ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവച്ചു എന്നാണ് ഞാൻ കരുതുന്നത്. മികച്ച തുടക്കമായിരുന്നു മത്സരത്തിൽ ഇംഗ്ലണ്ടിന് ലഭിച്ചത്. അതിന് ശേഷം അതിശക്തമായ രീതിയിൽ തിരിച്ചുവരവ് നടത്താൻ ഞങ്ങൾക്ക് സാധിച്ചു. അത് വലിയ സന്തോഷം നൽകുന്നു.”- രോഹിത് പറഞ്ഞു.
“മധ്യ ഓവറുകളിൽ ഞങ്ങൾക്ക് ഒരു ഇടംകയ്യൻ ബാറ്ററുടെ സാന്നിധ്യം ആവശ്യമായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ അക്ഷർ പട്ടേലിനെ ആ സമയത്ത് ബാറ്റിംഗിന് അയച്ചത്. സ്പിന്നർമാർക്ക് പിച്ചിൽ നിന്ന് വലിയ രീതിയിലുള്ള സഹായങ്ങൾ ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ അവർ പന്ത് ഇടംകയ്യന്മാരുടെ അടുത്തേക്ക് സ്പിന്‍ ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഇടങ്കയ്യൻ ബാറ്റർമാരെ മൈതാനത്ത് ഇറക്കാൻ തീരുമാനിച്ചത്. ഗില്ലും അക്ഷർ പട്ടേലും മധ്യ ഓവറുകളിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഒരു ടീമെന്ന നിലയിൽ മൈതാനത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഞങ്ങൾക്ക് മത്സരത്തിൽ സാധിച്ചിട്ടുണ്ട്.”- രോഹിത് കൂട്ടിച്ചേർക്കുന്നു.
ഈ വിജയത്തോടെ പരമ്പരയിൽ 1-0 എന്ന നിലയിൽ മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.



