ടീമിലെ എല്ലാ താരങ്ങളുടെയും പൂർണ്ണമായ സംഭാവനകൾ ഒത്തുചേർന്നതായിരുന്നു ഇത്തവണത്തെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി പ്രകടനം. മുൻനിര ബാറ്റർമാരും മധ്യനിര ബാറ്റർമാരും ബോളർമാരുമെല്ലാം കൃത്യമായി രീതിയിൽ ഇന്ത്യൻ വിജയത്തിൽ പങ്കുവഹിച്ചു.
എന്നാൽ ഇന്ത്യയെ മത്സരങ്ങളിൽ വിജയിപ്പിച്ച ഒരു സൈലന്റ് ഹീറോയെ പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ മത്സരശേഷം സംസാരിക്കുകയുണ്ടായി. മധ്യനിരയിൽ ഇന്ത്യയ്ക്കായി സ്ഥിരത നിലനിർത്തിയ ശ്രേയസ് അയ്യരാണ് ഇത്തവണത്തെ ഇന്ത്യയുടെ സൈലന്റ് ഹീറോ എന്നാണ് രോഹിത് ശർമ വ്യക്തമാക്കിയത്.

“ഈ ടീമിനെ പറ്റി ആലോചിക്കുമ്പോൾ ഒരുപാട് അഭിമാനമാണ് എനിക്കുള്ളത്. ഇവിടത്തെ സാഹചര്യങ്ങൾ കഠിനമായിരിക്കുമെന്ന പൂർണമായ ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അതിന് അനുസൃതമായ രീതിയിൽ കളിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. എല്ലാ മത്സരങ്ങളും നമ്മൾ നിരീക്ഷിക്കണം. ആദ്യ മത്സരം ബംഗ്ലാദേശിനെതിരെയാണ് ഞങ്ങൾ കളിച്ചത്. 230 റൺസ് മാത്രമായിരുന്നു മത്സരത്തിൽ പിറന്നത്. എന്നാൽ വിക്കറ്റ് വളരെ സ്ലോ ആയിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് കൂട്ടുകെട്ടുകൾ ആവശ്യമായിരുന്നു. ബാറ്റർമാർ കൃത്യമായി അത് സൃഷ്ടിച്ചു.”- രോഹിത് പറഞ്ഞു.
“ഇത്തരത്തിൽ കൂട്ടുകെട്ടുകൾ സൃഷ്ടിക്കുന്നതിൽ ചിലർ മികച്ചുനിന്നു. ഒരു സൈലന്റ് ഹീറോയായി മികച്ച പ്രകടനം കാഴ്ചവച്ച ശ്രേയസ് അയ്യരെ മറക്കാൻ സാധിക്കില്ല. ടൂർണമെന്റിലൂടനീളം അവിസ്മരണീയ പ്രകടനമാണ് അയ്യർ കാഴ്ചവെച്ചത്. മധ്യനിരയിൽ ഞങ്ങളെ സംബന്ധിച്ച് അയ്യരുടെ സേവനം വളരെ നിർണായകമായിരുന്നു. തനിക്കൊപ്പം എത്തിയ എല്ലാ ബാറ്റർമാരോടൊപ്പവും കൃത്യമായി കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ ശ്രേയസ് അയ്യർക്ക് സാധിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ സെമിഫൈനൽ മത്സരത്തിൽ വിരാട് കോഹ്ലിയോടൊപ്പം അയ്യരും നടത്തിയ പോരാട്ടം വളരെ നിർണായകമായിരുന്നു. പാക്കിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും നടന്ന ലീഗ് മത്സരങ്ങളിലും അയ്യർ ഇത്തരത്തിൽ സാന്നിധ്യം ഉറപ്പിച്ചു.”- രോഹിത് കൂട്ടിച്ചേർത്തു.
“ഇന്നത്തെ മത്സരത്തിലും സത്യസന്ധമായി പറഞ്ഞാൽ ഞാൻ പുറത്തായതിന് പിന്നാലെ 3 വിക്കറ്റുകൾ നഷ്ടമായി. ആ സമയത്ത് ഞങ്ങൾക്ക് സമ്മർദ്ദം ഉണ്ടായിരുന്നു. ആ സമയത്ത് 50നും 70നും ഇടയിലുള്ള ഒരു കൂട്ടുകെട്ടായിരുന്നു ഞങ്ങൾക്ക് ആവശ്യം. അതാണ് ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ചേർന്ന് ഞങ്ങൾക്ക് നൽകിയത്. എത്ര മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കുമ്പോഴും സാഹചര്യങ്ങൾ മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത്തരത്തിൽ സാഹചര്യങ്ങൾക്ക് അനുസൃതമായി കളിച്ചാൽ നമ്മുടെ ജോലിഭാരം വളരെ കുറവായിരിക്കും.”- രോഹിത് വെളിപ്പെടുത്തുകയുണ്ടായി.



